ഇനി ഗതാഗത നിയമങ്ങള്‍ പാലിച്ചില്ലെങ്കില്‍ കീശ കാലിയാകും ! വളവില്‍ ഒളിച്ചിരുന്ന് വാഹനയാത്രക്കാരെ പിടിക്കുന്ന പരിപാടി അവസാനിച്ചു; പുതിയ ‘പിഴയീടാക്കല്‍ പദ്ധതി’ ഇങ്ങനെ…

ഇനി ഗതാഗത നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് കിട്ടാന്‍ പോകുന്നത് എട്ടിന്റെ പണി. പോലീസിന്റെയും മോട്ടോര്‍വാഹന വകുപ്പിന്റെയും വാഹനപരിശോധന ഓണ്‍ലൈനായതോടെ നിയമം ലംഘിച്ചാല്‍ എപ്പോള്‍ വേണമെങ്കിലും പിടിക്കപ്പെടാം എന്ന സ്ഥിതിയാണുള്ളത്. പിഴയടയ്ക്കാനുള്ള സന്ദേശം മൊബൈല്‍ഫോണില്‍ വരുമ്പോള്‍ മാത്രമാകും പെട്ടകാര്യം തിരിച്ചറിയുക.

ഗതാഗത നിയമലംഘനങ്ങള്‍ക്ക് പിഴ ഈടാക്കാനുള്ള ഇ-ചെലാന്‍ സംവിധാനം വ്യാപകമായതോടെയാണ് ഈ മാറ്റം. റോഡിലെ വളവുകളില്‍ ഒളിഞ്ഞിരുന്ന് മുന്നിലേക്ക് ചാടിവീണ് പിടികൂടുന്ന പഴയ ശൈലിക്കുപകരം സ്മാര്‍ട്ട് ഫോണില്‍ കുറ്റകൃത്യങ്ങള്‍ പകര്‍ത്തി ഓണ്‍ലൈന്‍ ചെക്ക് റിപ്പോര്‍ട്ട് നല്‍കുകയാണ്.

അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ മുതല്‍ മുകളിലോട്ടുള്ള 900 എന്‍ഫോഴ്‌സ്‌മെന്‍് ഓഫീസര്‍മാരുടെയും മൊബൈല്‍ഫോണുകളില്‍ ഇ-ചെലാന്‍ പ്രവര്‍ത്തിക്കും.

യൂണിഫോമിട്ട് ഡ്യൂട്ടിയില്‍ നില്‍ക്കുമ്പോള്‍ മാത്രമല്ല, ഗതാഗത നിയമലംഘനങ്ങള്‍ എവിടെവെച്ച് കണ്ണില്‍പ്പെട്ടാലും പിഴചുമത്താം. മൊബൈല്‍ഫോണില്‍ ചിത്രമെടുത്താല്‍ മതി. പരിവാഹന്‍ വെബ്‌സൈറ്റുമായി ചേര്‍ന്നാണ് ഇത് പ്രവര്‍ത്തിക്കുന്നത്.

പിഴചുമത്തിയ കാര്യം അറിയിച്ചുകൊണ്ട് വാഹന ഉടമയുടെ മൊബൈല്‍ഫോണിലേക്ക് എസ്.എം.എസ്. എത്തും. ഹെല്‍മെറ്റ്, സീറ്റ് ബെല്‍റ്റ് എന്നിവ ഉപയോഗിക്കാതിരിക്കുക, നോ പാര്‍ക്കിങ്, വാഹനങ്ങളുടെ രൂപമാറ്റം, നമ്പര്‍ ബോര്‍ഡിലെ ക്രമക്കേടുകള്‍ എന്നിവയെല്ലാം പിഴനോട്ടീസായി മാറും.

പിഴടയ്ക്കാന്‍ 30 ദിവസം സമയം ലഭിക്കും. ഓണ്‍ലൈനിലും പിഴയടയ്ക്കാം. ഇല്ലെങ്കില്‍ ഓണ്‍ലൈനായി കോടതിയില്‍ കേസെത്തും.

ആദ്യപടിയായി വാഹനങ്ങളുടെ രൂപമാറ്റവും നമ്പര്‍ബോര്‍ഡിലെ ക്രമക്കേടുകളുമാണു പരിശോധിച്ചത്. ഇ-ചെലാനില്‍ ഇതുവരെ 28,000 പേര്‍ കുടുങ്ങി.

വീലുകള്‍, സൈലന്‍സര്‍ എന്നിവയില്‍ മാറ്റംവരുത്തിയ വാഹനങ്ങളും അനുവദനീയമല്ലാത്ത ലൈറ്റുകള്‍, ഹോണുകള്‍, കൂളിങ് ഫിലിം എന്നിവ ഉപയോഗിച്ചവര്‍ക്കുമാണ് പിഴചുമത്തിയത്.

എവിടെ വച്ചാണ് പിടിവീഴുക എന്ന് വാഹനയാത്രക്കാര്‍ക്ക് അറിയാനാകില്ല. അതിനാല്‍ തന്നെ എപ്പോഴും ഗതാഗത നിയമങ്ങള്‍ പാലിക്കേണ്ടത് ബാധ്യതയായി തീരുന്നു. ‘സേഫ് കേരള’യുടെ 24 മണിക്കൂര്‍ സ്‌ക്വാഡുകള്‍കൂടി നിരത്തിലിറങ്ങിയാല്‍ പരിശോധന കൂടുതല്‍ കര്‍ശനമാകും.

പരിശോധന കര്‍ക്കശമായതോടെ ഈടാക്കുന്ന പിഴയുടെ 30 ശതമാനം ഉദ്യോഗസ്ഥര്‍ക്കാണെന്ന വിധത്തില്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചാരണമുണ്ട്.

ഇതു തെറ്റാണെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറേറ്റ് അറിയിച്ചു. പിഴത്തുക പൂര്‍ണമായും ട്രഷറിയിലേക്കാണു പോകുന്നത്. എന്തായാലും വരും ദിവസങ്ങളില്‍ സൂക്ഷിച്ച് വണ്ടിയോടിച്ചില്ലെങ്കില്‍ കീശ കാലിയാവുമെന്ന് ചുരുക്കം.

Related posts

Leave a Comment