സഹോദരിക്ക് വിവാഹാശംസകൾ നേർന്ന് നടി രജിഷ വിജയൻ കുറിച്ച വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. കഴിഞ്ഞ ദിവസമായിരുന്നു രജിഷയുടെ സഹോദരി അഞ്ജുഷ വിജയന്റെ വിവാഹം. ‘‘കണ്ണടച്ചു തുറക്കുന്ന വേഗത്തിലാണ് എന്റെ ഈ കുഞ്ഞു കുട്ടി ഒരു വധുവായി മാറിയത്. നീ എപ്പോഴും എന്റെ ഡോളാണ്!’’
ഏറെ മനോഹരമായ വിവാഹചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് രജിഷ കുറിച്ചു. താരങ്ങളും ആരാധകരുമടക്കം നിരവധി പേരാണ് അഞ്ജുഷയ്ക്ക് ആശംസകളുമായി രംഗത്തെത്തുന്നത്. അച്യുതൻ സുരേഷ് ആണ് അഞ്ജുഷയുടെ വരൻ.
ടെലിവിഷൻ അവതാരകയായി കരിയർ ആരംഭിച്ച് പിന്നീട് വെള്ളിത്തിരയിലേക്ക് ചുവടുവച്ച താരമാണ് രജിഷ. ‘അനുരാഗ കരിക്കിൻ വെള്ളം’ എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമയിലേക്കുള്ള അരങ്ങേറ്റം. ആദ്യചിത്രത്തിലൂടെ രജിഷയെ തേടി 2016ലെ മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡും എത്തി. പിന്നീട് 2019ൽ പുറത്തിറങ്ങിയ ‘ജൂൺ’ എന്ന ചിത്രത്തിലെ ടൈറ്റിൽ റോൾ രജിഷയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ വഴിത്തിരിവായി മാറി.
മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷാചിത്രങ്ങളിലും തന്റെ ശക്തമായ സാന്നിധ്യം അറിയിക്കാൻ രജിഷയ്ക്ക് കഴിഞ്ഞു. മാരി സെൽവരാജ് സംവിധാനം ചെയ്ത ‘ബൈസൺ’ ആണ് രജിഷയുടേതായി ഒടുവിൽ പുറത്തിറങ്ങിയ തമിഴ് ചിത്രം. ‘മസ്തിഷ്ക മരണം’ എന്ന ചിത്രത്തിൽ നായികയായെത്തിയ രജിഷയുടെ പ്രകടനവും ഏറെ ശ്രദ്ധനേടിയിരുന്നു.
