ഒരു എഴുത്തുകാരനെയും സൃഷ്ടിക്കാന്‍ സോഷ്യല്‍ മീഡിയക്ക് കഴിയില്ലെന്ന് പ്രശസ്ത നോവലിസ്റ്റ് എം.മുകുന്ദന്‍

KNR-MMUKUNDANവടകര: ജാതി ചിന്ത ജീവിതത്തെയും എഴുത്തിനെയും പിടിമുറുക്കിയിരിക്കുകയാണെന്നു പ്രശസ്ത നോവലിസ്റ്റ് എം.മുകുന്ദന്‍. വടകരയിലെ മുതിര്‍ന്ന എഴുത്തുകാരനും സാംസ്—കാരിക പ്രവര്‍ത്തകനുമായ കെ.കുഞ്ഞനന്തന്‍ നായരുടെ “നിഴലുകള്‍’ എന്ന നോവല്‍ ടി.രാജന് നല്‍കി പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കടലാസിനെ സംരക്ഷിക്കുകയാണ് നമ്മുടെ പുതിയ ഉത്തരവാദിത്വമെന്ന് മുകുന്ദന്‍ പറഞ്ഞു. കടലാസിലാണ് എല്ലാം അടയാളപ്പെടുത്തിയത്. കടലാസ് മരിച്ചാല്‍ നമ്മുടെ ഭൂതകാലം മരിക്കും. മരങ്ങളും നദിയും തോടും പുഴയുമൊക്കെ സംരക്ഷിക്കാനുള്ള ബാധ്യതയാണ് നമുക്കുള്ളത്.

സോഷ്യല്‍ മീഡിയ വലിയ സ്വാധീനമാണ് സമൂഹത്തില്‍ ചെലുത്തുന്നതെന്നും അസഭ്യം പറയുന്ന ഇടമായി സോഷ്യല്‍ മീഡിയ മാറുന്നുണ്ടോയെന്ന് പരിശോധിക്കണമെന്നും മുകുന്ദന്‍ പറഞ്ഞു. ഒരു എഴുത്തുകാരനെയും സൃഷ്ടിക്കാന്‍ സോഷ്യല്‍ മീഡിയക്ക് കഴിയില്ല, എന്നാല്‍ നശിപ്പിക്കാന്‍ കഴിയും.

ജാതിയും മതവുമില്ലാത്ത മനുഷ്യരെയായിരുന്നു എന്നെപ്പോലുള്ള എഴുത്തുകാര്‍ നോവലുകളില്‍ സൃഷ്ടിച്ചതെങ്കില്‍ ഇന്നു ജാതി ചിന്ത പിടിമുറുക്കിയിരിക്കുകയാണെന്നും മുകുന്ദന്‍ കൂട്ടിച്ചേര്‍ത്തു. കേളു ഏട്ടന്‍ സ്മാരകത്തില്‍ നടന്ന ചടങ്ങില്‍ പ്രൊഫ. കടത്തനാട്ട് നാരായണന്‍ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍മാന്‍ കെ.ശ്രീധരന്‍, രാജേന്ദ്രന്‍ എടത്തുംകര, എന്‍.രാജന്‍, മിനി, സുധീര്‍ ചന്ദ്രന്‍, അനില്‍ ആയഞ്ചേരി, കെ.സി.പവിത്രന്‍ എന്നിവര്‍ സംസാരിച്ചു.

Related posts