2017 ല്‍ 111 അടിയായിരുന്ന വെള്ളം ഈ വര്‍ഷം 136 അടി! വെള്ളം എടുക്കുന്നതും കുറച്ച് വിട്ടുവീഴ്ചയില്ലാത്ത നടപടികളുമായി തമിഴ്‌നാടും; മലയാളിയുടെ നെഞ്ചിടിപ്പ് കൂട്ടി മുല്ലപ്പെരിയാര്‍

പ്രതീക്ഷിച്ചതിലും വളരെ കൂടുതലാണ് ഇത്തവണത്തെ കാലവര്‍ഷം. ഒരുവിധം അണക്കെട്ടുകളെല്ലാം നിറഞ്ഞിരിക്കുന്നു. എന്നാല്‍ കാലവര്‍ഷക്കെടുതികള്‍ക്കെല്ലാമുപരിയായി മുല്ലപ്പെരിയാര്‍ അണക്കെട്ടാണ് മലയാളികളെ ഭീതിയിലാഴ്ത്തിക്കൊണ്ടിരിക്കുന്നത്.

ഏഷ്യന്‍ രാജ്യമായ ലാവോസില്‍ നിര്‍മാണത്തിലിരുന്ന അണക്കെട്ടു തകര്‍ന്ന് നൂറു കണക്കിന് ആളുകള്‍ ഒലിച്ചുപോയെന്ന വാര്‍ത്ത മലയാളികള്‍ നെഞ്ചിടിപ്പോടെയാണ് കേട്ടത്. കാരണം, 132 വര്‍ഷത്തോളം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷ സംബന്ധിച്ച സംശയങ്ങളാണ് ഈ മഴക്കാലത്ത് ജനങ്ങളുടെ ഉറക്കം കെടുത്തുന്നത്. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഇപ്പോള്‍ 136 അടിയോട് അടുക്കുകയാണെന്ന വാര്‍ത്തയും ഭീതിയുടെ ആഴം കൂട്ടുന്നു.

142 അടി വരെ വെള്ളം സംഭരിക്കുന്നതിന് തമിഴ്നാടിനെ അനുവദിച്ച് സുപ്രീംകോടതി 2014 ല്‍ അന്തിമ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഉയരം കൂട്ടാന്‍ അനുവദിച്ചുള്ള 2006 ലെ ഉത്തരവിനെ മറികടക്കാന്‍ കേരള ഇറിഗേഷന്‍ വാട്ടര്‍ കണ്‍സര്‍വേഷന്‍ ആക്ട് പാസാക്കിയ കേരളത്തിന്റെ നടപടി ഭരണഘടനാ വിരുദ്ധമാണെന്നു വിലയിരുത്തിയ കോടതി 142 അടിയാക്കി ഉയര്‍ത്തിയ ഉത്തരവ് ശരിവയ്ക്കുകയായിരുന്നു. ഇതിന്റെ ബലത്തിലാണ് തമിഴ്നാട് ഈ മഴ അനുകൂല വര്‍ഷത്തില്‍ 142 അടിവരെ ജലനിരപ്പ് ഉയര്‍ത്താന്‍ ശ്രമിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഈ സമയത്ത് ജലനിരപ്പ് 111 അടി മാത്രമായിരുന്നു.

കേരളത്തിലെ ജനങ്ങളുടെ സുരക്ഷ കേരളത്തിന്റെ ഉത്തരവാദിത്തമാണെന്ന നിലപാടാണ് ഇപ്പോള്‍ അയല്‍ സംസ്ഥാനത്തിന്റേത്. കനത്ത മഴയെ തുടര്‍ന്ന് ജലനിരപ്പ് 136 അടിയോട് അടുക്കുന്നതിനു മുന്നോടിയായി കേരളത്തിലെയും തമിഴ്നാട്ടിലെയും ഉദ്യോഗസ്ഥരുടെ സംയുക്ത യോഗം തേക്കടിയില്‍ ചേര്‍ന്നിരുന്നു. തമിഴ്നാട് തങ്ങളുടെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് വെളിപ്പെടുത്തിയത് ആ യോഗത്തിലാണ്.

ഇതിനെ തുടര്‍ന്ന് തമിഴ്നാട് വെള്ളം എടുക്കുന്ന തോതും കുറച്ചു. സെക്കന്‍ഡില്‍ 2300 ക്യുബിക് അടി എടുത്തിരുന്ന സ്ഥാനത്ത് ഇപ്പോള്‍ രണ്ടായിരം മാത്രം. ഡാമില്‍ പെട്ടെന്നു ജലനിരപ്പ് ഉയര്‍ന്നാല്‍ ഏതൊക്കെ ഷട്ടറുകളാണു തുറക്കേണ്ടതെന്നതു സംബന്ധിച്ച ഓപ്പറേറ്റിങ് മാനുവല്‍ (പ്രവര്‍ത്തന രേഖ) കാണണമെന്ന കേരള സംഘത്തിന്റെ ആവശ്യവും തമിഴ്നാട് നിരാകരിക്കുകയാണുണ്ടായത്.

Related posts