ആലുവ: പെണ്‍സുഹൃത്തിനൊപ്പം പെരിയാറില്‍ നീന്തുന്നതിനിടെ മരിച്ച യുവാവിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ഇന്ന് ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. പാലക്കാട് ചെര്‍പ്പുളശേരി സ്വദേശി അല്‍ത്താഫ് ഹുസൈന് (24) ആണ് മരിച്ചത്.
അല്‍ത്താഫും പെണ്‍സുഹൃത്തും ഇന്നലെ സന്ധ്യയ്ക്കാണ് ആലുവ ദേശം കടവില്‍ കുളിക്കാനിറങ്ങിയത്. മലേഷ്യയില്‍ ജോലി ചെയ്യുന്ന യുവാവ് നാട്ടിലെത്തിയപ്പോള്‍ തൃക്കാക്കരയില്‍ ഹോസ്റ്റലില്‍ കഴിയുന്ന പെണ്‍സുഹൃത്തുമായി ബൈക്കില്‍ വിവിധയിടങ്ങള്‍ കാണാനെത്തിയതിന്റെ ഭാഗമായാണ് ഇന്നലെ വൈകിട്ട് 6.30 ഓടെ ആലുവ ദേശം കടവില്‍ കുളിക്കാനിറങ്ങിയത്.
അല്‍ത്താഫാണ് ആദ്യം ചുഴിഭാഗത്തേക്ക് അറിയാതെ നീങ്ങിയത്. പിന്നാലെ പെണ്‍കുട്ടിയും പിന്തുടര്ന്നു. വെള്ളത്തില്‍ താഴ്ന്ന പെണ്‍കുട്ടിയെ പുഴയിലുണ്ടായിരുന്ന മറ്റൊരു യുവാവ് രക്ഷിച്ച് കരയ്ക്ക് കയറ്റിയപ്പോഴാണ് തന്റെ കൂടെ സുഹൃത്ത് കൂടിയുണ്ടെന്ന് പെണ്‍കുട്ടി പറയുന്നത്. എന്നാല്‍ അല്‍ത്താഫ് ഒഴുക്കില്പ്പെട്ടുപോയിരുന്നു.
തുടര്‍ന്ന് ഫയര്‍ഫോഴ്സിന് വിവരം നല്കി. ഇവര്‍ ഒളിയന്നൂര്-കുഞ്ഞുണ്ണിക്കര സ്കൂബാ ടീമിനെ വിളിച്ചു വരുത്തി രാത്രിയോടെ മൃതദേഹം മുങ്ങിയെടുത്തുവെങ്കിലും മരണം സംഭവിച്ചിരുന്നു. ഇരുവരും സോഷ്യല്‍ മീഡിയ വഴി സൗഹൃദത്തിലായവരാണ്.
