മട്ടന്നൂർ: റെവല്യൂഷണറി സോഷ്യലിസ്റ്റ് പാർട്ടി (ആർഎസ്പി) യുടെ പേരിൽ അനധികൃത പണപ്പിരിവ് നടക്കുന്നതായി പരാതി. ഔദ്യോഗിക എംബ്ലവും ചിഹ്നവും നോട്ടീസും ഉപയോഗിച്ച് അനധികൃത പണപ്പിരിവ് നടക്കുന്നതായി ആർഎസ്പി ജില്ലാ സെക്രട്ടറി പി. വിജിത്ത് കുമാർ സിറ്റി പൊലിസ് കമ്മിഷണർക്ക് പരാതി നൽകി.
ആർഎസ്പി ലെനിനിസ്റ്റ് സംസ്ഥാന കമ്മിറ്റി എന്ന പേരിൽ വ്യാജ രസീതി ഉപയോഗിച്ച് കണ്ണൂർ ജില്ലയിലെ വനംവകുപ്പ് ഓഫിസുകൾ കേന്ദ്രീകരിച്ചാണ് പണപ്പിരിവ് നടക്കുന്നത്.
ഇരിട്ടി വനം വകുപ്പിന്റെ വൈൽഡ് ലൈഫ് ഓഫിസിൽ നിന്ന് ഒരാൾക്ക് ഇത്തരത്തിൽ നോട്ടീസും രസീതും നൽകിയതായി പരാതിയിൽ പറയുന്നു.
സംഭവത്തിന് പിന്നിലുള്ളവർക്കെതിരേ നിയമ നടപടി സ്വീകരിക്കണമെന്ന് ആർഎസ്പി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
