സൗമ്യയെ കാണാന്‍ പിണറായിയിലെ വീട്ടില്‍ വന്നിരുന്ന ആ വെള്ള കാറിന്റെ ഉടമ ആരാണ് ? ഉപയോഗിച്ചിരുന്ന ഫോണ്‍ മാതാപിതാക്കള്‍ കൊല്ലപ്പെട്ട ശേഷം മാറ്റിയിരുന്നതായി സൂചന, പിണറായിയിലെ കൊലപാതകത്തില്‍ നാട്ടുകാരുടെ സംശയം തീരുന്നില്ല

കണ്ണൂര്‍ പിണറായി വണ്ണത്താന്‍ വീട്ടിലെ നാലു കൊലപാതകങ്ങള്‍ക്ക് പാതി ഉത്തരമായെങ്കിലും നാട്ടുകാരുടെ മനസില്‍ ഇപ്പോഴും ചില സംശയങ്ങള്‍ അവശേഷിക്കുന്നുണ്ട്. കസ്റ്റഡിയിലുള്ള സൗമ്യയുടെ പൂര്‍വകാല ചരിത്രവും ബന്ധങ്ങളും ഈ നാട്ടുകാര്‍ക്ക് നേരത്തെ തന്നെ അറിയാമായിരുന്നു. സൗമ്യയുടെ മൊഴികള്‍ പുറത്തു വന്നെങ്കിലും അവര്‍ ഒറ്റയ്ക്കാണ് ഈ കൃത്യങ്ങള്‍ നടത്തിയതെന്ന കാര്യത്തില്‍ പലര്‍ക്കും അത്ര വിശ്വാസം പോരാ.

സൗമ്യയുടെ മാതാപിതാക്കളുടെ ശരീരത്ത് അമോണിയയുടെ അംശം ഉണ്ടായിരുന്നുവെന്ന കാര്യം തന്നെ നാട്ടുകാരുടെ സംശയത്തിന് ഒരു കാരണം. എട്ടാം ക്ലാസില്‍ പഠിത്തം നിര്‍ത്തിയ, ശാസ്ത്രീയ വിഷയങ്ങൡ ഒരു ഗ്രാഹ്യവും ഇല്ലാത്ത സൗമ്യ എങ്ങനെ അമോണിയയെപ്പറ്റി അറിവു നേടിയെന്ന കാര്യവും സംശയകരമാണ്.

സൗമ്യയെ തേടി വലിയ വെള്ളക്കാറില്‍ മധ്യവയസ്‌കനായ ഒരാള്‍ ഇടയ്ക്കിടെ വരാറുണ്ടെന്ന് അയല്‍ക്കാരില്‍ ചിലര്‍ പറഞ്ഞിരുന്നു. ആരായിരുന്നു വന്നതെന്നോ എന്തിനാണെന്നോ അവര്‍ക്കും അത്ര ഉറപ്പു പോരാ. സൗമ്യ ഇതേപ്പറ്റി ഒന്നും തന്നെ പറഞ്ഞിരുന്നില്ലെന്ന് അയല്‍ക്കാരായ സ്ത്രീകള്‍ പറയുന്നു.

കുഞ്ഞിക്കണ്ണന്‍ മരിച്ചശേഷം ഇയാള്‍ ഒരിക്കല്‍പ്പോലും ഇവിടെ വന്നതായി നാട്ടുകാര്‍ക്കും ഓര്‍മയില്ല. എന്നാല്‍ സൗമ്യ ഇതിനുശേഷം പലപ്പോഴും യാത്രകളിലായിരുന്നു താനും.

വിലയേറിയ ഫോണായിരുന്നു സൗമ്യ ഉപയോഗിച്ചിരുന്നത്. ഇടയ്ക്ക് സിം മാറുന്ന പതിവും ഇവര്‍ക്കുണ്ടായിരുന്നു. അനാവശ്യ ഫോണ്‍കോളുകള്‍ വരുന്നതിനാലാണ് ഇതെന്നാണ് അവര്‍ പറഞ്ഞിരുന്നത്. മാതാപിതാക്കള്‍ മരിച്ചശേഷം ഇവര്‍ ഫോണ്‍ മാറുകയും ചെയ്തു. അയല്‍വക്കത്തെ പെണ്‍കുട്ടികളെ ഫോണ്‍ കാണിക്കുകയും ചെയ്തിരുന്നു.

ഈ ഫോണില്‍ നിന്ന് പക്ഷേ വൈക്കത്ത് താമസിച്ചിരുന്ന സഹോദരിയെ വിളിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്. അതേസമയം, സൗമ്യക്ക് ഇരിട്ടിക്കു പുറമെ പറശിനിക്കടവ് പരിസരത്തും ഇടപാടുകാരുള്ളതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

തലശേരി, ഇരിട്ടി, പറശിനിക്കടവ് എന്നിവിടങ്ങളില്‍ നിന്നും സൗമ്യയുമായി ബന്ധപ്പെട്ടിരുന്നവരുടെ വിശദ വിവരങ്ങള്‍ പോലീസ് ശേഖരിച്ചു വരികയാണ്. സൗമ്യയുടെ ബന്ധുക്കളുടെ മൊഴി പോലീസ് സംഘം ഇന്നലേയും രേഖപ്പെടുത്തിയിട്ടുണ്ട്.

ശാന്തയായി വളരെ സാവധാനം പോലീസ് ഉദ്യോഗസ്ഥരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്ന സൗമ്യ അന്വേഷണത്തോട് നന്നായി സഹകരിക്കുന്നുണ്ട്. രണ്ട് ദിവസമായി സൗമ്യ പോലീസ് കസ്റ്റഡിയിലാണെങ്കിലും സൗമ്യയെ കാണാന്‍ ബന്ധുക്കളാരും ഇതു വരെ താല്‍പര്യം പ്രകടിപ്പിച്ചിട്ടില്ല.

ഇതിനിടയില്‍ കേസ് ക്രൈബ്രാഞ്ചിന് കൈമാറാനുള്ള നീക്കവും ഊര്‍ജിതമായി നടക്കുന്നുണ്ട്. ഡിവൈഎസ്പി രഘുരാമന്റെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് സംഘം ഇന്ന് വീണ്ടും തലശേരിയിലെത്തി സൗമ്യയെ ചോദ്യം ചെയ്യും.

Related posts