ഐഎസ്ആര്‍ഒ ചാരക്കേസില്‍ നമ്പി നാരായണന് നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീം കോടതി; ക്രയോജനിക് സാങ്കേതിക വിദ്യ റഷ്യയില്‍ നിന്നും സ്വീകരിക്കാതിരിക്കാന്‍ അമേരിക്ക നടത്തിയ ഗുഢാലോചനയുടെ ഇര !

ന്യൂഡല്‍ഹി: ഐഎസ്ആര്‍ഒ ചാരക്കേസില്‍ കുറ്റാരോപിതനായ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന് നഷ്ടപരിഹാരം നല്‍കണമെന്ന സുപ്രീം കോടതി വിധി പല ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരവും ചില ചോദ്യങ്ങള്‍ക്കുള്ള കാരണവുമാണ്.

കുറ്റക്കാരനല്ലെന്ന കോടതി വിധിപുറത്ത് വന്നതിന് പിന്നാലെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് നമ്പി നാരായണന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുമ്പോഴാണ് സുപ്രീംകോടതി ഇക്കാര്യം വ്യക്തമാക്കിയത്.

കേസ് അന്വേഷിച്ച ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി, ഗൂഢാലോചനയില്‍ അന്വേഷണം തുടങ്ങിയ ആവശ്യങ്ങളായിരുന്നു നമ്പി നാരായണന്‍ ഹര്‍ജിയില്‍ ഉന്നയിച്ചത്. ഉന്നത പദവിയില്‍ ഇരുന്ന ഒരു ശാസ്ത്രജ്ഞനെതിരേയാണ് ആരോപണം ഉന്നയിക്കപ്പെട്ടതെന്നും സംശയത്തിന്റെ പേരിലാണ് അറസ്റ്റ് ചെയ്തതിനാല്‍ നഷ്ടപരിഹാരം അര്‍ഹിക്കുന്നില്ലേ എന്നുമായിരുന്നു കേസ് വാദം കേള്‍ക്കുന്നതിനിടയില്‍ ചീഫ് ജസ്റ്റീസ് ദീപക് മിശ്ര ചോദിച്ചത്.

നഷ്ടപരിഹാരത്തേക്കാള്‍ കേസ് അന്വേഷിച്ച സിബിമാത്യൂസ്, എസ് വിജയന്‍ എന്നിവര്‍ക്കെതിരേ നടപടിവേണമെന്നായിരുന്നു ഹര്‍ജിയില്‍ ഉന്നയിച്ചിരുന്ന ആവശ്യം. നേരത്തേ ഈ ഹര്‍ജി ഹൈക്കോടതി റദ്ദാക്കിയ സാഹചര്യത്തിലാണ് നമ്പി നാരായണന്‍ സുപ്രീംകോടതിയില്‍ എത്തിയത്.

1992ലാണ് കേസിനാസ്പദമായ സംഭവങ്ങള്‍ തുടങ്ങുന്നത്. തിരുവനന്തപുരം ഐഎസ്ആര്‍ഒയിലെ ഉദ്യോഗസ്ഥരായിരുന്ന ഡോ.ശശികുമാരനും ഡോ.നമ്പിനാരായണനും ചേര്‍ന്ന് മറിയം റഷീദ എന്ന മാലി സ്വദേശിനി വഴി ഇന്ത്യയുടെ ബഹിരാകാശ പരിപാടിയുടെ രഹസ്യങ്ങള്‍ വിദേശികള്‍ക്ക് ചോര്‍ത്തി നല്‍കി എന്നതായിരുന്നു ആരോപണം.

എന്നാല്‍ റഷ്യന്‍ സാങ്കേതിക വിദ്യ ഇന്ത്യയ്ക്ക് ലഭിക്കാതിരിക്കാന്‍ അമേരിക്ക കളിച്ച കളിയാണ് ഇത്തരമൊരു കഥയ്ക്കു പിന്നിലെന്ന് പരക്കെ വിലയിരുത്തപ്പെടുന്നു.

235 കോടി രൂപയ്ക്ക് റഷ്യയില്‍ നിന്ന് ക്രയോജനിക് സാങ്കേതിക വിദ്യ വാങ്ങാന്‍ ഇന്ത്യ ധാരണയിലെത്തിയിരുന്നു. എന്നാല്‍ ഇതേ സമയത്ത് തന്നെ സമാനമായ സാങ്കേതിക വിദ്യ അമേരിക്കയും ഫ്രാന്‍സും ഇന്ത്യയ്ക്ക് വാഗ്ദാനം ചെയ്തിരുന്നു. സാങ്കേതിക വിദ്യ കൈമാറുന്നതിനായി അമേരിക്ക ആവശ്യപ്പെട്ടത് 950 കോടിയും ഫ്രാന്‍സ് ആവശ്യപ്പെട്ടത് 650 കോടിയും ആയിരുന്നു.

ഈ ഓഫര്‍ നിരസിച്ച് താരതമ്യേന കുറഞ്ഞ തുകയില്‍ റഷ്യയില്‍ നിന്ന് ക്രയോജനിക് സാങ്കേതിക വിദ്യ വാങ്ങാന്‍ ശ്രമിച്ചത് ഇരു രാജ്യങ്ങളെയും ചൊടിപ്പിച്ചു. ഈ രാജ്യങ്ങള്‍ നടത്തിയ ഗൂഢാലോചനയാണ് കേസിനു പിന്നിലെന്നാണ് വിലയിരുത്തപ്പെടുന്നത്.

മാധ്യമങ്ങളുടെ അനാവശ്യ ഇടപെടലുകള്‍ കേസ് ആളിക്കത്തുന്നതില്‍ നിര്‍ണായ പങ്കു വഹിക്കുകയും ചെയ്തു. ഈ കേസ് ആദ്യം അന്വേഷിച്ച സിബി മാത്യൂസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കുറ്റാരോപിതര്‍ കളങ്കിതരാണെന്നു കണ്ടെത്തിയതായി അവകാശപ്പെട്ടുവെങ്കിലും തെളിവു ഹാജരാക്കാന്‍ കഴിഞ്ഞില്ല.

പിന്നീട് സിബിഐ നടത്തിയ അന്വേഷണത്തില്‍ തെളിവുകളുടെ അഭാവത്തില്‍ 1998ല്‍ കേസ് എഴുതിത്തള്ളുകയാണുണ്ടായത്. പിന്നീട് കേരളാ ഹൈക്കോടതി 2001ല്‍ നഷ്ടപരിഹാരമായി പത്ത് ലക്ഷം രൂപ നമ്പി നാരായണന് നല്‍കുകയും ചെയ്തു.

2013ല്‍ ഒരു മാധ്യമ ചര്‍ച്ചയില്‍ ഈ ഗൂഢാലോചനയുടെ പിന്നിലുള്ളവരെ പുറത്തുകൊണ്ടുവരാന്‍ താന്‍ ആഗ്രഹിക്കുന്നതായി നമ്പി നാരായണന്‍ പറഞ്ഞിരുന്നു. ഇത്തരം കേസുകള്‍ യുവതലമുറയുടെ ധൈര്യം ചോര്‍ത്തിക്കളയുന്നതാണെന്നും അന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. തുടര്‍ന്നാണ് കോടതി നടപടികളുമായി നീങ്ങുന്നതും ഇപ്പോള്‍ ഇങ്ങനെയൊരു വിധി സമ്പാദിക്കുന്നതിലേക്ക് കാര്യങ്ങള്‍ എത്തിച്ചേര്‍ന്നതും.

Related posts