നാനോ ഉപയോക്താക്കളുടെ ശ്രദ്ധയ്ക്ക് ! ഒമ്പതു മാസം മുമ്പ് നിര്‍മാണം അവസാനിപ്പിച്ചു; ഈ വര്‍ഷം ആകെ വിറ്റത് ഒരേയൊരു നാനോ; കാരണം ഇതാണ്…

വാഹനവിപണിയില്‍ വിപ്ലവം സൃഷ്ടിച്ചുകൊണ്ടായിരുന്നു നാനോയുടെ രംഗപ്രവേശം. ഒരു ലക്ഷം രൂപയ്ക്ക് ഒരു കാര്‍ എന്ന ആശയവുമായി രത്തന്‍ ടാറ്റ കളത്തിലിറങ്ങിയപ്പോള്‍ ജനം ആവേശപൂര്‍വം നാനോയെ വരവേറ്റു. എന്നാല്‍ ചരിത്രം സൃഷ്ടിച്ച ഈ കുഞ്ഞന്‍ കാറിന്റെ ഇന്നത്തെ അവസ്ഥ അത്ര നല്ലതല്ല. ഒമ്പതു മാസം മുമ്പുതന്നെ കമ്പനി നാനോയുടെ നിര്‍മാണം അവസാനിപ്പിച്ചിരുന്നു. മാത്രമല്ല നിലവിലുള്ള സ്റ്റോക്കില്‍ നിന്ന് ഈ വര്‍ഷം ആകെ വിറ്റുപോയത് ഒരേയൊരു നാനോയാണ്.

കഴിഞ്ഞ ഫെബ്രുവരിയിലാണ് അവസാന നാനോ നിരത്തിലെത്തിയത്. നിര്‍മാണം അവസാനിപ്പിച്ചതാണ് ടാറ്റ നാനോയുടെ വില്‍പ്പന കുറയാന്‍ കാരണമെന്നാണ് വിലയിരുത്തലുകള്‍. എന്നാല്‍, ഉത്പാദനം അവസാനിപ്പിക്കുന്നതായി ഔദ്യോഗിക അറിയിപ്പുകളൊന്നും ടാറ്റ ഇതുവരെ നടത്തിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയില്‍ നടപ്പാക്കാനൊരുങ്ങുന്ന സുരക്ഷ മാനദണ്ഡങ്ങളും ബിഎസ്-6 എന്‍ജിനും നിലവിലുള്ള നാനോയില്‍ പ്രായോഗികല്ലെന്ന് ടാറ്റ തന്നെ അറിയിച്ചിരുന്നു.

അതേസമയം, 2018 ജനുവരി മുതല്‍ സെപ്റ്റംബര്‍ വരെ നാനോയുടെ ഉത്പാദനവും വില്‍പ്പനയും നടന്നിരുന്നു. 624 സിസി രണ്ട് സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനിലാണ് ടാറ്റ നാനോ നിരത്തിലെത്തിച്ചത്. 37 ബിഎച്ച്പി കരുത്തും 51 എന്‍എം ടോര്‍ക്കുമാണ് എന്‍ജിന്‍ ഉത്പാദിപ്പിച്ചിരുന്നത്. നാല് സ്പീഡ് ട്രാന്‍സ്മിഷനില്‍ നല്‍കിയിരുന്ന ഈ വാഹനം 22 കിലോമീറ്റര്‍ മൈലേജാണ് വാഗ്ദാനം ചെയ്തിരുന്നത്. നാനോയുടെ ഉത്പാദനം നിലച്ചാല്‍ വണ്ടിയുടെ സ്‌പെയര്‍ പാര്‍ട്‌സ് കിട്ടാന്‍ പാടാകുമെന്ന ചിന്തയാണ് ആളുകളെ നാനോയില്‍ നിന്ന് അകറ്റുന്നത് എന്നാണ് കരുതുന്നത്.

Related posts