ഇനി ജയിലില്‍ നിന്ന് നല്ല ഗ്ലാമറായി പുറത്തിറങ്ങാം ! പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിര്‍മിച്ചിരിക്കുന്ന ‘ഫ്രീഡം ലുക്ക്‌സ്’ ബ്യൂട്ടി പാര്‍ലറിന്റെ വിശേഷങ്ങള്‍ ഇങ്ങനെ…

ജയില്‍ ചപ്പാത്തിയ്ക്കും ബിരിയാണിയ്ക്കും പിന്നാലെ ജയില്‍ വകുപ്പിനു കീഴില്‍ ബ്യൂട്ടി പാര്‍ലറും വരുന്നു. പാലിയേറ്റീവ് കെയര്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങളോടെയാണ് ബ്യൂട്ടിപാര്‍ലര്‍ നിര്‍മ്മിച്ചിട്ടുള്ളത്. ഫ്രീഡം ലുക്ക്‌സ് എന്ന് പേരിട്ടിരിക്കുന്ന ബ്യൂട്ടി പാര്‍ലര്‍ സര്‍ക്കാര്‍ അംഗീകൃത ബ്യൂട്ടീഷ്യന്‍ കോഴ്‌സ് പാസായിട്ടുള്ള ആറ് അന്തേവാസികളുടെ മേല്‍നോട്ടത്തിലാണ് പ്രവര്‍ത്തിക്കുക.

ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങുന്നവരെ തൊഴിലെടുത്തു ജീവിക്കാന്‍ പ്രാപ്തരാക്കുകയാണ് പദ്ധതിയുടെ പ്രാഥമിക ലക്ഷ്യം. ജയില്‍ വകുപ്പിന്റെ കീഴില്‍ പുരുഷന്‍മാര്‍ക്കായി ആരംഭിച്ച ബ്യൂട്ടി പാര്‍ലറിന്റെ ഉദ്ഘാടനം ഡിജിപി ഋഷിരാജ് സിംഗും ആര്‍ ശ്രീലേഖ ഐപിഎസും ചേര്‍ന്ന് നിര്‍വഹിച്ചു. വിവിധതരം ഫേഷ്യല്‍, ഹെയര്‍ ഡ്രസ്സിംഗ്, ഫേഷ്യല്‍ മസ്സാജിങ്, ഷേവിങ്, ഹെന്ന, ഹെയര്‍ കളറിങ് എന്നിവ ശീതീകരിച്ച റൂമില്‍ മിതമായ നിരക്കില്‍ ചെയ്ത് നല്‍കും.

ഷേവിങ്, നഖം വെട്ടല്‍, മുടിമുറിക്കല്‍ എന്നിവ സ്വന്തമായി ചെയ്യാന്‍ കഴിയാത്ത വൃദ്ധജനങ്ങള്‍ക്ക് ഈ സേവനങ്ങളും ഇവിടെ നിന്ന് ലഭിക്കും. ആദ്യഘട്ടത്തില്‍ സേവനം പുരുഷന്മാര്‍ക്ക് മാത്രമാണെങ്കിലും വൈകാതെ ലേഡീസ് ബ്യൂട്ടി പാര്‍ലറും തുറക്കുമെന്ന് ആര്‍ ശ്രീലേഖ ഐപിഎസ് പറഞ്ഞു. കുട്ടികള്‍ക്കും പ്രായമായവര്‍ക്കും പ്രത്യേകം സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പൂജപ്പുര കരമന റോഡില്‍ പരീക്ഷ ഭവനോട് ചേര്‍ന്നാണ് ഫ്രീഡം ലുക്ക്‌സ് പാര്‍ലര്‍. രാവിലെ എട്ട് മുതല്‍ വൈകിട്ട് എട്ട് മണിവരെയാണ് പ്രവര്‍ത്തനം. എന്തായാലും നല്ല ഗ്ലാമറായി ജയിലിനു പുറത്തെത്താമെന്നു ചുരുക്കം.

Related posts