അണികള്‍ പിരിച്ച് നിര്‍മിച്ച കോണ്‍ഗ്രസ് പാര്‍ട്ടി ഓഫീസ് മണ്ഡലം പ്രസിഡന്റും മുന്‍ പ്രസിഡന്റും കൊണ്ടുപോയെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍, പോസ്റ്റ് വൈറലായപ്പോള്‍ അണികള്‍ ഉണര്‍ന്നു

അണികള്‍ പിരിവെടുത്തു നിര്‍മിച്ച കോണ്‍ഗ്രസ് ഓഫീസ് മണ്ഡലം പ്രസിഡന്റും ശിങ്കിടികളും സ്വന്തമാക്കിയെന്ന വിമര്‍ശനവുമായി പാര്‍ട്ടി പ്രവര്‍ത്തകന്റെ പോസ്റ്റ്. ഇടുക്കി ജില്ലയിലെ കഞ്ഞിക്കുഴിയിലാണ് സംഭവം. പാര്‍ട്ടി പ്രവര്‍ത്തകനായ ബിനോയി വര്‍ക്കി എന്നയാളാണ് നേതൃത്വത്തെ വിമര്‍ശിച്ച് രംഗത്തെത്തിയത്. ബിനോയി ഫേസ്ബുക്കിലിട്ട പോസ്റ്റ് പാര്‍ട്ടി അനുഭാവികള്‍ വന്‍ ചര്‍ച്ചാവിഷയമാക്കിയതോടെ ഇടുക്കി ഡിസിസി കഞ്ഞിക്കുഴി മണ്ഡലം പ്രസിഡന്റിനോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.

ബിനോയിയുടെ പോസ്റ്റില്‍നിന്ന്- കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും അറിയാന്‍. ലക്ഷങ്ങള്‍ മുടക്കിയാണ് ഇടുക്കി കഞ്ഞിക്കുഴിയിലെ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഒഫീസ് വാങ്ങിയത്. ഇവിടെത്തെ പാവങ്ങളായ പാര്‍ട്ടി പ്രവര്‍ത്തകരുടെ പണവും അധ്വനവുമാണ് ഓഫിസിന്റെ നിര്‍മ്മാണത്തിന് പിന്നിലുള്ളത്. കേരളത്തിന്റെ ഇപ്പോഴത്തെ പ്രതിപക്ഷ നേതാവ് ശ്രി രമേശ് ചെന്നിത്തലയാണ് ടി ഓഫീസ് ഉദ്ഘാടനം നടത്തിയത്. എന്നാല്‍ ടി ഓഫീസ് ഇപ്പോള്‍ മുന്‍ മണ്ഡലംപ്രസിഡന്റും ഇപ്പോഴത്തെ മണ്ഡലം പ്രസിഡന്റും കൈവശം വെച്ചിരിക്കുകയാണ്.

യുത്ത് കോണ്‍ഗ്രസ് കഴിഞ്ഞ രണ്ട് വര്‍ഷമായി ടി ഓഫീസ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് തുറന്ന് കൊടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. 25 കൊല്ലമായിട്ട് കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചായത്താണിത്. ഇവിടത്തെ കോണ്‍ഗ്രസ് പ്രസ്ഥാനത്തെ തകര്‍ക്കാനാണ് ഇവര്‍ ശ്രമിക്കുന്നത്. ഈ പോസ്റ്റ് കേരളത്തിലെ ഏതെങ്കിലും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ കണ്ടാല്‍ ഇവിടെത്തെ പ്രശനങ്ങളെക്കുറിച്ച് പഠിക്കാന്‍ തയറാകണമെന്ന് താല്പ്പര്യപ്പെടുന്നു.

Related posts