ന്യൂഡൽഹി: എല്ലാ പുതിയ മൊബൈൽ ഫോണുകളിലും സൈബർ സുരക്ഷാ ആപ്പായ ‘സഞ്ചാർ സാഥി ആപ്പ്’ പ്രീലോഡ് ചെയ്യാൻ സ്മാർട് ഫോൺ നിർമാതാക്കൾക്ക് കേന്ദ്രസർക്കാരിന്റെ ‘രഹസ്യ’ നിർദേശം. ഫോണിൽനിന്ന് നീക്കം ചെയ്യാൻ കഴിയാത്ത വിധത്തിൽ മൊബൈലുകളിൽ ആപ്പ് ഉൾപ്പെടുത്തണമെന്നാണ് കേന്ദ്ര ടെലികോം മന്ത്രാലയം ഫോൺ നിർമാതാക്കളോട് ആവശ്യപ്പെട്ടിരിക്കുന്നതെന്ന് രാജ്യാന്തര വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
കേന്ദ്ര സർക്കാർ നവംബർ 28നു പുറപ്പെടുവിച്ചിരിക്കുന്ന ഉത്തരവിന്റെ ആധികാരികത റോയിട്ടേഴ്സ് സ്ഥിരീകരിച്ചിട്ടുണ്ട്. ഉപയോക്താക്കൾക്ക് പ്രവർത്തനരഹിതമാക്കാൻ കഴിയരുതെന്ന വ്യവസ്ഥയോടെ സൈബർ സുരക്ഷ ആപ്പ് പ്രീ-ഇൻസ്റ്റാൾ ചെയ്യണമെന്നാണ് സർക്കാർ സ്വകാര്യ കമ്പനികൾക്ക് മാത്രമായി അയച്ചിരിക്കുന്ന ഉത്തരവിലെ നിർദേശം.
ആപ്പ് പുതിയ ഫോണുകളിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പാക്കാൻ കമ്പനികൾക്ക് 90 ദിവസത്തെ സമയമാണ് കേന്ദ്രം നൽകിയിരിക്കുന്നത്. വിതരണ ശൃംഖലയിൽ ഇതിനോടകമുള്ള ഫോണുകളിൽ സോഫ്റ്റ്വേർ അപ്ഡേറ്റുകളിലൂടെ ആപ്പുകൾ ഉൾപ്പെടുത്തണമെന്നും കേന്ദ്രം നിർദേശിക്കുന്നു.
ടെലികോം സൈബർ സുരക്ഷയുടെ ഗുരുതരമായ അപകടാവസ്ഥയെ ചെറുക്കാനാണ് ആപ്പെന്നും നഷ്ടപ്പെട്ട ഫോണുകൾ ഉടമസ്ഥർക്ക് തിരികെ ലഭിക്കാൻ ആപ്പ് സഹായിക്കുമെന്നും കേന്ദ്രം വിശദീകരിക്കുന്നുണ്ടെങ്കിലും ഉപയോക്താക്കളുടെ അനുമതിയില്ലാതെ ഇത്തരമൊരു ആപ്പ് ഫോണുകളിൽ ഇൻസ്റ്റാൾ ചെയ്യുന്നത് ആശങ്കകൾക്ക് വഴിവച്ചിട്ടുണ്ട്.
സീനോ സാജു
റഷ്യൻ സർക്കാരിന്റെ മെസഞ്ചർ ആപ്പായ ‘മാക്സ്’ രാജ്യത്തെ എല്ലാ സ്മാർട്ഫോണുകളിലും ടാബ്ലറ്റുകളിലും പ്രീ-ഇൻസറ്റാൾ ചെയ്യണമെന്ന റഷ്യൻ സർക്കാരിന്റെ ഉത്തരവ് വൻ വിമർശനങ്ങൾക്ക് വഴിവച്ചതിനു പിന്നാലെയാണ് ഇന്ത്യയിലും സമാനനീക്കം.
സർക്കാരിന്റെ കണക്കുകളനുസരിച്ച് സഞ്ചാർ സാഥി ആപ്പ് ജനുവരിയിൽ അവതരിപ്പിച്ചതിനു ശേഷം 7,00,000 നഷ്ടപ്പെട്ട ഫോണുകൾ (ഒക്ടോബറിലെ 50,000 ഉൾപ്പെടെ) വീണ്ടെടുക്കാൻ കഴിഞ്ഞെന്ന് റോയിട്ടേഴ്സ് ചൂണ്ടിക്കാട്ടുന്നു. എന്നാൽ സർക്കാരിന്റെ സ്വകാര്യ നിർദേശത്തോട് ആപ്പിൾ, ഗൂഗിൾ, സാംസംഗ്, ഷവോമി തുടങ്ങിയ സ്മാർട്ഫോണുകൾ പരസ്യമായി പ്രതികരിച്ചിട്ടില്ല.
സ്മാർട്ഫോണുകളുടെ വിൽപനയ്ക്ക് മുമ്പ് കേന്ദ്രത്തിന്റെയൊ മറ്റു മൂന്നാം കക്ഷികളുടെയോ ആപ്പുകൾ പ്രീ-ഇൻസ്റ്റാൾ ചെയ്യുന്നത് ചില കമ്പനികൾ വിലക്കുന്നതിനാൽ കേന്ദ്ര ഉത്തരവിനെ എങ്ങനെ സ്വീകരിച്ചുവെന്ന് വ്യക്തമല്ല. ഉത്തരവ് പുറപ്പെടുവിക്കുന്നതിനുമുമ്പ് കമ്പനികളുമായി കൂടിയാലോചിക്കാത്തത് സ്മാർട്ഫോൺ നിർമാതാക്കളിൽ ആശങ്കയ്ക്ക് ഇടവരുത്തിയിട്ടുണ്ടെന്നാണ് സൂചന.

