പണം നിക്ഷേപിക്കാന്‍ താമസിച്ചതെന്ത്? യോഗേന്ദ്ര ബാങ്കിന് കൊടുത്ത വിശദീകരണം വൈറലാവുന്നു!

15590176_1222181587850247_6862809352463135744_n

നോട്ട് നിരോധനത്തെത്തുടര്‍ന്ന് സര്‍ക്കാര്‍ പുറത്ത് വിട്ട പുതിയ വിഞ്ജാപന പ്രകാരം ഇനിമുതല്‍ 5000 ത്തില്‍ കൂടുതല്‍ തുകയുടെ പഴയ നോട്ടുകള്‍ ഒന്നില്‍ കൂടുതല്‍ തവണ ബാങ്കില്‍ നിക്ഷേപിക്കാന്‍ പറ്റില്ലെന്നും പഴയ നോട്ട് മാറാന്‍ ഇത്രയും താമസിച്ചതെന്താണെന്ന് വിശദീകരണം നല്‍കണമെന്നും പറയുന്നു.

ഇത്തരത്തില്‍ രാഷ്ട്രീയ പ്രവര്‍ത്തകനും മുന്‍ എഎപി അംഗവുമായിരുന്ന യോഗേന്ദ്ര യാദവിനോടും  ബാങ്കില്‍ പണം നിക്ഷേപിക്കാന്‍ ചെന്നപ്പോള്‍ താമസിച്ചതിന്റെ വിശദീകരണം ചോദിച്ചു. നോട്ട് മാറാന്‍ താമസിച്ചതെന്തുകൊണ്ട് എന്ന ചോദ്യത്തിന് യോഗേന്ദ്ര നല്‍കിയ വിശദീകരണമാണ് ഇപ്പോള്‍ നവമാധ്യമങ്ങളിലൂടെ വൈറലായിരിക്കുന്നത്.

സ്വന്തം കൈപ്പടയിലെഴുതിയ കത്തിലൂടെയാണ് യോഗേന്ദ്ര ബാങ്ക് അധികൃതര്‍ക്ക് വിശദീകരണം നല്‍കിയത്. കത്തില്‍ യോഗേന്ദ്ര  പറയുന്നത് ഇപ്രകാരമാണ്.
‘2016 നവംബര്‍ എട്ട് മുതല്‍ ഞാന്‍ ബാങ്കില്‍ നിക്ഷേപങ്ങളൊന്നും നടത്തിയിട്ടില്ല. എന്നാല്‍ പഴയ നോട്ട് മാറിയെടുക്കാനോ അക്കൗണ്ടില്‍ നിക്ഷേപിക്കാനോ ഇത്രയും താമസിച്ചതിന് പ്രത്യേക കാരണങ്ങളൊന്നും എനിക്ക് പറയാനില്ല. ബാങ്കുകള്‍ക്ക് മുന്‍പിലെ വരികളുടെ നീളം കുറച്ചൊന്നുകുറയട്ടേ എന്ന് സ്വാഭാവികമായും ഞാനും ചിന്തിച്ചിരുന്നു. ഇതിനൊക്കെ പുറമേ ഉടനടി ബാങ്കിലേക്ക് പോകേണ്ടെന്നും നോട്ട് മാറ്റിയെടുക്കാന്‍ എല്ലാവര്‍ക്കും ആവശ്യമായ സമയം ലഭ്യമാക്കുമെന്നും, കൃത്യമായിപ്പറഞ്ഞാല്‍ പഴയ നോട്ട് നിക്ഷേപിക്കാനും മാറ്റിയെടുക്കാനും ഡിസംബര്‍ 30 വരെ  സമയമുണ്ടെന്നും പ്രധാനമന്ത്രിയുടെയും ധനകാര്യമന്ത്രിയുടെയും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെയും ഉറപ്പ് എനിക്ക് കിട്ടിയിരുന്നു. ഞാന്‍ അവരെ വിശ്വസിക്കുന്നു.’

സ്വന്തം കൈപ്പടയിലെഴുതിയ കത്ത് യോഗേന്ദ്ര  ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതോടെ അഭിനന്ദന പ്രവാഹമായിരുന്നു. കത്തിന്റെ ഉള്ളടക്കം മാത്രമല്ല പ്രശംസിക്കപ്പെട്ടത്. യോഗേന്ദ്രയുടെ കൈയ്യക്ഷരത്തെ പ്രകീര്‍ത്തിച്ചുകൊണ്ടും ധാരാളം ആളുകള്‍ രംഗത്തെത്തിയിട്ടുണ്ട്.

കേന്ദ്ര ഗവണ്‍മെന്റ് ആളുകളെ പറ്റിക്കുകയാണെന്നും ആരും ധൃതി പിടിക്കേണ്ടെന്ന് പറഞ്ഞവര്‍ തന്നെ പണം നിക്ഷേപിക്കുന്നതിന് സമയപരിധി നിശ്ചയിക്കുന്നത് തികഞ്ഞ അസംബന്ധമാണെന്നുമാണ് ആളുകള്‍ പ്രതികരിക്കുന്നത്.

Related posts