അന്ന് അത്‌ലറ്റിക്കോ മാഡ്രിഡ്, ഇന്നു കേരള ബ്ലാസ്‌റ്റേഴ്‌സ്

അജിത് ജി. നായര്‍
sp-kolkattafb

ബ്ലാസ്‌റ്റേഴ്‌സിന്റെ ഫൈനല്‍ തോല്‍വികള്‍ക്ക് അത്‌ലറ്റിക്കോ മാഡ്രിഡിന്റെ ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ തോല്‍വികളോട് അസാധാരണ സാമ്യം
കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ ഇരമ്പിയാര്‍ത്ത 70000ല്‍ പരം ആരാധകരെ നിരാശരാക്കിയാണ് കേരള ബ്ലാസ്‌റ്റേഴ്‌സ് പരാജയമണഞ്ഞത്. കിരീടപോരാട്ടത്തില്‍ കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ രണ്ടാം വട്ടവും അത്‌ലറ്റിക്കോ ഡി കോല്‍ക്കത്തയ്ക്കു മുമ്പില്‍ പരാജയപ്പെട്ടെങ്കിലും ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രകടനം മറ്റൊരു കാര്യം ഓര്‍മിപ്പിക്കുന്നു.

അന്തിമഫലത്തില്‍ വ്യത്യാസമില്ലാത്ത 2014, 2016 ഐഎസ്എല്‍ ഫൈനലുകളുടെ ഓര്‍മകള്‍ ചെന്നു നില്‍ക്കുന്നത് 2013–14, 2015–16 സീസണിലെ യുവേഫാ ചാമ്പ്യന്‍സ് ലീഗ് ഫൈനലുകളിലാണ്. ആദ്യം 2013–14 സീസണിലെ യുവേഫാ ചാമ്പ്യന്‍സ് ലീഗിന്റെ ഫൈനലിലേക്കു പോകാം. പോര്‍ച്ചുഗീസ് ക്ലബ്ബായ ബെന്‍ഫിക്കയുടെ തട്ടകമായ എസ്റ്റാഡിയോ ഡാ ലൂയിസില്‍ നടന്ന മത്സരത്തിന്റെ ഫൈനലില്‍ ഏറ്റുമുട്ടിയത് സ്പാനിഷ് വമ്പന്മാരായ റയല്‍ മാഡ്രിഡും അത്‌ലറ്റിക്കോ മാഡ്രിഡും. ചരിത്രത്തിലാദ്യമായി ചാമ്പ്യന്‍സ് ലീഗ് ഫൈനലിലെത്തിയ അത്‌ലറ്റികോ കളിയുടെ 90 മിനിറ്റ് വരെ ഉറുഗ്വെന്‍ താരം ഡിയേഗോ ഗോഡിന്‍ നേടിയ ഗോളില്‍ മുമ്പിലായിരുന്നു. എന്നാല്‍ ഇഞ്ചുറി ടൈമിന്റെ അവസാന നിമിഷങ്ങളില്‍ സെര്‍ജിയോ റാമോസ് നേടിയ ഹെഡര്‍ അത്‌ലറ്റികോയുടെ മനോവീര്യം തകര്‍ത്തു.

ജയിച്ചുവെന്ന് ഉറപ്പിച്ചിരുന്ന കളി അധികസമയത്തേക്ക്. റാമോസിന്റെ ഹെഡറില്‍ മാനസികമായി തകര്‍ന്ന അത്‌ലറ്റിക്കോയുടെ വലയില്‍ ഗാരെത് ബെയ്ല്‍, മാഴ്‌സെലോ, റൊണാള്‍ഡോ എന്നിവര്‍ കൂടി ഗോളുകള്‍ അടിച്ചുകയറ്റി റയല്‍ കിരീടം ചൂടി. 2014 മേയ് 24നു നടന്ന ഈ ഫൈനല്‍ കഴിഞ്ഞ് ഏഴു മാസത്തിനു ശേഷം ഡിസംബര്‍ 20നായിരുന്നു പ്രഥമ ഐഎസ്എല്‍ ഫൈനല്‍. മുംബൈയിലെ ഡിവൈ പാട്ടീല്‍ സ്‌റ്റേഡിയത്തില്‍ ഏറ്റുമുട്ടുന്നത് അതേ അത്‌ലറ്റിക്കോ മാഡ്രിഡിന്റെ ഉടമസ്ഥതയിലുള്ള അത്‌ലറ്റിക്കോ ഡി കോല്‍ക്കത്തയും ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറുടെ ഉടമസ്ഥതയിലുള്ള കേരള ബ്ലാസ്‌റ്റേഴ്‌സും.

ഇരു ടീമുകളും നന്നായി പൊരുതിയെങ്കിലും ഗോള്‍ മാത്രം അകന്നുനിന്നു. 90 മിനിറ്റുംകഴിഞ്ഞ് കളി ഇഞ്ചുറി ടൈമിലേക്ക്. കളിയുടെ അവസാന നിമിഷം കോല്‍ക്കത്തയ്ക്ക് അനുകൂലമായി കോര്‍ണര്‍. കോര്‍ണറില്‍ തലവച്ച മുഹമ്മദ് റഫീഖിക്ക് പിഴച്ചില്ല; പന്ത് വലയില്‍. കോല്‍ക്കത്തയ്ക്ക് കിരീടം. ചാമ്പ്യന്‍സ് ലീഗ് ഫൈനലു പോലെ തന്നെ അവസാന നിമിഷം വഴങ്ങിയ ഹെഡറാണ് കേരളത്തിന്റെ വിധി കുറിച്ചത്. ഇത് യാദൃച്ഛികമെന്ന് അന്ന് പറയാമായിരുന്നു. എന്നാല്‍ 2015–16 സീസണിലെ ചാമ്പ്യന്‍സ് ലീഗ് ഫൈനലും 2016ലെ ഐഎസ്എല്‍ ഫൈനലും വീണ്ടും ഒരു പോലെയായത് ഏവരെയും അദ്ഭുതപ്പെടുത്തുന്ന കാര്യമാണ്.

ആദ്യം ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ എസി മിലാന്റെ തട്ടകമായ സാന്‍സിറോയില്‍ നടന്ന ഫൈനലില്‍ ഒരു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും റയലും അത്‌ലറ്റിക്കോയും ഏറ്റുമുട്ടുന്നു. 15–ാം മിനിറ്റില്‍ ഓഫ്‌സൈഡ് സ്പര്‍ശമുള്ള റാമോസിന്റെ ഗോളില്‍ റയല്‍ മുമ്പില്‍. 79–ാം മിനിറ്റില്‍ ബല്‍ജിയന്‍ താരം യാനിക് ഫെരേരോ കാരസ്‌കോയുടെ ഗോളിലൂടെ അത്‌ലറ്റിക്കോ ഒപ്പത്തിനെത്തി. കളി അധിക സമയത്തേക്ക്. അധിക സമയത്തും സമനിലയുടെ കെട്ടു പൊട്ടാഞ്ഞതിനാല്‍ കളി പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക്.

ഷൂട്ടൗട്ടില്‍ കിരീടം റയലിന്. 2016 മെയ് 28നായിരുന്നു ആ മത്സരം നടന്നത്. ഇനി അവിടെ നിന്നു നേരെ ഡിസംബര്‍ 18ലേക്കു വരാം. കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ ഐഎസ്എല്‍ ഫൈനലില്‍ കേരള ബ്ലാസ്‌റ്റേഴ്‌സും അത്‌ലറ്റികോ ഡി കോല്‍ക്കത്തയും ഏറ്റുമുട്ടുന്നു. 37–ാം മിനിറ്റില്‍ മുഹമ്മദ് റാഫി നേടിയ ഹെഡറില്‍ കേരളം മുമ്പില്‍ 44–ാം മിനിറ്റില്‍ പോര്‍ച്ചുഗീസ് താരം ഹെന്റ്‌റിക്ക് സെറീനോ നേടിയ ഗോളില്‍ കോല്‍ക്കത്ത ഒപ്പമെത്തുന്നു. വീണ്ടുമൊരു ഗോള്‍ നേടുന്നതില്‍ ഇരുടീമുകളും പരാജയപ്പെട്ടതിനാല്‍ കളി അധിക സമയത്തേക്ക്.

അധികസമയത്തും സമനില പാലിച്ചതിനാല്‍ കളി പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക്. ഷൂട്ടൗട്ടില്‍ കോല്‍ക്കത്തയ്ക്ക് ജയം. വീ ചാമ്പ്യന്‍സ് ലീഗ് ഫൈനലുമായി വീണ്ടും സാമ്യം.ചാമ്പ്യന്‍സ് ലീഗ്–ഐഎസ്എല്‍ ഫൈനലുകളെ ബന്ധിപ്പിക്കുന്ന മറ്റൊരു കാര്യം അത്‌ലറ്റികോയെന്ന പേരാണ്. ചാമ്പ്യന്‍സ് ലീഗില്‍ രണ്ടു തവണയും അത്‌ലറ്റിക്കോ പരാജയപ്പെട്ടെങ്കില്‍ ഐഎസ്എലില്‍ രണ്ടു തവണയും വിജയം കൈപ്പിടിയിലൊതുക്കാന്‍ അത്‌ലറ്റിക്കോയ്ക്കു കഴിഞ്ഞു. ഇത് ഒരു വിശ്വാസമായി വളരുമോയെന്നാണ് ഇനി അറിയേണ്ടത്.

Related posts