രോഗികളായ കുട്ടികള്‍ക്ക് ക്രിസ്തുമസ് ആശംസകളുമായി ബറാക് ഒബാമ! സമ്മാനങ്ങളും സ്‌നേഹവും കൈമാറിയപ്പോഴുള്ള കുഞ്ഞുങ്ങളുടെ സന്തോഷം വിവരിക്കാനാവാത്തതെന്നും മുന്‍ അമേരിക്കന്‍ പ്രസിഡന്റ്; മനസുനിറച്ച് വീഡിയോ

ക്രിസ്തുമസ് എന്നാല്‍ സ്‌നേഹത്തിന്റെ സന്ദേശം പരസ്പരം പങ്കുവയ്ക്കുന്ന, പങ്കുവയ്‌ക്കേണ്ട ദിനങളാണെന്ന കാര്യം മറക്കുന്ന സമൂഹമാണ് ങ്ഇന്നുള്ളത്. എന്നാല്‍ ആ കാലഘട്ടത്തിന്റെ സന്ദേശം അതിന്റെ യഥാര്‍ത്ഥ അര്‍ത്ഥത്തില്‍ സമൂഹത്തിന് കാട്ടിക്കൊടുത്തിരിക്കുകയാണിപ്പോള്‍ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ. സംഭവമിങ്ങനെ..

തങ്ങളെ കാണാനെത്തിയ ക്രിസ്തുമസ് അപ്പൂപ്പനെ സൂക്ഷിച്ച് നോക്കിയ കുട്ടികള്‍ ഒരു നിമിഷം പകച്ചു. പരിചയമുള്ള മുഖമാണല്ലോ എന്ന് കരുതി സൂക്ഷിച്ച് നോക്കിയപ്പോഴാണ് മനസിലാവുന്നത്, തങ്ങള്‍ക്ക് സമ്മാനപ്പൊതികളുമായി എത്തിയിരിക്കുന്നത് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയാണെന്ന്.

സമ്മാനങ്ങള്‍ നിറച്ച സഞ്ചി തോളില്‍ തൂക്കി ക്രിസ്മസ് തൊപ്പിയും അണിഞ്ഞ് ആശുപത്രിയില്‍ എത്തിയ ഒബാമ കുട്ടികളെ ആലിംഗനം ചെയ്തു സ്‌നേഹം അറിയിക്കുകയും അവര്‍ക്കായി കരുതിയ സമ്മാനങ്ങള്‍ സ്‌നേഹപൂര്‍വ്വം കൈമാറുകയും ചെയ്തു. വാഷിങ്ടണിലെ ചില്‍ഡ്രന്‍സ് നാഷണല്‍ ആശുപത്രിയിലെ രോഗികളായി കുഞ്ഞുങ്ങളെ സന്ദര്‍ശിക്കാന്‍ എത്തിയതായിരുന്നു ഒബാമ.

രണ്ട് പെണ്‍കുട്ടികളുടെ അച്ഛനായ തനിക്ക് രോഗികളായ കുട്ടികളുടെയും മാതാപിതാക്കളുടെയും അവസ്ഥ നന്നായി മനസിലാക്കുവാന്‍ കഴിഞ്ഞുവെന്നും, മിടുക്കരായ കുറെ കുട്ടികളെയും അവരുടെ മാതാപിതാക്കളെയും കാണാന്‍ സാധിച്ചതില്‍ താന്‍ അതീവ സന്തുഷ്ടനാണെന്നും ഒബാമ ട്വീറ്റ് ചെയ്യുകയും ചെയ്തു. ഒബാമയുടെ സന്ദര്‍ശനത്തിന്റെ വിഡിയോ ആശുപത്രി അധികൃതരാണ് ട്വീറ്റ് ചെയ്തത്. ആ വിഡിയോ റീട്വീറ്റ് ചെയ്ത് ഒബാമ ആശുപത്രി ജീവനക്കാര്‍ക്കും അധികൃതര്‍ക്കും നന്ദി പറഞ്ഞു. പ്രതിഫലം ആഗ്രഹിക്കാതെ ആ കുഞ്ഞുങ്ങളെ സ്വന്തം കുഞ്ഞുങ്ങളെ പോലെ സ്‌നേഹിക്കുകയും പരിചരിക്കുകയും ചെയ്യുന്ന നഴ്‌സുമാരും ജീവനക്കാരുമാണ് അവിടെ കണ്ട ഏറ്റവും നല്ല കാഴ്ചയെന്നും ഒബാമ പറയുന്നു.

Related posts