ബ്രഹ്മാണ്ഡചിത്രം ഒടിയന്റെ രഹസ്യം പുറത്ത് ! സംവിധായകന്റെ നിര്‍ദ്ദേശം ലംഘിച്ചത് ചീഫ് കാമറാമാന്‍; സെറ്റിലെ പടലപ്പിണക്കങ്ങള്‍ സിനിമയ്ക്ക് പാരയാവുന്നു ?

കൊച്ചി: മോഹന്‍ലാലിനെ നായകനാക്കി ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ‘ഒടിയന്‍’ അതിവേഗം പുരോഗമിക്കുകയാണ്. മേക്കിംഗ് വീഡിയോ പുറത്തു വരികയും ചെയ്തു. ഈ സിനിമയുടെ യാതൊരു വിവരങ്ങളും പുറത്തുവിടരുതെന്ന് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ സിനിമയെ സംബന്ധിച്ച ചില വിവരങ്ങള്‍ പുറത്തു പോയതായാണ് സൂചന. പ്രമുഖ സംവിധായകന്‍ എം. പത്മകുമാര്‍ സിനിമയില്‍ കൈകടത്തുന്നുവെന്ന് സൂചനകളുണ്ട്. പത്മകുമാര്‍ സിനിമയുടെ അസോസിയേറ്റ് ഡയറക്ടറാണെന്നും സൂചനയുണ്ട്.

ആന്റണി പെരുമ്പാവൂരിന്റെ ഇടപെടലാണ് മറ്റൊരു പ്രശ്‌നമെന്നും വിവരമുണ്ട്. ആന്റണി പെരുമ്പാവൂരിന്റെ വിശ്വസ്തനായ ഷാജി കുമാറാണ് ഒടിയന്റെ ക്യാമറാന്‍. ബോളിവുഡിലെ പ്രമുഖരായ അണിയറ പ്രവര്‍ത്തകരെ ഒടിയനുമായി സഹകരിപ്പിക്കാനായിരുന്നു ശ്രീകുമാര്‍ മോനോന് താല്‍പ്പര്യം. എന്നാല്‍ പുലി മുരുകന്‍ ടീം മതിയെന്ന് ആന്റണി പെരുമ്പാവൂര്‍ നിലപാട് എടുത്തു. ഇതോടെ ക്യാമറാമാനായി ഷാജി കുമാറും ആക്ഷന്‍ സംവിധായകനായി പീറ്റര്‍ ഹെയ്നും എത്തി. നിലവില്‍ ഇവരുടെ താല്‍പ്പര്യങ്ങളാണ് ഒടിയന്റെ സെറ്റില്‍ നടക്കുന്നത്. ഇത് ചില്ലറ പ്രശ്‌നങ്ങളും ഉണ്ടാക്കുന്നുണ്ട്.

ഒടിയന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ഇടരുതെന്ന കരാര്‍ ക്യാമറാമാന്‍ ഷാജികുമാര്‍ ലംഘിച്ചതും തിരിച്ചടിയായിരിക്കുകയാണ്. കഥയും കഥാ സാഹചര്യങ്ങളും പുറത്തു പോകുന്നത് ചിത്രത്തിന്റെ വിജയ സാധ്യതയെ പോലും ബാധിക്കുമെന്നായിരുന്നു സംവിധായകന്‍ ഏവരോടും പറഞ്ഞത്. ഇതിന് വിരുദ്ധമായി ഷാജി കുമാര്‍ ചിത്രം പോസ്റ്റ് ചെയ്തു. കാഴ്ചയില്‍ സാധാരണ ചിത്രമാണെങ്കിലും കഥയിലെ നിര്‍ണ്ണായക രഹസ്യം അതിലുണ്ടെന്നാണ് സൂചന. പീറ്റര്‍ ഹെയ്നുമൊപ്പമുള്ള ഫോട്ടോ ഇടുന്ന തരത്തിലാണ് ഫെയ്സ് ബുക്കില്‍ ചിത്രം വന്നത്. ഇത് സെറ്റിലാകെ ചര്‍ച്ചയായിട്ടുണ്ട്.

ക്യാമറാമാനും സംവിധായകനും തമ്മിലുള്ള ബന്ധം വഷളാക്കാന്‍ പോകുന്ന ഒന്നാണിതെന്നാണ് വിലയിരുത്തപ്പെടുന്നത്.എന്നാല്‍ വിഷയങ്ങളെ ആത്മസംയമനത്തോടെ കാണാനാണ് ശ്രീകുമാര്‍ മേനോന്റെ തീരുമാനം. എല്ലാവരും കരാര്‍ ഒപ്പിട്ടിരിക്കുന്നത് നിര്‍മ്മാതാവുമായാണ്. അതുകൊണ്ട് ഷാജി കുമാറിന്റെ പ്രവര്‍ത്തിയില്‍ അസ്വാഭാവികതയുണ്ടെങ്കില്‍ അതില്‍ നിയമ നടപടിയെടുക്കേണ്ടത് ആന്റണി പെരുമ്പാവൂരും. ഇവിടെ ഷാജി കുമാറും നിര്‍മ്മാതാവും അടുത്ത സുഹൃത്തുക്കളാണ്. അതുകൊണ്ട് തന്നെ ശ്രീകുമാര്‍ മേനോന്‍ പരാതിപ്പെട്ടാലും കേസും നടപടിയും ഒന്നും വരില്ല. വാരണാസി സെറ്റിലെ ചിത്രങ്ങള്‍ ശ്രീകുമാര്‍ മേനോനും സാമൂഹ്യമാധ്യമങ്ങളില്‍ ഇട്ടിരുന്നു. ഇതേ കാമറാമാനും ചെയ്തിട്ടുള്ളൂവെന്നാണ് മറുവാദമുയരുന്നത്. ശ്രീകുമാര്‍ മേനോന്റെ കന്നി ചിത്രമാണ് ഒടിയന്‍. എംടിയുടെ രണ്ടാമൂഴമാണ് അടുത്ത് പ്ലാനിലുള്ളത്. ഈ ബ്രഹ്മാണ്ട ചിത്രത്തെ പൊളിക്കാന്‍ അണിയറയില്‍ പലരും നീങ്ങുന്നുണ്ട്. അതുകൊണ്ട് തന്നെ ഒടിയനില്‍ സംയമനത്തിന് ശ്രീകുമാര്‍ മേനോന്‍ തയ്യാറാകും.

ഗംഗയുടെ തീരത്ത് നിന്ന് ഒടിയന്‍ മാണിക്ക്യന്റെ കഥ പറഞ്ഞ് മോഹന്‍ലാല്‍ എത്തിയത് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. കാശിയില്‍ നിന്ന് മാണിക്ക്യന്‍ തേന്‍കുറിശ്ശിയിലെത്തിയ കഥയാണ് വാരാണസിയില്‍ ചിത്രീകരിച്ച വീഡിയോയില്‍ മോഹന്‍ലാല്‍ പറയുന്നത്. ശ്രീകുമാര്‍ മേനോന്റെ പുതിയ ചിത്രം ഒടിയന്റെ പ്രചാരണാര്‍ത്ഥമാണ് വീഡിയോ ഒരുക്കിയത്. മാണിക്ക്യന്റെ കഥ നടക്കുന്നത് കാശിയിലല്ലെങ്കിലും എല്ലാം അവസാനിപ്പിക്കണമെന്ന് കരുതി മാണിക്ക്യന്‍ വന്നുപെടുന്നത് കാശിയിലാണ്. ഗംഗയുടെ തീരത്തും അവിടെയുള്ള തിരക്കേറിയ നഗരങ്ങളിലും വര്‍ഷങ്ങളോളം കഴിച്ചുകൂട്ടിയ ശേഷം മാണിക്ക്യന്‍ തേന്‍കുറിശ്ശിയിലേക്ക് തിരിച്ചുപോവുകയാണ്. അവിടെ ഒരുപാട് സംഭവവികാസങ്ങള്‍ മാണിക്ക്യനെ കാത്തിരിപ്പുണ്ട്.

മൃഗ രൂപിയായി മാറാനുള്ള കഴിവു മുതല്‍ നിരവധി അമാനുഷിക കഴിവുകളുള്ളയാളാണ് ഒടിയന്‍. ചിത്രത്തിനായി 11 കിലോയോളം ഭാരം കുറച്ചാണ് മോഹന്‍ലാല്‍ എത്തുന്നതെന്നാണ് സൂചനകള്‍. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ വാരണാസിയിലായിരുന്നു. തികച്ചും വ്യത്യസ്തമായ നിഗൂഡതകള്‍ നിറഞ്ഞ ലുക്കിലാണ് മോഹന്‍ലാല്‍. ഒടിയന്‍ മാണിക്യന്റെ 30 മുതല്‍ 60 വയസ്സു വരെയുള്ള പ്രായം അവതരിപ്പിക്കുന്നുണ്ട്. മഞ്ജു വാര്യരാണ് നായിക. ഏകദേശം 35 കോടിയോളം മുതല്‍മുടക്കിലുള്ള സിനിമയില്‍ ഏഴ് കോടിയോളം രൂപാ വിഎഫ്എക്‌സ് മികവിന് മാത്രമായി ചെലവഴിക്കുന്നു. കാമറാമാന്റെ ചെയ്തി അണിയറപ്രവര്‍ത്തകരെയാകെ ഞെട്ടിച്ചിരിക്കുകയാണെന്നാണ് കേള്‍വി.

Related posts