മലയാളികളുള്‍പ്പെടെയുള്ളവരുടെ ഗള്‍ഫ് സ്വപ്‌നം പൊലിയുന്നു ! 2024 ഓടെ 35 ശതമാനം സ്വദേശിവല്‍ക്കരണത്തിനൊരുങ്ങി പ്രമുഖ ഗള്‍ഫ് രാജ്യം…

മലയാളികള്‍ ഉള്‍പ്പെടെയുള്ള ആളുകള്‍ക്ക് നിരാശ പകരുന്ന പ്രഖ്യാപനവുമായി ഒമാന്‍ തൊഴില്‍ മന്ത്രാലയം. രാജ്യത്ത് 2024 ഓടെ 35 ശതമാനം സ്വദേശിവല്‍ക്കരണം ഉറപ്പാക്കുമെന്നാണ് ഒമാന്‍ തൊഴില്‍ മന്ത്രാലയം പ്രഖ്യാപിച്ചിരിക്കുന്നത്.

ഈ വര്‍ഷം ആദ്യ ഏഴു മാസത്തിനിടെ 3,000 വിദേശികളെ സര്‍ക്കാര്‍ മേഖലയില്‍ നിന്നും ഒഴിവാക്കിയതായാണ് റിപ്പോര്‍ട്ട്. മലയാളികളടക്കം പ്രവാസികള്‍ക്ക് കനത്ത തിരിച്ചടിയാകുന്നതാണ് ഈ തീരുമാനം എന്നതിന് സംശയമില്ല.

ഒമാനിലെ സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് തൊഴില്‍ മന്ത്രാലയം സ്വദേശിവല്‍ക്കരണം ശക്തമാക്കുന്നത്.

പൊതു, സ്വകാര്യ മേഖലകളില്‍ 2024 ഓടെ 35 ശതമാനം സ്വദേശിവല്‍ക്കരണത്തിനാണ് നീക്കം. ഭരണനിര്‍വഹണ കാര്യാലയങ്ങളില്‍ ആയിരത്തിലേറെ സ്വദേശികളെ ഉടന്‍ നിയമിക്കും.

ഇതിനായി പ്രത്യേകം പരിശീലനപദ്ധതികള്‍ പുരോഗമിക്കുകയാണെന്നും മന്ത്രാലയം വ്യക്തമാക്കി. സ്വകാര്യമേഖലയില്‍ കൂടുതല്‍ സ്വദേശികളെ നിയമിക്കാനുള്ള ബാദിര്‍ ക്യാംപെയ്ന്റെ ആദ്യ ഘട്ടമായി 228 സ്വദേശികളെ ആരോഗ്യമേഖലയില്‍ നിയമിച്ചു. 185 നഴ്‌സുമാര്‍ക്കും 43 ഡെന്റിസ്റ്റുകള്‍ക്കുമായിരുന്നു നിയമനം. 600 സ്വദേശി നഴ്‌സുമാരെ പൊതുമേഖലയിലും നിയമിച്ചിട്ടുണ്ട്.

ആരോഗ്യമന്ത്രാലയത്തിന്റെ ലൈസന്‍സ് നേടി സര്‍ക്കാര്‍ ആശുപത്രികളില്‍ മൂന്നു മാസം പരിശീലനം പൂര്‍ത്തിയാക്കിയശേഷമാണ് സ്വദേശികളെ സ്വകാര്യ ആരോഗ്യമേഖലയില്‍ നിയമിക്കുന്നത്.

ഓട്ടോമൊബീല്‍, നിര്‍മാണം, ഹോട്ടല്‍ വ്യവസായം തുടങ്ങിയ മേഖലകളിലും സ്വദേശിവല്‍ക്കരണം വര്‍ധിച്ചതായാണ് റിപ്പോര്‍ട്ട്.

സ്വകാര്യഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഷോപ്പിങ് മാളുകള്‍, ധനവിനിമയ സ്ഥാപനങ്ങള്‍ തുടങ്ങിയ മേഖലകളിലെ വിവിധ തസ്തികകളില്‍ സ്വദേശിവല്‍ക്കരണം നടപ്പാക്കിയിട്ടുണ്ട്.

ഫിനാന്‍സ്, അക്കൗണ്ടിംഗ്, മാനേജ്മെന്റ്, ഡ്രൈവര്‍ തസ്തികള്‍ ജനുവരി മുതല്‍ സ്വദേശികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നതും പ്രവാസികള്‍ക്ക് തിരിച്ചടിയാണ്.

Related posts

Leave a Comment