പരവൂർ: ഓൺലൈൻ പ്ലാറ്റ്ഫോമുകൾ വഴി ഗുണനിലവാരമില്ലാത്തതും പഴകിയതുമായ മുട്ടകൾ വിൽക്കുന്നുവെന്ന ഉപഭോക്തൃ പരാതികളിൽ കർശന നടപടിയുമായി ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അഥോറിറ്റി ഓഫ് ഇന്ത്യ.
പ്രമുഖ ക്വിക്ക് കൊമേഴ്സ് പ്ലാറ്റ്ഫോമായ ‘ബ്ലിങ്കിറ്റി’നോട് വിഷയത്തിൽ അടിയന്തിരമായി വിശദീകരണം തേടി അഥോരിറ്റി കത്തയച്ചു. സോഷ്യൽ മീഡിയയിലൂടെ ഉയർന്നുവന്ന പരാതികളുടെ അടിസ്ഥാനത്തിൽ സ്വമേധയാ ആണ് എഫ്എസ്എസ്എഐയുടെ ഇടപെടൽ.
- പരാതികൾ ഇങ്ങനെ:
ഓൺലൈൻ വഴി വാങ്ങുന്ന മുട്ടകൾക്ക് കടുത്ത ദുർഗന്ധമുണ്ടെന്നും വേവിച്ചു കഴിയുമ്പോൾ റബർ പോലുള്ള ഘടനയാണെന്നുമാണ് ഉപഭോക്താക്കൾ പരാതിപ്പെട്ടത്. ഓൺലൈൻ പ്ലാറ്റ്ഫോമുകൾ വഴി വിതരണം ചെയ്യുന്ന ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരത്തിലും സുരക്ഷയിലും വിട്ടുവീഴ്ച ചെയ്യാനാകില്ലെന്ന് വ്യക്തമാക്കിയ എഫ്എസ്എസ്എഐ, പരാതികളെക്കുറിച്ച് ഒരാഴ്ചയ്ക്കുള്ളിൽ വിശദമായ നടപടി റിപ്പോർട്ട് സമർപ്പിക്കാൻ കമ്പനിക്ക് നിർദേശം നൽകിയിട്ടുണ്ട്. - ലൈസൻസ് ഇല്ലാത്തവർക്ക്
വിലക്ക്
ഇ-കൊമേഴ്സ് ഭക്ഷ്യ വിതരണ രംഗത്തെ വളർച്ച കണക്കിലെടുത്ത് 2020-ലെ ലേബലിംഗ് ആൻഡ് ഡിസ്പ്ലേ നിയമങ്ങൾ കർശനമായി പാലിക്കാൻ എല്ലാ കമ്പനികളും ബാധ്യസ്ഥരാണെന്ന് അതോറിറ്റി ഓർമിപ്പിച്ചു.
കൃത്യമായ എഫ്എസ്എസ്എഐ ലൈസൻസോ രജിസ്ട്രേഷനോ ഇല്ലാത്ത ഒരു വിൽപനക്കാരനെയും പ്ലാറ്റ്ഫോമുകളിൽ അനുവദിക്കരുത്. ഓൺലൈനിൽ നൽകുന്ന പരസ്യങ്ങളിലെ അവകാശവാദങ്ങൾ ഉത്പന്നത്തിന്റെ ലേബലിലുള്ള വിവരങ്ങളുമായി പൂർണമായും ഒത്തുപോകണമെന്നും നിർദേശമുണ്ട്. - മുട്ടയുടെ ഗുണനിലവാരംഎങ്ങനെ അറിയാം?
എഫ്എസ്എസ്എഐ നിർദേശങ്ങൾ:
മുറിയിലെ സാധാരണ താപനിലയിൽ ഇട്ടതിനുശേഷം 10-12 ദിവസം വരെ മുട്ടകൾ കേടുകൂടാതെ ഇരിക്കും. താപനില ഉയർന്നാൽ മുട്ടയുടെ ആയുസ് കുറയും. വീട്ടിലെത്തിച്ചാൽ മുട്ടകൾ റഫ്രിജറേറ്ററിലെ പ്രത്യേക ഷെൽഫുകളിലോ മുട്ടപ്പെട്ടികളിലോ സൂക്ഷിക്കുന്നതാണ് ഏറ്റവും നല്ലത്. - വീട്ടിൽ എങ്ങനെ പരിശോധിക്കാം? (ഫ്ലോട്ട് ടെസ്റ്റ്)
ഒരു പാത്രത്തിൽ വെള്ളമെടുത്ത് മുട്ട അതിൽ മുക്കി നോക്കി ഗുണനിലവാരം എളുപ്പത്തിൽ കണ്ടെത്താം:
പുതിയ മുട്ട: വെള്ളത്തിന്റെ അടിത്തട്ടിൽ ചരിഞ്ഞു കിടക്കും.
അല്പം പഴകിയത്: ഒരു വശം അടിത്തട്ടിൽ മുട്ടി നേരേ നിൽക്കും.
ചീഞ്ഞ മുട്ട: വെള്ളത്തിന് മുകളിൽ പൊങ്ങിക്കിടക്കും. (മുട്ട പഴകുന്തോറും ഉള്ളിലെ വായു അറ വലുതാകുന്നതിനാലാണ് ഇത് പൊങ്ങിക്കിടക്കുന്നത്).
