പരവൂർ: എറണാകുളം-തിരുവനന്തപുരം സെൻട്രൽ റൂട്ടിൽ സർവീസ് നടത്തുന്ന വഞ്ചിനാട് എക്സ്പ്രസിന് ( 16303/16304) തിരുവനന്തപുരം പേട്ട സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിച്ചത്.പരീക്ഷണാർഥം ഈ മാസം 22 മുതൽ ആറ് മാസത്തേക്കാണ് സ്റ്റോപ്പ് അനുവദിച്ചിട്ടുള്ളതെന്ന് തിരുവനന്തപുരം റെയിൽവേ ഡിവിഷൻ അധികൃതർ അറിയിച്ചു.
16303 എക്സ്പ്രസ് രാവിലെ 9.30 ന് പേട്ടയിൽ എത്തി 9.31 ന് പുറപ്പെടും. തിരികെയുള്ള സർവീസ് (16304) വൈകുന്നേരം 5.50 ന് പേട്ടയിൽ എത്തി 5.51 ന് പുറപ്പെടും. കഴിഞ്ഞയാഴ്ച തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ വഞ്ചിനാട് എക്സ്പ്രസ് എത്തിയപ്പോൾ ഉണ്ടായ തിരക്കിനെ തുടർന്ന് എസ്കലേറ്റർ തകരാറിലായി ഉണ്ടായ അപകടത്തിൽ ഏതാനും യാത്രക്കാർക്ക് പരിക്കേറ്റിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ ട്രെയിനിന് പേട്ടയിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന് യാത്രക്കാരുടെ സംഘടനകൾ അധികൃതരോട് നിവേദനത്തിൽ ആവശ്യപ്പെട്ടിരുന്നു. സ്റ്റോപ്പ് അനുവദിച്ചാൽ 500-ൽ അധികം യാത്രക്കാർ സ്ഥിരമായി പേട്ടയിൽ ഇറങ്ങും. അപ്പോൾ വണ്ടി തിരുവനന്തപുരം സെൻട്രലിൽ എത്തിയാൽ തിരക്ക് ഗണ്യമായി കുറയുകയും ചെയ്യും.
ഫ്രണ്ട്സ് ഓൺ റെയിൽസ് അടക്കമുള്ള സംഘടനകൾ ഇക്കാര്യം ചൂണ്ടിക്കാട്ടി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനും നിവേദനം കൊടുക്കുകയുണ്ടായി. ഇതിന്റെ അടിസ്ഥാനത്തിലാണ് വഞ്ചിനാടിന് ഇരുദിശകളിലും പരീക്ഷണാർഥം പേട്ടയിൽ സ്റ്റോപ്പ് അനവദിക്കാൻ അധികൃതർ തീരുമാനിച്ചത്.
