കൊല്ലം: രാജ്യത്ത് അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 1,000 ട്രെയിനുകൾ കൂടി ഓടിക്കാൻ റെയിൽവേ മന്ത്രാലയത്തിന്റെ തീരുമാനം. പാസഞ്ചർ, എക്സ്പ്രസ്, അത്യാധുനിക സൗകര്യങ്ങൾ ഉള്ള പ്രീമിയം ട്രെയിനുകൾ എന്നിവ ഇതിൽ ഉൾപ്പെടുമെന്ന് വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി.
ഇന്ത്യൻ റെയിൽവേ ഇതുകൂടി ലക്ഷ്യമിട്ട് ഇപ്പോൾ പ്രതിവർഷം 30,000 കോച്ചുകൾ നിർമിക്കുന്നുണ്ട്. 1,500 ലോക്കോമോട്ടീവുകളും (എൻജിനുകൾ) വർഷം തോറും പുറത്തിറക്കുന്നുണ്ട്. കഴിഞ്ഞ 11 വർഷത്തിനുള്ളിൽ രാജ്യത്ത് 35,000 കിലോമീറ്റർ ട്രാക്കുകളാണ് പുതുതായി കുട്ടിച്ചേർത്തത്. ഒരു വർഷത്തിനുള്ളിൽ മാത്രം 5,300 കിലോമീറ്റർ ദൈർഘ്യത്തിൽ പുതിയ ട്രാക്കുകൾ നിർമിച്ചു.
ബുള്ളറ്റ് ട്രെയിൻ പദ്ധതി ജാപ്പനീസ് സഹകരണത്തോടെ പുരോഗമിക്കുകയാണ്. ഇതിന്റെ ആദ്യത്തെ പ്രോട്ടോടൈപ്പ് 2006ൽ പരീക്ഷണ ഓട്ടത്തിന് സജ്ജമാകുമെന്നാണ് മന്ത്രാലയം പ്രതീക്ഷിക്കുന്നത്. 2027 ൽ വാണിജ്യാടിസ്ഥാനത്തിൽ സർവീസ് ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. മദ്രാസിലെയും റൂർക്കിയിലെയും ഐഐടികളാണ് ബുള്ളറ്റ് ട്രെയിന്റെ രൂപകൽപനയിലും ഗവേഷണത്തിലും പങ്കാളികളായിട്ടുള്ളത്.
സുരക്ഷ വർധിപ്പിക്കുന്നതിനായി നിരവധി പദ്ധതികളാണ് റെയിൽവേ ആവിഷ്കരിച്ച് നടപ്പിലാക്കി വരുന്നത്. ഇതിന്റെ ഫലവും കണ്ടു തുടങ്ങി.ട്രെയിൻ പാളം തെറ്റലുകളുടെ എണ്ണം പ്രതിവർഷം 170 ൽ നിന്ന് 30 ൽ താഴെയായി കുറഞ്ഞിട്ടുണ്ട്. റെയിൽവേയുടെ പ്രഫഷണൽ മാനേജ്മെന്റിനുജപ്പാന്റെയും സ്വിറ്റ്സർലൻഡിന്റെയും മാതൃകകൾ പിന്തുടരാനും മന്ത്രാലയം തത്വത്തിൽ തീരുമാനിച്ചിട്ടുണ്ട്.
- എസ്.ആർ. സുധീർ കുമാർ