മുതലാളിമാരില്‍ നിന്നും കമ്മീഷന്‍ കൈപ്പറ്റാന്‍ നിയോഗിച്ചു പിന്നെ ലൈംഗിക പീഡനവും; കോണ്‍ഗ്രസ് നേതാക്കളുടെ ഉറക്കം കളയാന്‍ സരിതയും സോളാറും വീണ്ടും ?ശിവരാജന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് കാത്ത് ഉമ്മന്‍ചാണ്ടിയും കൂട്ടരും…

കൊച്ചി: കോണ്‍ഗ്രസ് രാഷ്ട്രീയത്തെ പിടിച്ചു കുലുക്കിയ സോളാറും സരിതയും വീണ്ടും ചര്‍ച്ചാവിഷയമാവുമ്പോള്‍ ഉമ്മന്‍ ചാണ്ടിയ്ക്കും കൂട്ടര്‍ക്കും കാര്യങ്ങള്‍ നിര്‍ണായകമാവും. സോളാര്‍ കേസിലെ ജുഡീഷ്യല്‍ കമ്മീഷന്‍ വിധി ഒരു പക്ഷെ ഉമ്മന്‍ചാണ്ടിയുടെ രാഷ്ട്രീയഭാവിയില്‍ തന്നെ സ്വാധീനം ചെലുത്തിയേക്കാം. ജസ്റ്റിസ് ശിവരാജന്‍ കമ്മീഷന്റെ വിധിയെ കേരളം വളരെ ഉദ്വേഗപൂര്‍വമാണ് കാത്തിരിക്കുന്നത്. ഈ മാസം 27ന് വിധി പ്രസ്താവം ഉണ്ടാവുമെന്നാണ് കണക്കുകൂട്ടല്‍.

സരിത ഉമ്മന്‍ ചാണ്ടിയ്‌ക്കെതിരേ ഉന്നയിച്ചിട്ടുള്ളത് ഗുരുതര ആരോപണങ്ങളാണ്. തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്നും, വ്യവസായി എം.എ യൂസഫലി, ഗൗതം അദാനി എന്നിവരില്‍ നിന്നും കമ്മീഷന്‍ കൈപ്പറ്റുന്നതിനായി തന്നെ നിയോഗിച്ചെന്നുമാണ് സരിത സോളാര്‍ കമ്മീഷനു മുമ്പില്‍ സമര്‍പ്പിച്ചിട്ടുള്ള പ്രധാന ആരോപണങ്ങള്‍. എന്നാല്‍ സരിതയുടെ അഭിഭാഷകന്‍ ആളുര്‍ വിസ്തരിച്ചപ്പോള്‍ ഉമ്മന്‍ചാണ്ടി ആരോപണങ്ങളെല്ലാം നിഷേധിച്ചിരുന്നു.

എന്നാല്‍ സരിത സമര്‍പ്പിച്ചിട്ടുള്ള തെളിവുകള്‍ പ്രതിഭാഗത്തിന്റെ ആരോപണങ്ങളെ പൊളിച്ചടുക്കുന്നതാണെന്നും ഉമ്മന്‍ ചാണ്ടിക്കെതിരെയുള്ള കമ്മീഷന്റെ കണ്ടെത്തലുകള്‍ 27ന് നടക്കുന്ന വിധിപ്രസ്താവത്തില്‍ കമ്മീഷന്‍ വ്യക്കമാക്കുമെന്നാണ് പ്രതീക്ഷയെന്നും അഡ്വ.ആളൂര്‍ പറയുന്നു. മൊഴിയെടുക്കാന്‍ പല തവണ വിളിച്ചിട്ടും ഹാജരാകാഞ്ഞതിനെ തുടര്‍ന്ന് കമ്മീഷന്‍ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതോടെയാണ് സരിത മൊഴി നല്‍കാനെത്തിയത്. ഒരിക്കല്‍ കൂടി മൊഴിയെടുക്കാന്‍ സരിതയോട് കമ്മീഷന്‍ ആവശ്യപ്പെട്ടപ്പോഴാണ് അഡ്വ.ആളൂര്‍ സരിതയുടെ അഭിഭാഷകനായി രംഗത്തെത്തിയത്.

മുഖ്യമന്ത്രിയായിരിക്കേ ഗണ്‍മാനായിരുന്ന സലിംരാജിന്റെ മൊബൈലില്‍ നിന്നും ഉമ്മന്‍ചാണ്ടി തന്നെ പലതവണ വിളിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് ജീവനക്കാരായ ജോപ്പന്‍,ജിക്കുമോന്‍ എന്നിവര്‍ക്കും സംഭവത്തില്‍ പങ്കുണ്ടെന്നും സരിത വെളിപ്പെടുത്തിയിരുന്നു. മന്തിമാരായ അടൂര്‍ പ്രകാശ് ,എ പി അനില്‍കുമാര്‍, എംഎല്‍എമാരായ മോന്‍സ് ജോസഫ് ,ഹൈബി ഈഡന്‍, എ.പി അബ്ദുള്ളകുട്ടി തുടങ്ങയവരുടെ പേരുകളും കേസുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വന്നിരുന്നു. ഇവരില്‍ മിക്ക ആളുകള്‍ക്കുമെതിരേ ഗുരുതര ആരോപണങ്ങളാണ് സരിത ഉന്നയിച്ചിരിക്കുന്നത്.

കണ്ടെത്തലുകളും നിഗമനങ്ങളുമടങ്ങിയ റിപ്പോര്‍ട്ട് കമ്മീഷന്‍ സര്‍ക്കാരിന് സമര്‍പ്പിക്കും. ഇതിന്മേല്‍ പിന്നീട് സര്‍ക്കാരാണ് നടടപടികള്‍ സ്വീകരിക്കേണ്ടത്. കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ നടപടി ആവശ്യപ്പെട്ടിട്ടുണ്ടെങ്കില്‍ പൊലീസ് കേസും അറസ്റ്റുമുള്‍പ്പെടെയുള്ള നിയമനടപടികള്‍ ഉമ്മന്‍ ചാണ്ടിയെ കാത്തിരിപ്പുണ്ടെന്നാണ് നിയമവിദഗ്ധര്‍ നല്‍കുന്ന സൂചന. വിഴിഞ്ഞം തുറമുഖ കരാര്‍ സംസ്ഥാനത്തിനു നഷ്ടമുണ്ടാക്കുന്ന തരത്തിലാണോ എന്ന കാര്യത്തില്‍ ഹൈക്കോടതി കഴിഞ്ഞ ദിവസം സംശയം പ്രകടിപ്പിച്ചിരുന്നു. സോളാര്‍ വിധി കൂടി എതിരായാല്‍ ഉമ്മന്‍ചാണ്ടിയുടെ രാഷ്ട്രീയ ജീവിതത്തിനു തന്നെ അത് കനത്ത തിരിച്ചടിയാകുമെന്നതില്‍ സംശയമില്ല. 2013ലായിരുന്നു കമ്മീഷനെ നിയമിച്ചത്. റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുള്ള കാലാവധി ആറുമാസം ആയിരുന്നെങ്കിലും കമ്മീഷന്റെ അഭ്യര്‍ത്ഥന പ്രകാരം കാലാവധി പല തവണ നീട്ടി നല്‍കിയതാണ് റിപ്പോര്‍ട്ട് ഇത്രയധികം വൈകാനുള്ള കാരണം.

 

Related posts