കോട്ടയം: അശ്രദ്ധമായി വാഹനമോടിക്കുന്നതു മൂലമുള്ള അപകടങ്ങൾ ഒഴിവാക്കുന്നതിന്റെ ഭാഗമായുള്ള ലൈൻ ട്രാഫിക് ബോധവത്കരണ പരിപാടിയുടെ ഭാഗമായി കോട്ടയം ജില്ലയിൽ വിവിധ ഗതാഗത നിയമ ലംഘനങ്ങളെത്തുടർന്ന് 225 വാഹനങ്ങളിൽനിന്ന് 2,10,000 രൂപ പിഴ ഈടാക്കി.
ആദ്യ ദിവസം ബോധവത്കരണത്തോടൊപ്പം ഗതാഗത നിയമങ്ങൾ കർശനമായി നടപ്പിലാക്കാനുള്ള എൻഫോഴ്സ്മെന്റ് പ്രവർത്തനങ്ങളുമാണ് നടത്തിയത്.
ആർടിഒ കെ. ഹരികൃഷ്ണന്റെ നേതൃത്വത്തിൽ കോട്ടയം, ചങ്ങനാശേരി, ഉഴവൂർ, പാലാ, കാഞ്ഞിരപ്പള്ളി, വൈക്കം എന്നീ ഓഫീസുകളിലെ ജോയിന്റ് ആർടിഓമാർ, മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാർ, അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാർ സേഫ് സോണിലെ ഉദ്യോഗസ്ഥർ തുടങ്ങി അറുപതോളം ഉദ്യോഗസ്ഥർ പങ്കെടുത്തു.
ഡ്രൈവർമാർക്ക് ലഘുലേഖകൾ വിതരണം ചെയ്തു. വേഗത കുറഞ്ഞ വാഹനങ്ങൾ ഇടതുവശം ചേർന്നു പോകുന്നതിനും ലൈൻ ട്രാഫിക്ക് അനുസരിച്ച് വാഹനം ഓടിക്കുന്നതിനും നിർദ്ദേശം നൽകി.
ഉഴവൂർ, കുറവിലങ്ങാട്, പുതുവേലി, വൈക്കം, ചങ്ങനാശേരി റെയിൽവേ ജംഗ്ഷൻ, തെങ്ങണ, പാലാത്ര ബൈപാസ്, കുരിശുമൂട്, കാഞ്ഞിരപ്പള്ളിയിൽ കുമളി റോഡ്, കോട്ടയത്ത് കോടിമത ടൗണ്‍ ജംഗ്ഷൻ, പട്ടിത്താനം ബൈപാസ് തുടങ്ങിയ സ്ഥലങ്ങൾ കേന്ദ്രീകരിച്ചായിരുന്നു പരിശോധന.