സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട ! ഓപ്പറേഷന്‍ പി ഹണ്ട് ശക്തമാകുന്നു; കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച 500 പേര്‍ നിരീക്ഷണത്തില്‍…

കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിക്കുന്നവര്‍ക്കെതിരേയുള്ള ഓപ്പറേഷന്‍ പി ഹണ്ട് ശക്തമാകുന്നു. ഇത്തരത്തില്‍ ബാല ലൈംഗിക ദൃശ്യങ്ങള്‍ കാണുകയും പ്രചരിപ്പിക്കുകയും ചെയ്ത 500 പേര്‍കൂടി നിരീക്ഷണത്തിലായിരിക്കുകയാണ്.

സംസ്ഥാന പൊലീസിന്റെ സിസിഎസ്ഇ (കൗണ്ടറിങ് ചൈല്‍ഡ് സെക്ഷ്വല്‍ എക്‌സ്‌പ്ലോയിറ്റേഷന്‍) നിരീക്ഷണത്തിലാണ് 16 മുതല്‍ 70 വയസ്സ് വരെയുള്ളവരെ നിരീക്ഷിക്കുന്നത്. കോവിഡ് കാലത്ത് ഇത്തരം പ്രവണതകള്‍ വര്‍ധിക്കുന്നതായാണ് വിലയിരുത്തുന്നത്.

ലോക്ഡൗണ്‍ സാഹചര്യത്തില്‍ ഇന്റര്‍നെറ്റ് ഉപയോഗം വര്‍ധിച്ചതു കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന പ്രവണത വര്‍ധിക്കാനും വഴിയൊരുക്കി.

കഴിഞ്ഞ ദിവസം നടത്തിയ പി ഹണ്ടില്‍ 465 സ്ഥലങ്ങളില്‍ നടത്തിയ റെയ്ഡില്‍ ഐടി പ്രഫഷനലുകളും ഡോക്ടറും പ്രായപൂര്‍ത്തിയാകാത്തവരും ഉള്‍പ്പെടെ 41 പേരെ അറസ്റ്റ് ചെയ്തിരുന്നു.

രണ്ടര വര്‍ഷത്തിനുളളില്‍ നടത്തിയ റെയ്ഡുകളില്‍ മൊത്തം 525 കേസുകള്‍ റജിസ്റ്റര്‍ ചെയ്തു. പിടിയിലായവരില്‍ 16 മുതല്‍ 70 വയസ്സ് പ്രായമുളളവരാണുള്ളത്. വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ കുടുങ്ങുമെന്ന് വ്യക്തമാക്കുന്നതാണ് പുതിയ വിവരങ്ങള്‍.

Related posts

Leave a Comment