പ്രതിപക്ഷം സ്‌പോര്‍ട്മാന്‍ സ്പിരിറ്റ് മറന്നു; രാജ്യസഭയില്‍ സച്ചിന് ‘കന്നി പ്രസംഗം’ നടത്താനായില്ല; പത്തു മിനിറ്റ് പ്രസംഗത്തിനായി കാത്തുനിന്ന മാസ്റ്റര്‍ ബ്ലാസ്റ്റര്‍ ഇളിഭ്യനായി

ന്യൂഡല്‍ഹി: രാജ്യസഭയില്‍ തന്റെ കന്നി പ്രസംഗത്തിനൊരുങ്ങിയ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍ക്ക് നിരാശ. കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ എം.പിമാരുടെ ബഹളത്തെത്തുടര്‍ന്നാണു മാസ്റ്റര്‍ ബ്ലാസ്റ്റര്‍ പ്രസംഗം ഉപേക്ഷിച്ചത്. രാജ്യത്തിന്റെ കായിക ഭാവിയെക്കുറിച്ചുള്ള ചെറു പ്രസംഗമായിരുന്നു സച്ചിന്‍ നടത്തേണ്ടിയിരുന്നത്.

ദീര്‍ഘനാളായി പരിഗണിക്കപ്പെടാതെ കിടക്കുന്ന രാജ്യാന്തര മെഡല്‍ ജേതാക്കള്‍ക്കുള്ള സെന്‍ട്രല്‍ ഹെല്‍ത്ത് ഗാരന്റി സ്‌കീം, സ്‌കൂളുകളിലെ പാഠ്യപദ്ധതിയില്‍ കായിക മേഖല പിന്നാക്കം പോകുന്നതിനെ കുറിച്ചും സച്ചിന്‍ പ്രസംഗിക്കേണ്ടതായിരുന്നു. മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ് പാകിസ്താനുമായി ചേര്‍ന്നു ഗൂഢാലോചന നടത്തിയെന്ന ആരോപണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മാപ്പു പറയണമെന്ന് ആരോപിച്ചാണു പ്രതിപക്ഷം പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനം ബഹളത്തില്‍ മുക്കിയത്.

ഇന്നലെ സച്ചിന്‍ പ്രസംഗിക്കാനെഴുന്നതിനു പിന്നാലെ കോണ്‍ഗ്രസ് എംപിമാരും ഇരിപ്പിടങ്ങളില്‍ നിന്നു ചാടിയെഴുന്നേറ്റു. പ്രസംഗിക്കാമെന്ന പ്രതീക്ഷയില്‍ പത്തുമിനിറ്റോളം സച്ചിന്‍ എഴുന്നേറ്റു നിന്നു. സച്ചിനെ സംസാരിക്കാന്‍ അനുവദിക്കണമെന്ന രാജ്യസഭാ അധ്യക്ഷന്‍ ഉപരാഷ്ട്രപതി വെങ്കയ്യാ നായിഡുവിന്റെ അപേക്ഷ പ്രതിപക്ഷം ചെവിക്കൊണ്ടില്ല. പ്രതിപക്ഷം ”സ്പോര്‍ട്സ്മാന്‍ സ്പിരിറ്റി”ല്ലാതെ പെരുമാറുന്നതിനാല്‍ സഭ നിര്‍ത്തിവയ്ക്കുകയാണെന്നു വെങ്കയ്യാ നായിഡു പ്രഖ്യാപിച്ചു.

ഭാരതരത്ന, രാജീവ് ഗാന്ധി ഖേല്‍രത്ന തുടങ്ങിയ ബഹുമതികള്‍ക്ക് ഉടമയായ സച്ചിന്‍ പ്രാദേശിക വികസന ഫണ്ട് (ലോക്കന്‍ ഏരിയ ഡവലപ്മെന്റ്) വിനിയോഗിക്കുന്ന എം.പിമാരില്‍ മുമ്പനാണ്. 30 കോടി രൂപയുടെ ഫണ്ടില്‍ 98 ശതമാനവും അദ്ദേഹം വിനിയോഗിച്ചു. സന്‍സദ് ആദര്‍ശ് ഗ്രാം യോജന (എസ്.എ.ജി.െവെ.) പ്രകാരം രണ്ട് ഗ്രാമങ്ങള്‍ സച്ചിന്‍ ദത്തെടുക്കുകയും ചെയ്തു. മാസ്റ്റര്‍ ബ്ലാസ്റ്റര്‍ മുന്‍െകെയെടുത്ത 60 ശതമാനം പദ്ധതികളും പൂര്‍ത്തിയായി. സച്ചിന്‍ രാജ്യസഭയില്‍ പ്രസംഗിക്കുന്നതു കാണാനും കേള്‍ക്കാനും പതിനായിരങ്ങള്‍ കാത്തിരിക്കുമ്പോള്‍ പ്രതിപക്ഷത്തിന്റെ നിഷേധാത്മക നിലപാട് ലജ്ജാകരമാണെന്നു ജയാ ബച്ചന്‍ എം.പി. ആരോപിച്ചു. 2012 ലാണു സച്ചിനെ രാജ്യസഭയിലേക്കു നാമനിര്‍ദേശം ചെയ്തത്. കോടിക്കണക്കിന് വരുന്ന ക്രിക്കറ്റ് ആരാധകര്‍ക്കും നിരാശപകരുന്നതായിരുന്നു പ്രതിപക്ഷത്തിന്റെ നടപടി.

 

Related posts