അടിയന്തര മുന്നറിയിപ്പ്! പി 500 എന്ന് എഴുതിയ പാരസെറ്റമോളില്‍ മച്ചുപോ വൈറസ്; വൈറലാകുന്ന ‘വൈറസ്’ വാര്‍ത്തയുടെ സത്യമെന്ത്?

പി 500 എന്ന് എഴുതിയ പാരസെറ്റമോള്‍ എടുക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. ഇത് പുതിയതും വളരെ വെളുത്തതും തിളക്കമുള്ളതുമായ പാരസെറ്റമോള്‍ ആണ്, അതില്‍ ‘മച്ചുപോ’ വൈറസ് അടങ്ങിയിരിക്കുന്നുവെന്നും ഇത് ലോകത്തിലെ ഏറ്റവും അപകടകരമായ വൈറസുകളിലൊന്നായി കണക്കാക്കപ്പെടുന്നു എന്നുമാണ് വിദഗ്ദ ഡോക്ടര്‍മാര്‍ ഉപദേശിക്കുന്നത്.

നിങ്ങളുടെ കോണ്‍ടാക്റ്റിലുള്ള എല്ലാവരുമായും കുടുംബവുമായും ദയവായി ഈ സന്ദേശം പങ്കിടുക, ഒരു ജീവന്‍ രക്ഷിക്കുക… ഞാന്‍ എന്റെ ഭാഗം ചെയ്തു, ഇപ്പോള്‍ ഇത് നിങ്ങളുടെ അവസരമാണ്… മറ്റുള്ളവരെ സഹായിക്കുന്നവരെ ദൈവം സഹായിക്കുന്നുവെന്ന് ഓര്‍മ്മിക്കുക എന്നും ഈ മുന്നറിയിപ്പില്‍ പറയുന്നു.

കഴിഞ്ഞ കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ നമ്മളില്‍ പലരുടേയും വാട്സാപ്പ് ഇന്‍ബോക്സില്‍ ഇത്തരമൊരു മെസേജ് വന്നിട്ടുണ്ടാകും.

ഈ മെസേജ് കിട്ടുന്നവര്‍ അത് അടുത്തയാളിലേക്ക് എത്തിക്കുന്നതിനു മുന്‍പ് ഒരു ചെറിയ ഗൂഗിള്‍ സര്‍ച്ച് നടത്തിയാല്‍ മതിയാകും സംഗതി ഫേക്ക് ആണെന്ന് മനസിലാക്കാന്‍. അതേസമയം മാച്ചുപോ വൈറസ് എന്നൊരു വൈറസ് ഉണ്ട്. പക്ഷേ അതിന് നമ്മുടെ പാവം പാരസെറ്റമോളുമായി യാതൊരുരവിധ ബന്ധവുമില്ല എന്നതാണ് വാസ്തവം.

ഈ ഫേക്ക് മെസേജില്‍ പ്രധാനമായും പറയുന്നത് പി 500 എന്നെഴുതിയിരിക്കുന്ന പാരസെറ്റമോള്‍ ടാബ്ലറ്റിലാണ് വൈറസ് അടങ്ങിയിരിക്കുന്നത് എന്നാണ്. ഈ പറയുന്ന 500 ഉം മാച്ചുപോ വൈറസുമായി ഒരുബന്ധവുമില്ല. മുതിര്‍ന്ന വ്യക്തികള്‍ക്കു നല്‍കുന്ന പാരസെറ്റമോളിന്റെ സ്റ്റാന്‍ഡര്‍ഡ് ഡോസേജാണ് 500എംജി എന്നതിലൂടെ കണക്കാക്കുന്നത്. ഇതൊക്കെ അറിയാമെങ്കില്‍പോലും മുന്‍പിന്‍ നോക്കാതെ ഈ മെസേജുകള്‍ അടുത്തുള്ളവരിലേക്ക് എത്തിക്കാനുള്ള തിടുക്കത്തിലാണ് നമ്മളില്‍ പലരും.

എന്നാല്‍ ഇത്തരത്തിലുള്ള വ്യാജ സന്ദേശങ്ങള്‍ പ്രോത്സാഹിപ്പിക്കരുതെന്നും പാരസെറ്റമോളിന് വൈറസിനെ കൊണ്ടു നടക്കലല്ല ജോലിയെന്നും ഡോ ഷിംന അസീസ് പറയുന്നു. ഇത്തരം മുറിയന്‍ മെസേജുകള്‍ ഇല്ലാതാക്കുന്നത് വൈറല്‍ പനി മുതല്‍ കാന്‍സര്‍ രോഗിക്കു പനിക്കുമ്പോള്‍ വരെ സര്‍വസാധാരണമായി ഉപയോഗിക്കുന്ന ഒരു മരുന്നിന്റെ വിശ്വാസ്യതയാണെന്നും ഷിംന തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നു.

കുറിപ്പിന്റെ പൂര്‍ണ രൂപം ഇങ്ങനെ:

പാരസെറ്റമോള്‍/അസെറ്റമിനോഫെന്‍ അല്ലെങ്കില്‍ C8H9NO2 എന്ന രാസവസ്തുവിന് വൈറസിനെ കൊണ്ടു നടക്കല്‍ അല്ല ജോലി…അത് മാരകരോഗമോ കൊടൂര സൈഡ് ഇഫക്ടുകളോ ഉണ്ടാക്കില്ല. ടാബ്ലെറ്റ് പോലൊരു വരണ്ടുണങ്ങിയ വസ്തുവില്‍ വൈറസിന് ജീവിക്കാന്‍ കഴിയില്ല. Antipyretic (പനിക്കെതിരെ പ്രവര്‍ത്തിക്കുന്നത്) and Analgesic (വേദനക്കെതിരെ പ്രവര്‍ത്തിക്കുന്നത്) ആണ് പാരസെറ്റമോള്‍…

സാരമായ പാര്‍ശ്വഫലങ്ങളില്ലാത്ത താരതമ്യേന സുരക്ഷിതമായ ഗുളിക. തമാശയായോ കാര്യമായോ എഴുതിയുണ്ടാക്കുന്ന ഈ മുറിയന്‍ മെസേജുകള്‍ ഇല്ലാതാക്കുന്നത് വൈറല്‍ പനി മുതല്‍ കാന്‍സര്‍ രോഗിക്ക് പനിക്കുമ്പോള്‍ വരെ സര്‍വ്വസാധാരണമായി ഉപയോഗിക്കുന്ന ഒരു മരുന്നിന്റെ വിശ്വാസ്യതയാണ്…

ഈ മെസേജിന്റെ മലയാളം വേര്‍ഷനിലെ ‘അപകടമായീടും’ വൈറസിന് പേരുമില്ല, അഡ്രസ്സുമില്ല…എന്തിന് പറയുന്നു..എഴുതിയുണ്ടാക്കിയ വിദഗ്ധന് മര്യാദക്ക് ഒരു മെസേജ് അക്ഷരതെറ്റില്ലാതെ എഴുതാന്‍ പോലുമറിയില്ല…

എന്നിട്ടും ‘Dolo കുഴപ്പമുണ്ടോ…Panadol കുഴപ്പമുണ്ടോ…Calpol കുഴപ്പമുണ്ടോ’ എന്നൊക്കെ മെസേജുകള്‍ വന്നു കൊണ്ടേ ഇരിക്കുന്നു…

അതായത്, ഈ ബ്രാന്‍ഡ് പ്രശ്‌നമാണെന്ന് സംശയാതീതമായി തെളിയിക്കപ്പെട്ടത് പോലെയുള്ള പ്രതികരണങ്ങള്‍…
അക്ഷരങ്ങളോ സാരാംശമോ പ്രശ്‌നമല്ല…പാരസെറ്റമോള്‍ എന്ന് മുതലാണ് ജീവന് ഹാനിയായിത്തുടങ്ങിയതെന്ന് തിരിച്ച് ചിന്തിക്കാന്‍ ഒരാളുമില്ല….ചുരുങ്ങിയത് മെസേജിന്റെ നിലവാരമെങ്കിലും വരികള്‍ക്കിടയിലൂടെ വായിക്കപ്പെടണം…വിശകലനം ചെയ്യണം..സംശയം ചോദിക്കണം…

ഡോക്ടര്‍മാര്‍ പഠിച്ചെഴുതി പല കുറി വെട്ടിത്തിരുത്തി കുറ്റമറ്റതാക്കി ഒടുക്കം പ്രസിദ്ധീകരിച്ച കുറിപ്പുകള്‍ ഇത്ര വായിക്കപ്പെടുന്നില്ല…ഇത്തരം കുറിപ്പുകള്‍ തൊണ്ട തൊടാതെ വിഴുങ്ങപ്പെടുന്നു…

ഈ ഒരു സാധനം കൊണ്ട് വാട്ട്‌സ് ആപ്പും മെസഞ്ചറും നിറഞ്ഞിരിക്കുന്നു… ചോദ്യത്തോട് ചോദ്യം.

വിവരമില്ലായ്മ ഒരലങ്കാരമായി കൊണ്ടു നടക്കുന്നവര്‍ ചെയ്യുന്ന സാമൂഹ്യദ്രോഹത്തിന് നേരെ കണ്ണടച്ച് ഒരു ക്ലിക്കില്‍ ഒന്നിലേറെ പേര്‍ക്ക് ഫോര്‍വാര്‍ഡ് ചെയ്യുമ്പോള്‍, വിശേഷബുദ്ധി എന്നൊന്ന് നമ്മള്‍ പണയം വെക്കുകയാണോ എന്നും പ്രബുദ്ധമലയാളി സമൂഹം ഇതെങ്ങോട്ടാണെന്നും ഡോ ഷിംന അസീസ് തന്റെ പോസ്റ്റിലൂടെ ചോദിക്കുന്നു.

Related posts