മലയാള സിനിമ വളര്‍ന്നു, ഡേവിഡിന്റെ കാഴ്ചകളിലൂടെ

കണ്ണു ചിമ്മുന്ന വേഗത്തിലായിരുന്നു മലയാള ചലച്ചിത്ര ലോകത്തിന്റെ വളര്‍ച്ച. മലയാള സിനിമയുടെ ബാല്യവും കൗമാരവും യൗവനവുമെല്ലാം സിനിമയ്ക്കൊപ്പം നടന്നു കണ്ട വ്യക്തിയാണ് പി. ഡേവിഡ്. പത്തു വര്‍ഷം മുന്‍പു സിനിമാ മേഖലയോടു വിട പറഞ്ഞു മാറി നിന്ന ഡേവിഡ് പകര്‍ത്തിയ സിനിമ കാഴ്ചകളിലൂടെയാണ് 22-ാമത് അന്താരാഷ്്ട്ര ചലച്ചിത്രോത്സവ കാഴ്ചകള്‍ മിഴി തുറന്നത്. കനകക്കുന്നു കൊട്ടാരത്തില്‍ നടക്കുന്ന മലയാള സിനിമയുടെ 90 വര്‍ഷം എന്ന ചിത്ര പ്രദര്‍ശനത്തില്‍ പി. ഡേവിഡിന്റെ 120 ചിത്രങ്ങളാണ് ‘ഓര്‍മചിത്രങ്ങള്‍’ എന്ന വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. ബ്ലാക് ആന്‍ഡ് വൈറ്റ് കാലഘട്ടം മുതല്‍ വര്‍ണാഭമായ ഇന്നത്തെ യുഗം വരെയുള്ള തന്റെ സിനിമ അനുഭവത്തെക്കുറിച്ചു പി. ഡേവിഡ് രാഷ്ട്രദീപികയോട് സംസാരിക്കുന്നു.

* കാമറകളോടു കൂട്ടുകൂടിയ കുട്ടിക്കാലം
കുട്ടിക്കാലം മുതല്‍ തുടങ്ങിയതാണ് ഡേവിഡിന് കാമറകളോടുള്ള ഇഷ്ടം. വൈകുന്നേരം സ്‌കൂള്‍ വിടാനുള്ള ബെല്ലിനു കാതോര്‍ത്താണു കുഞ്ഞു ഡേവിഡിന്റെ ഇരിപ്പ്. ബെല്ലടിച്ചാലുടന്‍ പുസ്തക സഞ്ചിയും കൈയിലെടുത്ത് ഒരൊറ്റ ഓട്ടമാണ്. നേരെ ഇരിങ്ങാലക്കുടയിലുള്ള അമ്മാവന്റെ സ്റ്റുഡിയോയിലേക്ക്. അവിടെ നിന്നാണ് കാമറകളെക്കുറിച്ചും ഫോട്ടോ എടുക്കുന്ന വിദ്യയെക്കുറിച്ചുമെല്ലാം അദ്ദേഹം പഠിക്കുന്നത്. കുട്ടിക്കാലത്ത് ഇതു കൗതുകമായിരുന്നെങ്കില്‍ പഠനം പൂര്‍ത്തിയാകാറായപ്പോഴേക്കും ഡേവിഡ് മനസിലുറപ്പിച്ചു- സിനിമയില്‍ കയറണം, വലിയ ആളാകണം.

* സ്വപ്നത്തിലേക്ക് ഒരു ട്രെയിന്‍ ദൂരം
1962-63 കാലഘട്ടത്തിലാണ് സിനിമ എന്ന സ്വപ്നം കൈപ്പിടിയില്‍ ഒതുക്കുന്നതിനായി കൗമാരക്കാരനായ ഡേവിഡ് മദ്രാസിലേക്ക് ട്രെയിന്‍ കയറിത്. ഛായാഗ്രാഹകന്‍ ആകണം എന്നതായിരുന്നു ആഗ്രഹം. പക്ഷേ ജോലിയില്‍ പ്രവേശിച്ച് ഏഴു മാസത്തിനുള്ളില്‍ ഇതല്ല തന്റെ വഴി എന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. ‘അങ്ങനെയിരിക്കെയാണ് ഒരു ഫോട്ടോ സ്റ്റുഡിയോയില്‍ ജോലിക്കു കയറിയത്. ശരിക്കും പറഞ്ഞാല്‍ അവിടെ നിന്നാണ് ഞാന്‍ ശോഭനാ പരമേശ്വരന്റെ അടുത്തെത്തുന്നത്. അങ്ങനെ അദ്ദേഹത്തിനൊപ്പം നിരവധി സിനിമകളില്‍ പ്രവര്‍ത്തിക്കാനുള്ള ഭാഗ്യം എനിക്കു ലഭിച്ചു.” ഡേവിഡ് പറഞ്ഞു.

* അമ്മുവും റോസിയും
1965-ലാണ് ഡേവിഡ് സ്വതന്ത്ര നിശ്ചല ഛായഗ്രഹകന്‍ എന്ന നിലയിലേക്കു വളരുന്നത്. എന്‍.എന്‍. പിശാരടിയുടെ അമ്മുവായിരുന്നു ആദ്യ ചിത്രം. എന്നാല്‍ ആദ്യ ഷെഡ്യൂള്‍ കഴിഞ്ഞതും ചില സാങ്കേതിക കാരണങ്ങളാല്‍ സിനിമയുടെ തുടര്‍ ചിത്രീകരണം നീണ്ടു. ഇതിനിടയില്‍ ഒരു സുഹൃത്താണ് പി.എന്‍. മേനോന്റെ റോസി എന്ന ചിത്രത്തിലേക്കു ഡേവിഡിന്റെ പേരു നിര്‍ദ്ദേശിക്കുന്നത്. പൂര്‍ണമായും ഔട്ട് ഡോറില്‍ ചിത്രീകരിച്ച ആദ്യ മലയാള സിനിമയായിരുന്നു റോസി. ഇവരണ്ടുമായിരുന്നു ആദ്യ സിനിമകള്‍. അവിടുന്നിങ്ങോട്ടു ലക്ഷക്കണക്കിനു ചിത്രങ്ങളാണു ഡേവിഡിന്റെ മുന്നാം കണ്ണുകള്‍ പകര്‍ത്തിയത്.

* നിത്യഹരിത നായകനൊപ്പം 64 സിനിമകള്‍
സിനിമ തിയറ്ററിലെ വലിയ സ്‌ക്രീനില്‍ ആരാധനയോടെ താന്‍ പ്രേം നസീറിനെ നോക്കിയിരുന്നിട്ടുണ്ടെന്നു ഡേവിഡ് പറയുന്നു. ‘ ശരിക്കും പറഞ്ഞാല്‍ നസീര്‍ സാറിനോടും സത്യന്‍ മാഷിനോടുമെല്ലാം തോന്നിയിരുന്ന ആരാധനയും ഞാന്‍ ഈ മേഖലയിലേക്ക് എത്തിയ പ്രധാന കാരണങ്ങളില്‍ ഒന്നാണ്. നമ്മള്‍ ആരാധിച്ചിരുന്നവര്‍ നമ്മുടെ തോളില്‍ കൈയിട്ട് സംസാരിക്കുക എന്നു പറയുന്നതു തന്ന എന്നെ സംബന്ധിച്ചു വലിയ ഭാഗ്യമാണ്’ ഡേവിഡ് പറഞ്ഞു. പ്രേം നസീറിനോടൊപ്പം 64 ചിത്രങ്ങളിലാണ് ഡേവിഡ് പ്രവര്‍ത്തിച്ചിട്ടുള്ളത്. മധുവിന്റെ ആദ്യ ചിത്രമായ പ്രിയ മുതല്‍ സതി വരെ 48 സിനിമകളുടെ സ്റ്റില്ലുകള്‍ പകര്‍ത്തിയതു ഡേവിഡിന്റെ കാമറയാണ്. ഫ്രെയിമില്‍ ഏറ്റവും സുന്ദരി ആരെന്ന ചോദ്യത്തിനു കുറച്ച് ആലോചിച്ച ശേഷമായിരുന്നു മറുപടി- ‘വിജയശ്രീ. അവര്‍ സുന്ദരിയായിരുന്നു. അതുപോലെ തന്നെയാണു ജയഭാരതിയും ഷീലയുമെല്ലാം’. കലാകാരികള്‍ക്ക് ഇണങ്ങിയ സൗന്ദര്യമാണ് ഇവരുടെയെല്ലാം എന്നാണ് ഡേവിഡിന്റെ പറയുന്നത്.

* സത്യന്‍ മാഷ് സഹോദര തുല്യന്‍
‘സിനിമയില്‍ വരുന്നതിനു മുന്‍പും പിന്‍പും എന്നെ അദ്ഭുതപ്പെടുത്തിയിരുന്ന നടനാണ് സത്യന്‍ മാഷ്. അദ്ദേഹത്തിന്റെ അഭിനയത്തിലും ചിരിയിലും പെരുമാറ്റത്തിലുമെല്ലാം ഒരു കലാകാരന്റെ സൗന്ദര്യം നിറഞ്ഞു നിന്നിരുന്നു’ സത്യന്‍ മാഷിന്റെ ഓര്‍മകളില്‍ ഡേവിഡ് വാചാലനായി. ‘ഫ്രെയിമില്‍ ഏറ്റവും സുന്ദരന്‍ ആരെന്ന ചോദ്യത്തിനു കണ്ണടച്ചു പറയാവുന്ന പേരാണു സത്യന്‍ മാഷിന്റേത്. അതുപോലെ തന്നെയാണ് ഓരോ കഥാപത്രങ്ങള്‍ക്കും വേണ്ടി അദ്ദേഹമെടുക്കുന്ന കഠിനാധ്വാനങ്ങളും. സ്വന്തം ആരോഗ്യം പോലും ശ്രദ്ധിക്കാതെയാണ് അദ്ദേഹം തന്റെ അവസാന സിനിമ വരേയും പ്രവര്‍ത്തിച്ചത്. എന്നിട്ടും…’ വാക്കുകള്‍ മുഴുവിപ്പിക്കാനാകാതെ ഡേവിഡിന്റെ ശബ്ദം ഇടറി.

* 150നു മേല്‍ സിനിമകള്‍ ഒരു ലക്ഷത്തോളം നെഗറ്റീവുകള്‍
നീണ്ട 45 വര്‍ഷത്തെ നിശ്ചല ഛായഗ്രഹണ ജീവിതത്തില്‍ 150-ഓളം ചിത്രങ്ങള്‍ക്കുവേണ്ടി ഡേവിഡ് പടമെടുത്തു. എടുത്ത എല്ലാ ചിത്രങ്ങളുടേയും നെഗറ്റീവുകളും ആല്‍ബവും ഇന്നും സൂക്ഷിച്ചുവച്ചിട്ടുണ്ട് എന്നതാണ് ഇദ്ദേഹത്തെ മറ്റുള്ളവരില്‍ നിന്നു വ്യത്യസ്തനാക്കുന്നത്. ‘ആര്‍ക്കെങ്കിലും ചിത്രങ്ങള്‍ വേണമെങ്കില്‍ അവര്‍ ആദ്യം വിളിക്കുന്നത് എന്നെയാണ്. കാരണം ഞാന്‍ വര്‍ക്ക് ചെയ്ത എല്ലാ ചിത്രങ്ങളും എന്റെ കൈയിലുണ്ട്. ഇപ്പോള്‍ പടങ്ങള്‍ കുറേശ്ശെ ഡിജിറ്റൈസ് ചെയ്തു വരുന്നു. എല്ലാം ഡിജിറ്റലാക്കി സൂക്ഷിക്കണം എന്നാണ് എന്റെ ആഗ്രഹം. കാരണം ഇവയൊക്കെ ഇന്നു നമുക്ക് ഓര്‍മകളാണെങ്കിലും വരും തലമുറയ്ക്കുള്ള പഠന വസ്തുക്കളാണ്’ ഡേവിഡ് പറഞ്ഞു. മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലും ഡേവിഡ് പ്രവര്‍ത്തിച്ചിട്ടുണ്ട്.


ഇപ്പോള്‍ ചെന്നൈയിലെ വീട്ടില്‍ ഭാര്യ അല്‍ഫോണ്‍സയോടൊപ്പം വിശ്രമ ജീവിതം ആഘോഷിക്കുന്ന ഡേവിഡിന്റെ ഇഷ്ടവിനോദം യാത്രകളാണ്. പ്രധാനമായും വിദേശ രാജ്യങ്ങള്‍ ചുറ്റി സഞ്ചരിക്കുക. ഈ യാത്രകളില്‍ കാണുന്ന മനോഹര കാഴ്്ചകള്‍ മാത്രമാണ് ഇപ്പോള്‍ ഡേവിഡിന്റെ കാമറകള്‍ പകര്‍ത്താറുള്ളത്. പുത്തന്‍ ഡിജിറ്റല്‍ കാമറകളോടു താത്പര്യമില്ല. അതുകൊണ്ട് ഇന്നും തോഴര്‍ പഴയ കാമറകള്‍ തന്നെ എന്ന് പൊട്ടി ചിരിച്ചുകൊണ്ട് ഡേവിഡ് പറഞ്ഞു.

അഞ്ജലി അനില്‍കുമാര്‍

 

Related posts