ലോകത്തിലെ ഏറ്റവും ചെലവേറിയ നമ്പര്‍ പ്ലേറ്റ് ! P7 നമ്പർ പ്ലേറ്റ് ലേലത്തിൽ വിറ്റു; 122 കോടി രൂപയ്ക്ക്

ലോകത്തിലെ ഏറ്റവും ചെലവേറിയ നന്പർ പ്ലേറ്റ് ദുബായിയിൽ! “P 7′ എന്ന ഈ നന്പർ പ്ലേറ്റ് ലേലത്തിൽ വിറ്റത് 122 കോടി രൂപയ്ക്ക്!

‘മോസ്റ്റ് നോബളസ്റ്റ് നമ്പേഴ്സ്’ ഇവന്‍റിൽ നടന്ന ലേലത്തിലാണ് 55 ദശലക്ഷം ദിർഹത്തിന് വിഐപി നന്പർ പ്ലേറ്റ് വിറ്റത്. ദുബായിലെ ജുമൈറ മേഖലയിലെ ഫോർ സീസൺസ് റിസോർട്ടിലായിരുന്നു ലേലം.

15 മില്യൺ ദിർഹത്തിൽ ആരംഭിച്ച ലേലം സെക്കൻഡുകൾക്കുള്ളിൽ 30 മില്യണിലെത്തി. 35 ദശലക്ഷം ദിർഹത്തിലെത്തിയപ്പോൾ ആരും തുക കേറ്റി വിളിക്കാതെ അൽപ്പനേരം ആ നിലതന്നെ തുടർന്നു.

ടെലിഗ്രാം ആപ്പിന്‍റെ സ്ഥാപകനും ഉടമയുമായ പാവൽ വലേരിവിച്ച് ദുറോവ് ആണ് 35 ദശലക്ഷം ദിർഹത്തിനു വിളിച്ചത്.

എന്നാൽ, പിന്നീടു വാശിയേറിയ ലേലം വിളിയാണു നടന്നത്. അധികം വൈകാതെ ലേലത്തുക 55 ദശലക്ഷം ദിർഹത്തിലെത്തുകയും ലേലം ഉറപ്പിക്കുകയും ചെയ്തു.

ലേലം വിളിച്ച വ്യക്തിയുടെ വിവരങ്ങൾ ലഭ്യമായിട്ടില്ല. പതിനാറ് വർഷം മുമ്പ്, അബുദാബിയിൽ ഒരു നമ്പർ പ്ലേറ്റ് 52.5 ദശലക്ഷം ദിർഹത്തിനു വിറ്റതാണ് നിലവിലുള്ള ലോക റിക്കാർഡ്.

മറ്റ് വിഐപി നമ്പർ പ്ലേറ്റുകളും ഫോൺ നമ്പറുകളും ലേലം ചെയ്തു. കോടിക്കണക്കിനു രൂപയ്ക്കാണ് ഇതെല്ലാം ലേലത്തിൽ പോയത്.

റംസാനിലെ സന്നദ്ധ-സേവന പ്രവർത്തനങ്ങൾക്കുള്ള ഫണ്ട് ശേഖരണത്തിനു വേണ്ടിയായിരുന്നു ലേലം.

“1 ബില്യൺ മീൽസ് എൻഡോവ്മെന്‍റ്’ എന്ന പേരിലായിരുന്നു ലേലപരിപാടികൾ. വിവിധ ചാരിറ്റി പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന മൊഹമ്മദ് ബിൻ റാഷിദ് ഗ്ലോബൽ ഇനിഷ്യേറ്റീവ്സ് (എംബിആർജിഐ) എന്ന സർക്കാരിതര സംഘടനയുടെ നേതൃത്വത്തിലായിരുന്നു ലേലം.

സാമ്പത്തിക, സാമൂഹിക, പാരിസ്ഥിതിക മേഖലകളിലാണ് പ്രധാനമായും സംഘടനയുടെ പ്രവർത്തനം.

Related posts

Leave a Comment