ബാലാക്കോട്ടെ ഇന്ത്യന്‍ വ്യോമാക്രമണത്തില്‍ 200 പേര്‍ മരിച്ചു ! മൃതദേഹങ്ങള്‍ ഖൈബര്‍ പക്തൂണ്‍ഖ്വയിലേക്ക് മാറ്റി; വെളിപ്പെടുത്തലുമായി പാക് ആക്ടിവിസ്റ്റ്‌

പുല്‍വാമ ഭീകരാക്രമണത്തിനു മറുപടിയായി പാകിസ്ഥാനിലെ ബാലാക്കോട്ടില്‍ ഫെബ്രുവരി 26 ന് ഇന്ത്യന്‍ വ്യോമസേന നടത്തിയ വ്യോമാക്രമണത്തില്‍ 200 പേര്‍ കൊല്ലപ്പെട്ടെന്ന വാദവുമായി യുഎസ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പാക്ക് ആക്ടിവിസ്റ്റ്. കൊല്ലപ്പെട്ട ഇരുന്നൂറോളം പേരെ ബാലാകോട്ടില്‍ നിന്നു ഖൈബര്‍ പക്തൂണ്‍ഖ്വയിലേക്ക് മാറ്റിയെന്നാണ് അദ്ദേഹം പറയുന്നത്.

പാക്കിസ്ഥാനിലെ ചില ഉര്‍ദു മാധ്യമങ്ങളിലും ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആക്രമണത്തില്‍ നിരവധി പേര്‍ മരിച്ചുവെന്നതിന് തെളിവായി സൈനികന്‍ സംസാരിക്കുന്ന വിഡിയോയും അദ്ദേഹം ട്വീറ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ ഈ വിഡിയോയുടെ ഉറവിടവും അതിന്റെ ആധികാരികതയും ഇതുവരെ വ്യക്തമായിട്ടില്ല. പുറത്തുവിട്ട വിഡിയോയില്‍ 200 പേര്‍ രക്തസാക്ഷികളായെന്ന് പാക്ക് സൈനികന്‍ പറയുന്നുണ്ട്.

പാക്കിസ്ഥാന്‍ സര്‍ക്കാരിനു വേണ്ടി ശത്രുക്കള്‍ക്കെതിരേ യുദ്ധം ചെയ്യാനുള്ള ആഹ്വാനവും പാക് സൈനികന്‍ നല്‍കുന്നത് വീഡിയോയില്‍ കാണാം. എന്നാല്‍ ഈ വിഡിയോയുടെ ആധികാരികത സംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ ലഭ്യമല്ലെന്നാണ് വിഡിയോ പോസ്റ്റ് ചെയ്ത വ്യക്തി വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐയോടു പ്രതികരിച്ചത്. എന്നാല്‍ ബാലോകോട്ടില്‍ സംഭവിച്ച സുപ്രധാന കാര്യങ്ങളെല്ലാം പാക്കിസ്ഥാന്‍ മറച്ചുവെക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.

ഫെബ്രുവരി 26 ന് പുലര്‍ച്ചെ പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രി പറഞ്ഞത് ബാലാകോട്ടില്‍ എന്താണ് സംഭവിച്ചതെന്ന് രാജ്യാന്തര മാധ്യമങ്ങളെ കാണിക്കുമെന്നും ഇപ്പോള്‍ അവിടുത്തെ കാലാവസ്ഥ സുഖകരമല്ലെന്നുമാണ്. എന്നാല്‍ ആക്രമണം നടന്നതിനു ശേഷം വിദേശ മാധ്യമങ്ങളെയോ വാര്‍ത്താ ഏജന്‍സികളെയോ പാക്കിസ്ഥാന്‍ സൈനികര്‍ ഇവിടേക്ക് പ്രവേശിക്കാന്‍ അനുവദിച്ചിട്ടില്ലയെന്നതാണ് യാഥാര്‍ഥ്യം. മൂന്നു തവണ ഇവിടേക്ക് കടക്കാനെത്തിയ റോയിട്ടേഴ്‌സ് ലേഖകനെ തടഞ്ഞ വാര്‍ത്തയും പ്രാധാന്യം നേടിയിരുന്നു.

Related posts