Set us Home Page

ഇന്ത്യ പൈന്‍ മരക്കാട് നശിപ്പിച്ചെന്നത് ശരിതന്നെ ! എന്നാല്‍ ഇന്നുവരെ ഒരൊറ്റ മാധ്യമം പോലും ആക്രമണം നടന്ന സ്ഥലം സന്ദര്‍ശിച്ചിട്ടില്ലെന്ന് വ്യക്തമായി; റോയിട്ടേഴ്‌സ് ലേഖകനെ മൂന്നാമതും തടഞ്ഞ് പാകിസ്ഥാന്‍

ജാബാ: രാജ്യത്തെ ബുദ്ധിജീവികള്‍ക്കും പാകിസ്ഥാന്‍ അനുകൂലികള്‍ക്കും വേണ്ടത് ബാലാക്കോട്ട് വ്യോമാക്രമണം നടത്തിയതിന്റെ തെളിവാണ്. ആക്രമണത്തില്‍ 300ലധികം ഭീകരര്‍ കൊല്ലപ്പെട്ടുവെന്നുവെന്നു പറഞ്ഞെങ്കിലും അതിന് തെളിവില്ലാത്തതിനാല്‍ ഇക്കാര്യം വിശ്വസിക്കാന്‍ പലരും ഇതുവരെ തയ്യാറായിട്ടില്ല. ഇതിനിടയില്‍ ആക്രമണത്തില്‍ ആരും കൊല്ലപ്പെട്ടില്ലെന്ന റിപ്പോര്‍ട്ട് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് പുറത്തു വിട്ടതോടെ പലരും കേന്ദ്രസര്‍ക്കാരിനെതിരേ ആഞ്ഞടിച്ചു രംഗത്തുവന്നു. എന്നാല്‍ ഈ വിഷയത്തില്‍ റോയിട്ടേഴ്‌സ് കാണിച്ച അമിതാവേശമാണ് ഇപ്പോള്‍ വിനയായതെന്ന വിവരമാണ് ഇപ്പോള്‍ പുറത്തു വരുന്നത്. അന്താരാഷ്ട്ര മാധ്യമങ്ങളെ കൊണ്ടു പോയി ബോംബിട്ട സ്ഥലങ്ങള്‍ കാണിക്കുമെന്ന് വീമ്പടിച്ച പാക്കിസ്ഥാന്‍ ഇപ്പോള്‍ പറഞ്ഞ വാക്കു വിഴുങ്ങിയിരിക്കയാണ്.

ഇന്ത്യ വ്യോമാക്രമണം നടത്തിയ ബാലാക്കോട്ട് പ്രദേശം സന്ദര്‍ശിക്കാനെത്തിയ രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് സംഘത്തെ പാക്ക് സേന തടഞ്ഞു. ഇത് മൂന്നാം തവണയാണ് ഇവരെ പ്രദേശം സന്ദര്‍ശിക്കുന്നതില്‍ നിന്നും വിലക്കിയത്. മദ്രസയും അനുബന്ധ കെട്ടിടങ്ങളും പ്രവര്‍ത്തിക്കുന്ന മലമുകളിലേക്കുള്ള പ്രവേശനമാണു കാവല്‍സേന വിലക്കിയത്. സുരക്ഷാ കാരണങ്ങളാല്‍ പ്രവേശനം അനുവദിക്കാനാവില്ലെന്ന് അവര്‍ അറിയിച്ചു. ഒമ്പത് ദിവസത്തിനിടെ ഇതു മൂന്നാംതവണയാണു പ്രവേശനം തേടി റോയിട്ടേഴ്സ് സംഘം ഇവിടെയെത്തുന്നത്. 100 മീറ്റര്‍ താഴെ റോഡില്‍ നിന്നു മദ്രസ ഉള്‍പ്പെടുന്ന പൈന്മരക്കാട് കാണാനേ സംഘത്തിനു കഴിഞ്ഞുള്ളൂ.

ഈ പ്രദേശത്തെ ഭീകര പരിശീലന കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു പുല്‍വാമ ഭീകരാക്രണത്തിനു തിരിച്ചടിയായി കഴിഞ്ഞ 26 ന് ഇന്ത്യ നടത്തിയ വ്യോമാക്രമണം. ജയ്ഷെ മുഹമ്മദ് നടത്തിയിരുന്ന മദ്രസ കഴിഞ്ഞ ജൂണ്‍ വരെ പ്രവര്‍ത്തിച്ചിരുന്നെന്നും പിന്നീട് സജീവമല്ലായിരുന്നെന്നും ഗ്രാമവാസികള്‍ റോയിട്ടേഴ്സ് സംഘത്തോടു പറഞ്ഞു. പ്രവേശന കവാടത്തിലുണ്ടായിരുന്ന ബോര്‍ഡ് പിന്നീട് എടുത്തു മാറ്റി. ഇന്ത്യയുടെ വ്യോമാക്രണത്തില്‍ നാശനഷ്ടമുണ്ടായിട്ടില്ലെന്നാണു പാക്ക് നിലപാട്. ഇക്കാര്യം സ്ഥിരീകരിക്കുന്നതിനായി രാജ്യാന്തര വാര്‍ത്താ സംഘത്തെ ബാലാക്കോട്ട് കൊണ്ടുപോകുമെന്നു പാക്കിസ്ഥാന്‍ രണ്ട് തവണ വാഗ്ദാനം ചെയ്തെങ്കിലും അവസാനനിമിഷം ചുവടു മാറ്റി. കാലാവസ്ഥ അനുകൂലമല്ലെന്നു പറഞ്ഞാണു യാത്ര മുടക്കിയത്. സ്വന്തം നിലയ്ക്ക് അവിടെ എത്തിയവരെ തടയുകയും ചെയ്തു. ഇതെല്ലാം വ്യക്തമാക്കുന്നത് ഈ വിഷയത്തിലെ പാക്കിസ്ഥാന്റെ കള്ളക്കളിയെ കുറിച്ചാണ്. ഭീകരരെ മദ്രസക്ക് സമീപം തന്നെ കുഴിയെടുത്ത് അടക്കിയെന്ന വാര്‍ത്തകളും പുറത്തുവന്നിരുന്നു.

അതേസമയം ബാലാക്കോട്ട് വ്യോമാക്രമണത്തില്‍ ലക്ഷ്യമിട്ട കാര്യങ്ങള്‍ നിറവേറിയെന്ന് വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ ബി.എസ് ധനോവന നേരത്തെ വ്യക്തമാക്കിയത്. എത്രപേര്‍ കൊല്ലപ്പെട്ടുവെന്നത് സര്‍ക്കാര്‍ വ്യക്തമാക്കും. വനത്തില്‍ ബോംബിടാന്‍ വ്യോമസേനയുടെ ആവശ്യമില്ലെന്നും വ്യോമസേനാ മേധാവി പറഞ്ഞിരുന്നു. എത്രപേര്‍ കൊല്ലപ്പെട്ടുവെന്നതിന്റെ കണക്കെടുക്കുന്നത് വ്യോമസേനയുടെ ചുമതലയല്ല. ലക്ഷ്യമിട്ടകാര്യങ്ങള്‍ നിറവേറിയോ എന്നതാണ് വ്യോമസേന നോക്കാറ്. മരണസംഖ്യയെക്കുറിച്ച് സര്‍ക്കാര്‍ വ്യക്തമാക്കും. കാട്ടിലാണ് വ്യോമസേന ബോംബിട്ടതെങ്കില്‍ എന്തിനാണ് പാക് പ്രധാനമന്ത്രി തന്നെ പ്രതികരണവുമായി എത്തിയതെന്നും എയര്‍ ചീഫ് മാര്‍ഷല്‍ ചോദിച്ചു.

പൈന്‍ മരങ്ങള്‍ മാത്രമാണ് നശിപ്പിച്ചതെങ്കില്‍ എന്തിനാണ് പാകിസ്ഥാന്‍ അതിര്‍ത്തി കടന്ന് ആക്രമണം നടത്തിയതെന്ന ചോദ്യവുമുയരുന്നുണ്ട്. അതേസമയം ഭീകരകേന്ദ്രങ്ങള്‍ തകര്‍ക്കുക എന്നതായിരുന്നു ഇന്ത്യന്‍ പൈലറ്റുമാരുടെ ദൗത്യമെന്നും അല്ലാതെ അവര്‍ പാക്കിസ്ഥാനില്‍ വിനോദയാത്ര പോയതല്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ വ്യക്തമാക്കി. വിശ്വസനീയമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണു പാക്ക് ഭീകരകേന്ദ്രങ്ങള്‍ ഇന്ത്യ ലക്ഷ്യമിട്ടത്. പാക്കിസ്ഥാന്റെ നിരാശ മനസ്സിലാക്കാം. എന്നാല്‍ ഇന്ത്യയിലെ ചിലരുടെ പരിഭ്രാന്തിയും തെളിവു ചോദിക്കലും സങ്കടകരമാണ്. വീരന്മാര്‍ യുദ്ധത്തില്‍ കൊല്ലുന്നവരുടെ എണ്ണമെടുക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ ജയ്ഷെ മുഹമ്മദിന്റെ ഒന്‍പതു ക്യാംപുകളടക്കം 22 ഭീകര പരിശീലന കേന്ദ്രങ്ങള്‍ പാക്കിസ്ഥാനിലുണ്ടെന്ന് മുതിര്‍ന്ന ഇന്ത്യന്‍ ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി. അതിര്‍ത്തിയില്‍ എന്തെങ്കിലും ഭീകരപ്രവര്‍ത്തനങ്ങള്‍ നടന്നാല്‍ ബാലാക്കോട്ട് വ്യോമാക്രമണം പോലുള്ള ആക്രമണങ്ങള്‍ നടക്കുമെന്നും അദ്ദേഹം പറഞ്ഞു. പാക്കിസ്ഥാന്‍ ഭീകരവാദത്തിന്റെ രാജ്യാന്തര കേന്ദ്രമാണ്. ഭീകരര്‍ക്കും സംഘടനകള്‍ക്കുമെതിരെ കൃത്യവും വിശ്വസനീയവുമായ നടപടികള്‍ പാക്കിസ്ഥാന്‍ എടുക്കണം. ആണവായുധങ്ങള്‍ കൈവശമുള്ള രണ്ട് രാജ്യങ്ങള്‍ തമ്മില്‍ യുദ്ധസമാനമായ സാഹചര്യം ഉണ്ടാക്കുന്നതിനാണ് അവര്‍ ശ്രമിക്കുന്നത്. ജയ്ഷിന്റെ ഒന്‍പതടക്കം 22 ഭീകരക്യാംപുകള്‍ അവിടെ ഉണ്ടായിട്ടും അവയ്ക്കെതിരെ നടപടിയെടുക്കാന്‍ പാക്കിസ്ഥാന്‍ തയാറാകുന്നില്ലെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു. എന്തായാലും പുതിയ വിവരം പുറത്തു വന്നത് അന്താരാഷ്ട്ര തലത്തില്‍ പാകിസ്ഥാന് വലിയ നാണക്കേടാകുകയാണ്.

രാഷ്ട്രദീപിക വാര്‍ത്തകള്‍ ഫേസ്ബുക്കില്‍ പിന്തുടരാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യൂ...

https://www.facebook.com/RashtraDeepika/

LATEST NEWS