പുത്തന്‍ തലമുറ പഞ്ചമിയെ മറന്നില്ല…

tvm-schoolകാട്ടാക്കട: തിരുവിതാംകൂറിലെയും പിന്നീട് കേരളത്തിലേയും വിദ്യാഭ്യാസ- സാമൂഹ്യമാറ്റങ്ങള്‍ക്ക് തുടക്കം കുറിച്ച സ്കൂളിന് പഞ്ചമിയുടെ പേരില്‍ ഒരു അര്‍പ്പണം. ദളിത് പെണ്‍കുട്ടിക്ക് വിദ്യാഭ്യാസ അവകാശം നിഷേധിച്ച തലസ്ഥാനജില്ലയിലെ ഊരൂട്ടമ്പലം സ്കൂളും അതിനു പിന്നാലെ വന്ന സമരങ്ങളും ചരിത്രത്തിന്റെ ഭാഗമായി മാറിയപ്പോള്‍ അന്ന് പുറത്താക്കപ്പെട്ട വിദ്യാര്‍ഥിനിയുടെ പേരില്‍ ഒരു സ്മാര്‍ട്ട് ക്ലാസ് ഒരുക്കി പ്രായശ്ചിത്തം  തീര്‍ത്ത് പുതിയ തലമുറ. 1907 – ല്‍ കുടിപള്ളിക്കൂടമായി സ്ഥാപിതമായതാണ് ഇന്നത്തെ ഊരൂട്ടമ്പലം  യു.പി സ്കൂള്‍ . 1907ലും തുടര്‍ന്ന് 1910 ലും   തിരുവിതാംകൂര്‍ രാജാവ് ശ്രീമൂലം തിരുനാള്‍ അധസ്ഥിത വിഭാഗങ്ങള്‍ക്ക് സ്കൂള്‍ പ്രവേശനത്തിന് വേണ്ടി ഉത്തരവ് പുറപ്പെടുവിക്കുന്നു.

ഈ ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് അയ്യന്‍കാളി പൂജാരി അയ്യര്‍ എന്ന  പിന്നോക്കാരന്‍ മകളായ പഞ്ചമിയുടെ പ്രവേശനത്തിന് 1910 ല്‍ എത്തുന്നത്. എന്നാല്‍ ഊരൂട്ടമ്പലത്തെ ജന്മിയായ കൊച്ചപ്പിപിള്ളയുടെ നേതൃത്വത്തില്‍ അയ്യന്‍കാളിയേയും കൂട്ടരേയും വളഞ്ഞിട്ട് ആക്രമിച്ചു. തുടര്‍ന്ന് ജാതി സ്പര്‍ധ കാരണം സ്കൂള്‍ തീയിട്ടു നശിപ്പിക്കുകയും ചെയ്തു. ഈ കുറ്റം അയ്യന്‍കാളിയുടെ ചുമലില്‍ ചാര്‍ത്തി.  ഈ സ്കൂള്‍ പ്രവേശവുമയി ബന്ധപ്പെട്ട് കലാപം വന്നു. മാറനല്ലൂരിലും ഊരൂട്ടമ്പലത്തിലും പടര്‍ന്ന കലാപം അടുത്ത ഗ്രാമങ്ങളിലേക്കുംപടര്‍ന്നു.

ഊരൂട്ടംമ്പലം സ്കൂളില്‍ പ്രവേശനവുമായി ബന്ധപെട്ടു നടന്ന ഈ കലാപം മാറനല്ലൂര്‍ ഗ്രാമത്തില്‍ ആകെ പടര്‍ന്നു .കര്‍ഷക തൊഴിലാളികള്‍ പാര്‍ത്തിരുന്ന കണ്ടല,മുണ്ടെന്‍ ചിറ ,ഇറയംകോട്,ആനമല ,കൊശവല്ലൂര്‍ ,കരിങ്ങല്‍ ,അരുവിക്കര തുടങ്ങിയ പ്രദേശങ്ങളില്‍ ലഹള പടര്‍ന്നു  . ഏഴ് ദിവസം നീണ്ടു നിന്നു അക്രമങ്ങള്‍  .കുടിലുകള്‍ തീയിട്ടു നശിപ്പിക്കുകയും സ്ത്രീകളെ മാനഭംഗപെടുത്തുകയും ചെയ്തു .ജീവന്‍ രക്ഷിക്കാനായി ആണുങ്ങള്‍ കുറ്റിക്കാടുകളിലും പാറമടകളിലും ഒളിക്കേണ്ടി വന്നു.

ഈ ലഹളയുടെ അലയൊലികള്‍ പെരുംപഴുതൂര്‍ ,മാരയമുട്ടം ,പള്ളിച്ചല്‍ ,മുടവൂര്‍ പാറ ,കണിയാപുരം തുടങ്ങിയ സ്ഥലങ്ങളിലും ഉണ്ടായി. ഊരൂട്ടംമ്പലം സ്കൂളില്‍ ഉണ്ടായ ലഹളയ്ക്ക് ശേഷം അയ്യങ്കാളി വെങ്ങാനൂര്‍ ചാവടി സ്കൂളിലും പുലയ സമുദായാംഗങ്ങളുമായി പ്രവേശനത്തിന് ചെന്നു.അവിടെയും   ജന്മിമാര്‍ ആക്രമണം അഴിച്ചു വിട്ടു. അതോടെ അയ്യങ്കാളി സ്കൂള്‍ പ്രവേശനത്തിനായി പുതിയൊരു സമരത്തിന് രൂപം നല്കി .അയിത്ത ജാതിക്കാരുടെ സ്കൂള്‍ പ്രവേശനം  തിരുവിതാംകൂറില്‍ ആദ്യമായി ഒരു കര്‍ഷകതൊഴിലാളി പണിമുടക്കിന് അയ്യന്‍കാളി ആഹ്വാനം ചെയ്തു. 1913 ജൂണ് മാസത്തില്‍ അയ്യങ്കാളിയുടെ ആഹ്വാനപ്രകാരം കര്‍ഷക തൊഴിലാളികള്‍ പണിമുടക്കി .

ഈ പണിമുടക്ക് ഏറ്റവും ശക്തമായത് കണ്ടലയിലും പരിസരങ്ങളിലും ആയിരുന്നു.  ഫസ്റ്റു ക്ലാസ് മജിസ്‌ട്രേട്ട് ആയ കണ്ടല സി .കെ നാഗര്‍പിള്ള ആയിരുന്നു മധ്യസ്ഥന്‍ .ഇദ്ദേഹം ഇരു കൂട്ടരുമായി സംസാരിച്ചു സമരക്കാരുടെ ആവശ്യങ്ങള്‍ ന്യായമാണെന്ന് തീര്‍പ്പാക്കി .ജോലി സ്ഥിരത ,കൂലി കൂടുതല്‍ തുടങ്ങിയ ആവശ്യങ്ങളും അംഗീകരിച്ചു. 1914 – ല്‍ വീണ്ടും സ്കൂള്‍ പ്രവേശന ഉത്തരവ് ഇറക്കുകയും ചെയ്തു .  ഊരൂട്ടംമ്പലം കുടിപള്ളിക്കൂടം പിന്നെ രാജാവ് തന്നെ പുനര്‍നിര്‍മ്മിച്ചു.

എല്ലാവര്‍ക്കും പ്രവേശനവും നല്‍കി. അങ്ങിനെ ചരിത്രത്തിന്റെ ഭാഗമായി മാറിയ സ്കൂള്‍ എല്‍.പിയായും യുപിയായും മാറി. വിദ്യാഭ്യാസരംഗത്ത് ഇരയായി മാറിയ പഞ്ചമിക്കായി സ്കൂളില്‍ തന്നെ ഒരു സ്മാരകം വേണമെന്ന ആവശ്യമുയരുന്നത് ഒരു നൂറ്റാണ്ട്  കഴിഞ്ഞാണ്.  മാറനല്ലൂര്‍  പഞ്ചായത്ത് സ്കൂളില്‍ നിര്‍മ്മിക്കുന്ന സ്മാര്‍ട്ട് ക്ലാസ് കെട്ടിടത്തിന് പഞ്ചമിയുടെ പേര് വന്നത് അങ്ങിനെയാണ്. പഞ്ചായത്ത് പ്രസിഡന്റ് കുമാരി മായ പി.എസ് ഇതിന്റെ ഉദ്ഘാടനവും നിര്‍വഹിച്ചു. ഇനി ഇവിടെ എത്തുന്ന കുട്ടികള്‍ പഞ്ചമിയിലൂടെ എത്തിയ നേട്ടങ്ങള്‍ ഓര്‍മ്മിക്കുമെന്ന്് നാട്ടുകാര്‍ പറഞ്ഞു. നല്ല രീതിയില്‍ അധ്യായനം നടത്തുന്ന സ്കൂളില്‍ മലയാളം, ഇംഗ്ലീഷ് മീഡിയവും ഉണ്ട്.

Related posts