ചിന്നമ്മയ്ക്ക് വേണ്ടി..! ജയലളിതയ്ക്ക് പിന്‍ഗാമിയായി ശശികല ; മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കാന്‍ തയാറായി ഒ.പനീര്‍ശെല്‍വം

paneer-selvamചെന്നൈ: ജയലളിതയ്ക്ക് പിന്‍ഗാമിയായി ശശികല തമിഴ്‌നാട് മുഖ്യമന്ത്രി സ്ഥാനത്തേക്കും എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. ശശികലയ്ക്കായി മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കാന്‍ ഒ.പനീര്‍ശെല്‍വം തയാറാണെന്നും അമ്മയുടെ പിന്‍ഗാമിയാകാന്‍ ചിന്നമ്മയ്ക്ക് യോഗ്യതയുണ്ടെന്നുമാണ് പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന്റെ നിലപാട്. പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്ഥാനത്തിന് പുറമേ തമിഴ്‌നാട് മുഖ്യമന്ത്രി സ്ഥാനവും നേടാന്‍ ശശികല പാര്‍ട്ടിയിലെ തന്റെ അനുകൂലികളുടെ സഹായം അഭ്യര്‍ഥിച്ചു കഴിഞ്ഞുവെന്നും വാര്‍ത്തകളുണ്ട്.

ശശികല മുഖ്യമന്ത്രിയാകണമെന്ന് ആവശ്യപ്പെട്ട് റവന്യൂമന്ത്രി ആര്‍.ബി.ഉദയകുമാര്‍ കഴിഞ്ഞ ദിവസം രംഗത്തുവന്നത് ഇതിന്റെ സൂചനകളാണെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. ശശികല മുഖ്യമന്ത്രി സ്ഥാനത്തേക്ക് വരണമെന്ന് അണ്ണ ഡിഎംകെ യുവജന സംഘടനകളും ആവശ്യമുന്നയിച്ചിരുന്നു.

അതേസമയം ഉടന്‍ മുഖ്യമന്ത്രി സ്ഥാനത്തു വരുന്നത് പ്രതിഷേധം കടുപ്പിക്കുമെന്ന ഭയവും ശശികലയ്ക്കുണ്ട്. ജയലളിത മരിച്ച സാഹചര്യത്തില്‍ ആര്‍കെ നഗറില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ ജനവിധി തേടി വിജയിച്ചാല്‍ മുഖ്യമന്ത്രി സ്ഥാനം അകലയല്ലെന്നാണ് ശശികല അനുകൂലികളുടെ കണക്കുകൂട്ടല്‍. ഇത് പരിഗണിച്ച് ആര്‍കെ നഗറില്‍ ശശികലയെ മത്സരിപ്പിക്കാനും പദ്ധതിയുണ്ട്. എന്തായാലും തമിഴ്‌നാട് മുഖ്യമന്ത്രി സ്ഥാനം കൂടി ലഭിച്ചാല്‍ ജയലളിതയുടെ യഥാര്‍ഥ പിന്‍ഗാമിയാകാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ശശികല.

Related posts