പമ്പയുടെ തീരത്ത് മുഴങ്ങിയത് ജയ് പമ്പാ മാതാ…എന്നു തുടങ്ങുന്ന പമ്പാ ഭജന്‍ ! ആചാരവും വിശ്വാസവും സംരക്ഷിക്കാന്‍ നിയമം കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഉറപ്പ്; ഒടുവില്‍ ബിജെപിയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് പന്തളം രാജകുടുംബം

ഇതുവരെ നിലപാട് വ്യക്തമാക്കാതിരുന്ന പന്തളം രാജകുടുംബം ഒടുവില്‍ ബിജെപിയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു. ശബരിമലയിലെ വിശ്വാസങ്ങളും ആചാരങ്ങളും സംരക്ഷിക്കാന്‍ നിയമം കൊണ്ടുവരുമെന്ന് പന്തളം രാജകുടുംബാംഗങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ഉറപ്പു നല്‍കുകയും ചെയ്തു. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് മോദിയുമായി രാജകുടുംബാംഗങ്ങള്‍ സംസാരിച്ചത്. പന്തളം രാജകൊട്ടാരം നിര്‍വാഹക സംഘം പ്രസിഡന്റ് പിജി ശശികുമാരവര്‍മ, സെക്രട്ടറി പിഎന്‍ നാരായണ വര്‍മ, ട്രഷറര്‍ ദീപാവര്‍മ എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. ശബരിമല വിഷയത്തില്‍ കേന്ദ്രത്തിന് മാത്രമേ എന്തെങ്കിലും ചെയ്യാന്‍ കഴിയൂവെന്നാണ് പ്രതിനിധികള്‍ മോദിയോടു പറഞ്ഞത്.

അയ്യപ്പചരിതം തുടങ്ങിയ കാലം മുതലുള്ള ആചാരം ഒരു കോടതിവിധിയുടെ പേരില്‍ അട്ടിമറിക്കാന്‍ കഴിയുന്നതല്ല എന്നും അവര്‍ ചൂണ്ടിക്കാട്ടി. പ്രതിനിധികളുടെ ആവശ്യം സശ്രദ്ധം കേട്ട മോദി അടുത്ത സര്‍ക്കാര്‍ അധികാരത്തില്‍ വന്നാലുടന്‍ ഇതിന് വേണ്ട നടപടി സ്വീകരിക്കുമെന്നും ഉറപ്പു നല്‍കി. കോടതി വിധി വരുന്നത് എന്തുമായിക്കൊള്ളട്ടെ ശബരിമലയുടെ വിശ്വാസവും ആചാരവും സംരക്ഷിക്കാന്‍ വേണ്ടി കേന്ദ്രസര്‍ക്കാര്‍ ആവുന്നതെല്ലാം ചെയ്യുമെന്നാണ് മോദിയുടെ ഉറപ്പ്. ഇതോടെ, ഇടഞ്ഞു നിന്ന പന്തളം രാജകുടുംബവും ബിജെപിയുടെ ഭാഗത്തേക്ക് ചാഞ്ഞിരിക്കുകയാണ്. ബിജെപി കേന്ദ്രനേതൃത്വം മുന്‍കൈയെടുത്ത് ഇന്നലെ ആറന്മുളയില്‍ കെ സുരേന്ദ്രന്റെ പ്രചാരണാര്‍ഥം സംഘടിപ്പിച്ച പമ്പ ആരതി എന്ന പരിപാടിയില്‍ വിശിഷ്ടാതിഥികളായി നാരായണ വര്‍മയും ദീപാവര്‍മയൂം പങ്കെടുത്തിരുന്നു.

ശബരിമല പ്രശ്‌ന പരിഹാരത്തിനായി കേന്ദ്രം ഒന്നും ചെയ്തില്ലെന്ന് എന്‍എസ്എസും കോണ്‍ഗ്രസും ഉള്‍പ്പെടെയുള്ളവര്‍ വിമര്‍ശിച്ചിരുന്നു. ഇതിനിടെയാണ് പത്തനംതിട്ടയില്‍ കെ സുരേന്ദ്രന്‍ സ്ഥാനാര്‍ത്ഥിയാകുന്നത്. കേരളത്തില്‍ ഉടനീളം ശബരിമലയാണ് പ്രചരണ രംഗത്ത് ബിജെപിയും ചര്‍ച്ചയാക്കിയത്. മോദിയും അമിത് ഷായും ഉള്‍പ്പെടെയുള്ളവര്‍ ശബരിമല വിഷയം ഉന്നയിക്കുകയും പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തതോടെയാണ് പന്തളം കൊട്ടാരം വീണ്ടും ബിജെപിയുമായി അടുത്തത്. കുമ്മനത്തിന്റെ ഇടപെടലും നിര്‍ണായകമായി.

ശബരിമല ആചാര ലംഘന പ്രതിഷേധത്തില്‍ എന്‍എസ്എസും തന്ത്രികുടുംബവും രാജകുടുംബവും ഒരുമിച്ചാണ് മുന്നേറിയത്. എന്‍എസ്എസ് നിലപാടുകളായിരുന്നു ഇവരേയും സ്വാധീനിച്ചത്. അതുകൊണ്ട് തന്നെ എന്‍എസ്എസിന്റെ മനസ്സ് കൂടി മനസ്സിലാക്കിയാണ് പ്രധാനമന്ത്രിയെ രാജകുടുംബം കണ്ടതെന്നും സൂചനയുണ്ട്. തിരുവനന്തപുരത്ത് പാര്‍ട്ടി പരിപാടിയായിരുന്നു. വളരെ കുറച്ചു പേരെ മാത്രമേ പ്രധാനമന്ത്രി കണ്ടുള്ളൂ. തിരുവനന്തപുരത്തെ ബിജെപി സ്ഥാനാര്‍ത്ഥി കൂടിയായ കുമ്മനം രാജശേഖരന്‍ നടത്തി ഇടപെടലാണ് കൂടിക്കാഴ്ചയ്ക്ക് വഴിയൊരുക്കിയത്. മുമ്പ് പ്രധാനമന്ത്രി തിരുവനന്തപുരത്ത് എത്തിയപ്പോഴും മോദിയുമായി പന്തളം കൊട്ടാരം കൂടിക്കാഴ്ച നടത്തിയിരുന്നു.

ശശികുമാര വര്‍മ മറ്റൊരു പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നതിനാല്‍ എത്തിയില്ല. രണ്ടു മണിക്കൂറോളം നീണ്ട പമ്പാ ആരതിയില്‍ മുഴുവന്‍ സമയും സംബന്ധിച്ച് കൊട്ടാരം നിര്‍വാഹകസംഘം പ്രതിനിധികള്‍ പൂജയിലും പങ്കെടുത്തു. ഉത്തരേന്ത്യന്‍ മാതൃകയിലാണ് പരിപാടി നടത്തിയത്. കാശിയില്‍ നിന്നുള്ള പണ്ഡിറ്റുകളാണ് പൂജയ്ക്ക് നേതൃത്വം നല്‍കിയത്. ഗംഗാ തീരത്ത് സുപരിചിതമായ നദീവന്ദനവും നദീ പൂജയും കണ്ട് പമ്പാതീരത്തിന്റെ മനം നിറഞ്ഞു. ജയ് പമ്പാ മാതാ… എന്ന് തുടങ്ങുന്ന പമ്പാ ആരതി ഭജന്‍ പമ്പാതീരത്ത് സത്രക്കടവിലെ വേദിയില്‍ മുഴങ്ങിയപ്പോള്‍ ആരതിയില്‍ പങ്കെടുത്ത ഭക്തരും അതേറ്റു പാടി.

കാശിയില്‍ നിന്ന് എത്തിയ സീതാറാം ശാസ്ത്രി, പണ്ഡിറ്റ് ഇന്ദ്ര ശാസ്ത്രി, പണ്ഡിറ്റ് ആശ്വാസ് ശാസ്ത്രി, പണ്ഡിറ്റ് ഋഷഭ് ശാസ്ത്രി, ചന്ദ്രശേഖര്‍ ശാസ്ത്രി എന്നിവര്‍ പുജാ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. പരിസ്ഥിതിയും പാരമ്പര്യവും സംരക്ഷിക്കാന്‍ ലക്ഷ്യമിട്ടാണ് പമ്പാ തീരത്ത് ആറന്മുള സത്രക്കടവില്‍ പമ്പാ ആരതി നടത്തിയത്. പ്രകൃതിയെയും നദിയെയും അമ്മയായിക്കണ്ട് പൂജിക്കുന്ന പാരമ്പര്യമാണ് ഭാരതത്തിനുള്ളതെന്ന് ചടങ്ങില്‍ സംസാരിച്ച മാതാ ജ്ഞാനാഭിഷ്ട പറഞ്ഞു. ആചാരങ്ങളും അനുഷ്ടാനങ്ങളും പ്രകൃതിയോട് ചേര്‍ന്നതാണ്. അതിനാല്‍ അവ സംരക്ഷിക്കപ്പെടണമെന്നും അവര്‍ പറഞ്ഞു.

അശുദ്ധമാവാത്ത ജലം എന്ന സങ്കല്പത്തില്‍ നാളികേരം ഉടച്ച് അതിന്റെ വെള്ളം പമ്പയിലേക്ക് പ്രതീകാത്മകമായി ഒഴിച്ചു. ഇടയാറന്മുള ശ്രീകൃഷ്ണ തപോവനാശ്രമത്തിലെ ചിത്രാപൂര്‍ണിമ ആഘോഷങ്ങളുടെ സമാപനത്തിന്റെ ഭാഗമായാണ് പമ്പാ ആരതി നടത്തിയതെങ്കിലും മുഖ്യമായും പിന്തുണ നല്‍കിയത് ബിജെപിയും ആര്‍എസ്എസുമായിരുന്നു. പമ്പാ നദീതടത്തിലെ ഗ്രാമങ്ങളുടെ വിശുദ്ധിയും പൈതൃകവും കാത്തു സൂക്ഷിക്കുന്നതിനുള്ള പ്രാര്‍ത്ഥനാ സമര്‍പ്പണമാണ് പമ്പാ ആരതി. ആരതിയോടനുബന്ധിച്ച് നയന മനോഹരമായ ദീപക്കാഴ്ചയില്‍ ആയിരക്കണക്കിന് ഭക്തരാണ് പങ്കെടുത്ത്. മണ്‍ചെരാതുകള്‍ തെളിച്ച് നദിയെ സംരക്ഷിക്കുമെന്ന പ്രതിജ്ഞയോടെയാണ് എല്ലാവരും മടങ്ങിയത്.

രാഷ്ട്രദീപിക വാര്‍ത്തകള്‍ ഫേസ്ബുക്കില്‍ പിന്തുടരാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യൂ...

https://www.facebook.com/RashtraDeepika/

LATEST NEWS