കണ്ടംവഴി ഓടിച്ചവര്‍ക്ക് ഇനി വിശ്രമിക്കാം! വനിതകള്‍ക്കുവേണ്ടി ശബ്ദമുയര്‍ത്തിയതിന്റെ പേരില്‍ അഭിനയ മികവിനെപ്പോലും ചോദ്യം ചെയ്തവരോടുള്ള പാര്‍വതിയുടെ മധുരപ്രതികാരം; അവാര്‍ഡ് വനിതാദിനത്തിലെന്നതും ശ്രദ്ധേയം

ഏറെക്കാലം വിവാദങ്ങളുടെ പിടിയിലായിരുന്ന നടി പാര്‍വതിയ്ക്ക് ഇനിയുള്ളത് അഭിമാനത്തിന്റെ നാളുകള്‍. വിമര്‍ശിച്ചവര്‍ക്കും കണ്ടംവഴി ഓടിച്ചവര്‍ക്കും ഇനി വിരമിക്കുകയുമാവാം. കാരണം സംസ്ഥാനത്തെ ഈ വര്‍ഷത്തെ മികച്ച നടിയായി പാര്‍വതി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. സൂപ്പര്‍താരപദവിയിലുള്ള നടന്‍ സ്ത്രീകളെ അപമാനിക്കുന്ന തരത്തിലുള്ള സിനിമയില്‍ അഭിനയിച്ചത് ശരിയായില്ല എന്ന് വിമര്‍ശനം ഉന്നയിച്ചതിനാണ് ഏതാനും നാളുകള്‍ക്ക് മുമ്പ് പാര്‍വതിയെ ട്രോളന്മാരും മറ്റും ചേര്‍ന്ന്  നിശിതമായി വിമര്‍ശിച്ചത്.

അവാര്‍ഡ് നേട്ടത്തിലൂടെ അന്ന് വിമര്‍ശിച്ചവര്‍ക്ക് മധുരപ്രതികാരം നല്‍കിയിരിക്കുകയാണ് പാര്‍വതി. വനിതകളുടെ ദിനമായ മാര്‍ച്ച് എട്ടിന് തന്നെയാണ് വനിതകള്‍ക്കായി ശബ്ദമുയര്‍ത്തിയ പാര്‍വതിയ്ക്ക് അവാര്‍ഡ് കിട്ടിയതെന്നതും ശ്രദ്ധേയമായിരിക്കുകയാണ്. മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത ടേക്ക് ഓഫ് എന്ന ചിത്രത്തിലെ സമീറ എന്ന കഥാപാത്രമാണ് പാര്‍വതിയെ അവാര്‍ഡിനര്‍ഹയാക്കിയിരിക്കുന്നത്. അവാര്‍ഡ് നേട്ടത്തെക്കുറിച്ച് പാര്‍വതി പ്രതികരിച്ചതിങ്ങനെ…

നേഴ്സുമാര്‍ക്ക് ഒരു പ്രശ്നമുണ്ടായപ്പോള്‍ അവര്‍ സംഘടിച്ചു. ഇതിനു മുന്‍പ് ഡബ്ലുസിസി എന്ന സംഘടന ഇന്ത്യയില്‍ എവിടെയും ഉണ്ടായിട്ടില്ല. എല്ലാ സംഘടനകളും ഒരുമിച്ചാണ് നമ്മുടെ പ്രശ്നങ്ങള്‍ എന്താണെന്ന് കണ്ടെത്തുന്നത്. നമ്മള്‍ക്ക് എന്തൊക്കെയാണ് പ്രശ്നമെന്ന് ചേര്‍ന്നാണ് കണ്ടെത്തുന്നത്. നമ്മളായിട്ട് പറഞ്ഞ് കൊട്ടിഘോഷിയ്ക്കേണ്ട ആവശ്യമില്ല. അതുപോലെ തന്നെയാണ് നേഴ്സുമാരുടെ പ്രശ്നങ്ങളും.

നമ്മുടെ വര്‍ക്ക് സ്പേസില്‍ മാറ്റം കൊണ്ടുവരേണ്ടത് നമ്മള്‍ തന്നെയാണ്. നഴ്സുമാരുടെ പ്രശ്നങ്ങള്‍ ഇത്രത്തോളം ഭീകരമാണെന്ന് ഞാന്‍ മനസിലാക്കിയത് വൈകിയാണ്. സമീറ എന്ന കഥാപാത്രമായി അനായാസമായി കേറാന്‍ പറ്റിയതില്‍ സംവിധായകന്റെ വലിയ ഗവേഷണമുണ്ട്. പാര്‍വതി പറഞ്ഞു. ഒരു ആര്‍ട്ടിസ്റ്റ് എങ്ങനെയായിരിക്കണമെന്ന് കാണിച്ചുതന്നത്, നടന്‍ ഇന്ദ്രന്‍സാണെന്നും അദ്ദേഹത്തിന്റെ എളിമ എല്ലാവര്‍ക്കും മാതൃകയാണെന്നും പാര്‍വതി പറഞ്ഞു.

Related posts