രണ്ടു നിറത്തിലുള്ള പാസ്പോർട്ട്; പൗരന്മാരോടുള്ള വിവേചനമെന്ന് കുവൈത്ത് കെ എംസിസി

കുവൈത്ത് സിറ്റി: ഇമിഗ്രേഷൻ ക്ലിയറൻസ് ആവശ്യമുള്ള പത്താം ക്ലാസിനു താഴെ മാത്രം വിദ്യാഭ്യാസമുള്ളവരുടെ പാസ്പോട്ടിന്‍റെ കവർ പേജ് ഓറഞ്ച് നിറത്തിലും ഇമിഗ്രേഷൻ ക്ലിയറൻസ് ആവശ്യമില്ലാത്തവർക്ക് നീല നിറത്തിലുമാക്കാനുള്ള കേന്ദ്ര സർക്കാരിന്‍റെ തീരുമാനം അങ്ങേയറ്റം വിവേചനപരമാണെന്ന് കുവൈത്ത് കെ എംസിസി കേന്ദ്ര സെക്രട്ടറിയേറ്റ് യോഗം വിലയിരുത്തി. ഇത്തരം നടപടികൾ പൗര·ാരെ ഒന്നായി കാണാനാവാത്ത ഭരണകൂടത്തിന്‍റെ ഇടുങ്ങിയ ചിന്താഗതിയാണ് വെളിവാക്കുന്നതെന്നും യോഗം അഭിപ്രായപ്പെട്ടു.

പ്രവാസികളുടെ ബന്ധുക്കളുടെ ബന്ധുത്വം തെളിയിക്കുക, ബന്ധുക്കളുടെ വീസ തുടങ്ങിയ ആവശ്യങ്ങൾക്ക് ആധികാരിക രേഖയായി സമർപ്പിക്കുന്ന പാസ്പോർട്ടിൽ മേൽവിലാസം, മാതാപിതാക്കളുടെ പേര്, ഭർത്താവിന്‍റെയും ഭാര്യയുടെയും പേര് തുടങ്ങിയവ ഉൾക്കൊള്ളുന്ന അവസാനപേജ് ഒഴിവാക്കാനുള്ള തീരുമാനവും പ്രവാസി സമൂഹത്തെ ആശങ്കപ്പെടുത്തുന്നതായും അത് പ്രവാസികൾക്ക് മാതാപിതാക്കളെയോ ബന്ധുക്കളെയോ കൊണ്ടുവരുന്നതിന് സന്ദർശക വീസക്ക് അപേക്ഷിക്കുന്പോൾ ബുദ്ധിമുട്ട് അനുഭവപ്പെടുമെന്നും നേതാക്കൾ കൂട്ടിച്ചേർത്തു.

സമൂഹികവും സാന്പത്തികവുമായ കാരണങ്ങളാൽ വിദ്യാഭ്യാസം പൂർത്തിയാക്കാൻ കഴിയാതിരുന്ന സാധാരണക്കാരായ ജനങ്ങളെ അപമാനിക്കുന്നതും പ്രവാസികളായ പാവപ്പെട്ട ഇന്ത്യൻ തൊഴിലാളികളെ കൂടുതൽ അവഹേളിക്കാൻ അവസരമൊരുക്കുന്നതുമായ ഇത്തരം നടപടികളിൽ നിന്നും സർക്കാർ പിന്തിരിയണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭങ്ങൾക്ക് കുവൈത്ത് കെ എംസിസി നേതൃത്വം നൽകുമെന്നും പ്രസിഡന്‍റ് കെ.ടി.പി.അബ്ദുറഹ്മാൻ, ജനറൽ സെക്രട്ടറി സിറാജ് എരഞ്ഞിക്കൽ, ട്രഷറർ എം.കെ.അബ്ദുറസാഖ് എന്നിവർ അറിയിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ

Related posts