പേരാമ്പ്ര : പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ നാലാമത്തെ പ്രതിയും അറസ്റ്റില്‍ . എരവട്ടൂര്‍ പാറപ്പുറത്ത് താമസിക്കുന്ന ചാലിക്കര പയ്യാനക്കോട്ടുമ്മല്‍ ദില്‍ഷാദ് (25) ആണ് അറസ്റ്റിലായത്. പേരാമ്പ്ര പോലീസ് ഇന്‍സ്പെക്ടര്‍ കെ.പി. ബിജുവിന്റെ നേതൃത്വത്തിലുള്ള സംഘം കോഴിക്കോട് ഇഖ്റ ആശുപത്രി പരിസരത്തു നിന്നും അറസ്റ്റ് ചെയ്തത്.
പീഡനത്തിന് ഉപയോഗിച്ചതായി പറയുന്ന ഐ20 കാറും ഇയാളില്‍ നിന്നും പോലീസ് കസ്റ്റഡിയിലെടുത്തു. കേസില്‍ പിടികിട്ടാനുണ്ടായിരുന്ന ദില്‍ഷാദ് മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെവരെ സമീപിച്ചിരുന്നെങ്കിലും ജാമ്യം നിഷേധിക്കുകയായിരുന്നു. എന്നിട്ടും പോലീസില്‍ കീഴടങ്ങാതെ ഒളിവില്‍ കഴിയുകയായിരുന്ന ഇയാള്‍ക്കായുള്ള തെരച്ചിലിനിടയില്‍ പേരാമ്പ്ര സിഐയും ഇ. രാജേഷ്, പി.കെ. ശ്രീജിത്ത് എന്നിവരടങ്ങുന്ന സംഘംകോഴിക്കോട് വെച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു.
കേസിലെ നാലാം പ്രതിയാണ് ദില്‍ഷാദ്. ഇയാളാണ് കേസിലെ മറ്റ് പ്രതികള്‍ക്ക് സഹായം നല്‍കിയതെന്നും പെണ്‍കുട്ടിയുടെ ചിത്രങ്ങളുണ്ടെന്ന് ഭീഷണിപ്പെടുത്തിയതെന്നും പോലീസ് പറഞ്ഞു. 2019 ജൂണ്‍ എട്ടിന് കാറില്‍ കയറ്റികൊണ്ടു പോയ പെണ്‍കുട്ടിയെ പേരാമ്പ്ര ലുലു മാളിന്റെ കാര്‍പാര്‍ക്കിംഗില്‍ വെച്ചും ജൂലായ് ഒന്‍പതിന് പേരാമ്പ്ര മാര്‍ക്കറ്റിന് സമീപമുള്ള ഒഴിഞ്ഞ കെട്ടിടത്തിന്റെ കാര്‍ പാര്‍ക്കിംഗില്‍ വെച്ചും ആഗസ്റ്റ് 13ന് കിഴക്കന്‍ പേരാമ്പ്രയിലെ ഒരു വീട്ടില്‍ വെച്ചും പ്രതികള്‍ സംഘം ചേര്‍ന്ന് ബാലാത്സംഘം ചെയ്തതായി പെണ്‍കുട്ടി പോലീസില്‍ നല്‍കിയിരുന്ന പരാതിയില്‍ പറഞ്ഞിരുന്നു. പ്രതിയെ കോഴിക്കോട് പോക്സോ കോടതിയില്‍ ഹാജരാക്കും.