പാക്കിസ്ഥാന്‍ മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫിന് വധശിക്ഷ വിധിച്ച് പാക് കോടതി ! വധശിക്ഷ വിധിച്ചത് രാജ്യദ്രോഹക്കേസില്‍; അപൂര്‍വ രോഗത്താല്‍ അവശനായ മുഷറഫ് ഇപ്പോള്‍ ദുബായില്‍ ചികിത്സയില്‍…

പാക്കിസ്ഥാന്‍ മുന്‍ പ്രസിഡന്റും മുന്‍ സൈനിക മേധാവിയുമായ ജനറല്‍ പര്‍വേസ് മുഷറഫിന് വധശിക്ഷ വിധിച്ച് പാക്കിസ്ഥാന്‍ കോടതി. രാജ്യദ്രോഹക്കുറ്റമാണ് മുഷറഫിനെതിരേ ചുമത്തിയിരിക്കുന്നത്. അറസ്റ്റ് ഭയന്ന് പാക്കിസ്ഥാന്‍ വിട്ട മുഷറഫ് ഇപ്പോള്‍ ദുബായിലാണ്. പെഷവാറിലെ പ്രത്യേക കോടതിയാണ് മുഷറഫിന് വധശിക്ഷ വിധിച്ചത്. പെഷവാര്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് വഖാര്‍ അഹമ്മദ് സേഠ് ഉള്‍പ്പടെയുള്ള മൂന്നംഗ ബെഞ്ചിന്റേതാണ് വിധി.

2013ലാണ് പര്‍വ്വേസ് മുഷറഫിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത്. 2014 മാര്‍ച്ച് 31ന് അദ്ദേഹം കുറ്റക്കാരനാണെന്ന് കണ്ടെത്തി. സാങ്കേതികകാരണങ്ങളാല്‍ വിചാരണ തുടങ്ങാന്‍ താമസിച്ചു. അതിനിടെ മുഷറഫ് രാജ്യം വിടുകയും ചെയ്തു. രാജ്യദ്രോഹക്കേസില്‍ വിചാരണ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുഷറഫ് നല്‍കിയ ഹര്‍ജിയില്‍ ലാഹോര്‍ ഹൈക്കോടതി തിങ്കളാഴ്ച സര്‍ക്കാരിനു നോട്ടിസ് അയച്ചിരുന്നു. തനിക്കെതിരായ വിചാരണ ഭരണഘടനാ വിരുദ്ധമാണെന്നു മുഷറഫ് ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.

മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ ഭരണകാലത്താണ് മുഷറഫിനെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തുന്നത്. 2016-ല്‍ ചികിത്സയ്ക്കായാണ് മുഷറഫ് പാക്കിസ്ഥാന്‍ വിട്ട് ദുബായിലെത്തിയത്. ഡിസംബര്‍ അഞ്ചിനുള്ളില്‍ മൊഴി നല്‍കണമെന്ന് പാക്കിസ്ഥാന്‍ കോടതി മുഷറഫിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരേയാണ് അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചത്. അഴിമതിക്കേസില്‍ ഏഴു വര്‍ഷം ശിക്ഷക്കപ്പെട്ട നവാസ് ഷെരീഫ്, ജാമ്യം നേടിയ ശേഷം ഇപ്പോള്‍ ലണ്ടനില്‍ ചികിത്സയിലാണ്. മുഷറഫിനെതിരെ കേസെടുത്തതിനെ തുടര്‍ന്നാണ് തന്റെ പിതാവിനെ കള്ളക്കേസില്‍ കുടുക്കിയതെന്നു നവാസ് ഷെരീഫിന്റെ മകള്‍ മറിയം നവാസ് ആരോപിച്ചിരുന്നു.

ഒരിടവേളയ്ക്കു ശേഷം പാക് രാഷ്ട്രീയത്തില്‍ സജീവമാകാനുള്ള ശ്രമവുമായി മുഷറഫ് രംഗത്തെത്തിയെങ്കിലും അത് വിജയിച്ചില്ല. 2001 ല്‍ പാക്കിസ്ഥാന്‍ പ്രസിഡന്റായ മുഷറഫ് 2008 ലാണ് സ്ഥാനം ഒഴിയുന്നത്. ഇംപീച്ച്മെന്റ് നടപടികള്‍ ഒഴിവാക്കാനായിരുന്നു സ്ഥാനത്ത് നിന്ന് മാറിയത്. വിദേശത്ത് കഴിയുമ്പോള്‍ തന്നെ മുഷറഫ് ഓള്‍ പാക്കിസ്ഥാന്‍ മുസ്ലിം ലീഗ് എന്ന പേരില്‍ പുതിയ പാര്‍ട്ടിയും രൂപീകരിച്ചിരുന്നു. 2013 ല്‍ പാര്‍ലമെന്റിലേക്ക് മത്സരിക്കാന്‍ പാക്കിസ്ഥാനില്‍ തിരിച്ചെത്തിയെങ്കിലും നാഷണല്‍ അസംബ്ലിയിലേക്ക് മത്സരിക്കാന്‍ മുഷറഫ് നല്‍കിയ പത്രികകളെല്ലാം തള്ളുന്ന അവസ്ഥയാണ് ഉണ്ടായത്. തൊട്ടു പിന്നാലെ അറസ്റ്റിലായ മുഷറഫ് വീട്ടുതടങ്കലിലുമായി. 2016ലാണ് മുഷറഫ് രാജ്യം വിട്ടത്.

രാജ്യദ്രോഹ കേസ് കൂടാതെ ബേനസീര്‍ ഭൂട്ടോ വധവുമായി ബന്ധപ്പെട്ട് വിചാരണ നേരിടുന്നുണ്ട് മുഷറഫ്. നിലവില്‍ അപൂര്‍വ രോഗത്തിന് ചികിത്സയിലാണ് മുഷറഫ്. ആരോഗ്യ നില മോശമായതിനെ തുടര്‍ന്ന് ആശുപത്രിയിലാണ് അദ്ദേഹം കഴിയുന്നതെന്ന് റിപ്പോര്‍ട്ടും പുറത്തുവന്നിരുന്നു. ശരീരത്തിലെ പ്രോട്ടീനുകള്‍ വിവിധ അവയവങ്ങളില്‍ അടിഞ്ഞു കൂടുന്ന രോഗാവസ്ഥയാണ് അമിലോയിഡോസിസ്. ഇത് മൂലം പര്‍വേസിന് നില്‍ക്കാനും നടക്കാനും ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട്. തുടക്കത്തില്‍ ലണ്ടനില്‍ ചികിത്സ തേടിയ അദ്ദേഹം പാക്കിസ്ഥാനില്‍ മടങ്ങിയെത്തിയ ശേഷം ദുബായിലേക്ക് പോവുകയായിരുന്നു.

Related posts