കൊച്ചി: എറണാകുളത്ത് പെട്രോൾ പമ്പിൽ മാനേജർക്ക് നേരെ ആക്രമണം. ചുള്ളിക്കലിലെ പെട്രോൾ പമ്പിലാണ് സംഭവം. 100 രൂപയ്ക്ക് പെട്രോൾ അടിച്ച ശേഷം പണം നൽകാതെ പോകാൻ ശ്രമിച്ച രണ്ടംഗസംഘത്തെ മാനേജർ തടഞ്ഞുനിർത്തിയതിനെത്തുടർന്നാണ് ആക്രമണം ഉണ്ടായത്.
ഇവരിൽ നിന്ന് പണം ഈടാക്കിയതാണ് പ്രതികളെ പ്രകോപിപ്പിച്ചത്. പണം ചോദിച്ചതിന് പമ്പ് മാനേജരായ മട്ടാഞ്ചേരി സ്വദേശി വിഷ്ണു വിനോദിനെ ഈ രണ്ടംഗസംഘം ക്രൂരമായി മർദിക്കുകയായിരുന്നു. ആക്രമണം നടത്തിയ ഈ സംഘം സ്ഥിരമായി പമ്പിലെത്തി പ്രശ്നങ്ങൾ ഉണ്ടാക്കാറുള്ളവരാണെന്ന് പെട്രോൾ പമ്പ് ഉടമ വ്യക്തമാക്കുന്നു.
മർദനമേറ്റ ജീവനക്കാരനായ വിഷ്ണു വിനോദിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ മട്ടാഞ്ചേരി പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവത്തിന് ശേഷം ഒളിവിൽ പോയ ചുള്ളിക്കൽ സ്വദേശികളായ പ്രതികളെ കണ്ടെത്തുന്നതിനായി മട്ടാഞ്ചേരി പോലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.
