ഫലമില്ലാത്ത വെറും ഓട്ടക്കാലണ..! നോട്ട് നിരോധനത്തിനും ജിഎസ്ടിക്കുമെതിരേ വീണ്ടും മുഖ്യമന്ത്രി; കേന്ദ്ര സർക്കാരിന്‍റെ നോട്ട് നിരോധനം വേണ്ടത്ര മുൻകരുതൽ എടുക്കാതെയെന്ന് പിണറായി

പാലക്കാട്: ചരക്ക്-സേവന നികുതിക്കും നോട്ട് നിരോധിക്കലിനുമെതിരേ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ വീണ്ടും രംഗത്ത്. ജിഎസ്ടിയിൽ കേന്ദ്രം വാഗ്ദാനം ചെയ്തതൊന്നും നടപ്പായില്ലെന്നും ഫലത്തിൽ സംസ്ഥാനങ്ങൾ വലിയ തിരിച്ചടിയാണ് സംഭവിച്ചതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

കേന്ദ്ര സർക്കാരിന്‍റെ നോട്ട് നിരോധനം വേണ്ടത്ര മുൻകരുതൽ എടുക്കാതെയുള്ളതായിരുന്നുവെന്നും ഇത് രാജ്യത്തെ സമ്പദ് വ്യവസ്ഥയെ തകർത്തുവെന്നും മുഖ്യമന്ത്രി പറഞ്ഞു. സിപിഎമ്മിന്‍റെ പാലക്കാട് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.

വിവേകരഹിതമായാണ് കേന്ദ്രം നോട്ട് നിരോധനം നടപ്പാക്കിയത്. അതിന്‍റെ ഫലമായി വിപണിയിൽ പണം എത്തുന്നത് ഇല്ലാതായി. ഇത് രാജ്യത്തെ സമ്പദ് വ്യവസ്ഥയെ പ്രതികൂലമായി ബാധിച്ചുവെന്നും വളർച്ച പിന്നോട്ടായെന്നും അദ്ദേഹം പറഞ്ഞു.

നോട്ട് നിരോധിച്ചതുകൊണ്ട് രാജ്യത്തെ കള്ളപ്പണം മുഴുവൻ പിടിക്കാൻ കഴിയുമെന്നായിരുന്നു കേന്ദ്രത്തിന്‍റെ പ്രഖ്യാപനം. എന്നിട്ട് കള്ളപ്പണം മുഴുവൻ പിടിക്കാൻ കഴിഞ്ഞോയെന്നും നിരോധിച്ച നോട്ടുകൾ മുഴുവൻ തിരിച്ചെത്തിയില്ലേ എന്നും അദ്ദേഹം ചോദിച്ചു.

സംസ്ഥാനത്തിന്‍റെ അധികാരങ്ങൾ ഇല്ലാതാക്കുന്ന നികുതി സന്പ്രദായമായിരുന്നു ജിഎസ്ടി. കേന്ദ്രത്തിൽ അധികാരം കേന്ദ്രീകരിക്കുന്നതിന് ആർഎസ്എസ് കൂടി മുൻകൈയെടുത്താണ് ഇത്തരം പരിഷ്കാരങ്ങൾ കൊണ്ടുവരുന്നത്. റിസർവ് ബാങ്കിന്‍റെ അധികാരങ്ങൾ കൂടി ഇല്ലാതാക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

രാജ്യത്തെ ന്യൂനപക്ഷങ്ങൾക്കെതിരേ വൻ പ്രചരണമാണ് നടക്കുന്നത്. ദളിതർ തുടർച്ചയായി രാജ്യത്ത് ആക്രമിക്കപ്പെടുകയാണ്. അവരുടെ പിന്നോക്കാവസ്ഥയ്ക്ക് ഒരു മാറ്റവും സംഭവിക്കുന്നില്ല.

കർഷകരുടെ പ്രശ്നങ്ങളോട് മുഖം തിരിക്കുന്ന സർക്കാരാണിതെന്നും അതാണ് മധ്യപ്രദേശിലെയും രാജസ്ഥാനിലെയും കർഷക പ്രക്ഷോഭങ്ങൾക്ക് നേരെ വെടിവയ്പ്പുണ്ടാകാൻ കാരണമെന്നും പിണറായി വിജയൻ കുറ്റപ്പെടുത്തി.

Related posts