ഉദ്വേഗം നിറഞ്ഞ നിമിഷങ്ങള്‍ക്കൊടുവില്‍ കോടതി വിധിയെത്തി, ലാവ്‌ലിന്‍ കേസില്‍ അവസാന കടമ്പയും കടന്ന് പിണറായി വിജയന്‍, കേരളാ രാഷ്ട്രീയത്തെ പിടിച്ചുലച്ച കേസിന്റെ ചരിത്രം അറിയാം

ലാവ്‌ലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഒടുവില്‍ ആശ്വാസം. ലാവ്‌ലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഒടുവില്‍ ആശ്വാസം. കേസില്‍ നിന്ന് പിണറായിയെ കുറ്റവിമുക്തനാക്കിയ കീഴ്‌ക്കോടതി വിധി ഹൈക്കോടതിയും ശരിവച്ചു. തിരുവനന്തപുരം സിബിഐ കോടതി വിധിയാണ് ശരിവച്ചത്. ഇതോടെ സര്‍ക്കാരിനും പിണറായിക്കും ഉണ്ടായിരുന്ന ഭീഷണി ഒഴിവായി. പിണറായി വിജയനെ സിബിഐ വേട്ടയാടുകയാണെന്ന് വിലയിരുത്തിയ കോടതി കേസിലെ രണ്ടു മുതല്‍ നാലു വരെയുള്ള പ്രതികള്‍ വിചരണ നേരിടണമെന്നും വിധിച്ചു.

കോടതിയില്‍ സിബിഐ പിണറായിക്കെതിരേ ശക്തമായ വാദങ്ങള്‍ നിരത്തിയിരുന്നു. ലാവ്‌ലിനുമായി വിതരണ കരാറുണ്ടാക്കിയത് മന്ത്രിസഭ അറിഞ്ഞിരുന്നില്ല. ഇടപാടുമായി ബന്ധപ്പെട്ട് വൈദ്യുത ബോര്‍ഡിലെ ഉന്നത ജീവനക്കാര്‍ക്കുണ്ടായിരുന്ന എതിര്‍പ്പുകള്‍ സ്വാധീനം ഉപയോഗിച്ച് മറച്ചുവെച്ചെന്നും നിയമപരമായി നിലനില്‍ക്കാത്ത കരാറാണ് കമ്പനിയുമായി ഉണ്ടാക്കിയതെന്നും സിബിഐ ആരോപിച്ചു.

ലാവ്‌ലിന്‍ പ്രതിനിധികള്‍ക്ക് പ്രത്യേക പരിഗണന നല്‍കി. മലബാര്‍ കാന്‍സര്‍ സെന്റര്‍ എന്ന ആശയം പിണറായിയുടേത് മാത്രമാണ്. ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന് കരാറുണ്ടാക്കുമ്പോള്‍ പൂര്‍ണ നവീകരണം ആവശ്യമില്ലെന്ന് പിണറായി വിജയന് ബോധ്യമുണ്ടായിരുന്നു. ഇതു സംബന്ധിച്ച് റിപ്പോര്‍ട്ടുകള്‍ അദ്ദേഹം കണ്ടിട്ടുണ്ട്. എന്നിട്ടും പൂര്‍ണ നവീകരണത്തിന് കരാറുണ്ടാക്കുകയായിരുന്നെന്നും ഇതിനു പിന്നില്‍ ഗൂഢാലോചന നടത്തിയെന്നും സിബിഐ ആരോപിച്ചു.

കേസിന്റെ ചരിത്രം ഇങ്ങനെ

കേരളത്തിലെ ഇടുക്കി ജില്ലയിലുള്ള പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ ജലവൈദ്യുത പദ്ധതികളുടെ പുനരുദ്ധാരണത്തിന്, കനേഡിയന്‍ കമ്പനിയായ എസ്എന്‍സി ലാവലിനുമായി ഒപ്പിട്ട കരാറുകളുമായി ബന്ധപ്പെട്ട വ്യവസ്ഥാ ലംഘനങ്ങളാണ് ലാവലിന്‍ കേസിന് നിദാനം. കരാര്‍ ലാവലിന്‍ കമ്പനിക്ക് നല്‍കുന്നതിന് പ്രത്യേക താല്പര്യം കാണിക്കുക വഴി സംസ്ഥാനത്തിന് 374 കോടി രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ടായിരിക്കാമെന്നാണ് ലാവലിന്‍ കേസിലെ പ്രധാന ആരോപണം.

1995 ഓഗസ്റ്റില്‍ അന്നത്തെ ഐക്യ ജനാധിപത്യ മുന്നണി സര്‍ക്കാരിലെ വൈദ്യുത മന്ത്രി ആയിരുന്ന ജി. കാര്‍ത്തികേയനാണ് എസ്എന്‍സി ലാവലിനുമായിട്ടുള്ള ആദ്യ ധാരണാപത്രം ഒപ്പ് വയ്ക്കുന്നത്. പിന്നീട് എസ്എന്‍സി ലാവലിനെ പദ്ധതി നടത്തിപ്പിന് കണ്‍സള്‍ട്ടന്റായി നിയമിച്ചു കൊണ്ടുള്ള കരാര്‍ 1996 ഫെബ്രുവരി 24ന് ഒപ്പിടുന്നതും ജി. കാര്‍ത്തികേയന്‍ വൈദ്യുത വകുപ്പ് മന്ത്രി ആയിരിക്കുന്ന കാലയളവിലാണ്. ലാവലിന്‍ കമ്പനിയുമായി അന്തിമ കരാര്‍ ഒപ്പിട്ടത് പക്ഷേ ഇ.കെ. നായനാര്‍ മന്ത്രിസഭയിലെ വൈദ്യുത മന്ത്രി ആയിരുന്ന പിണറായി വിജയനായിരുന്നു.

പിന്നീട് ആര്യാടന്‍ മുഹമ്മദ് വൈദ്യുതി മന്ത്രി ആയിരിക്കുന്ന അവസരത്തിലാണ് പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള തുക പൂര്‍ണ്ണമായും അടച്ചു തീര്‍ത്തത്. കരാറുകള്‍ വിഭാവനം ചെയ്യുന്നത് മുതല്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്നത് വരെ നാല് മന്ത്രിസഭകളിലായി അഞ്ച് മന്ത്രിമാര്‍ വൈദ്യുത വകുപ്പ് ഭരിക്കുകയുണ്ടായി. ഇക്കാലയളവില്‍ മലബാര്‍ കാന്‍സര്‍ സെന്ററിന് വേണ്ടി കനേഡിയന്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ നല്‍കുമായിരുന്ന 98 കോടി രൂപയില്‍ ആകെ 12 കോടി രൂപ മാത്രമാണ് ധാരണാ പത്രം പുതുക്കാത്തത് മൂലം ലഭിച്ചത്.

Related posts