തൊടുപുഴ: പതിനാറുകാരിയെ തട്ടിക്കൊണ്ടു പോയി വനത്തിനുള്ളിലെ ഇടിഞ്ഞുപൊളിഞ്ഞ കെട്ടിടത്തില്‍ താമസിപ്പിച്ചു പീഡിപ്പിച്ച 19 കാരന് അറസ്റ്റില്‍. തൊമ്മന്‍കുത്ത് പുത്തന്‍പുരയ്ക്കല്‍ യദുകൃഷ്ണനെയാണ് കരിമണ്ണൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ തിങ്കളാഴ്ച മുതലാണ് പെണ്‍കുട്ടിയെ കാണാതായത്. തുടര്‍ന്നു ബന്ധുക്കളും നാട്ടുകാരും തെരച്ചില്‍ നടത്തുകയും കരിമണ്ണൂര്‍ പോലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു.
തൊമ്മന്‍കുത്ത് വനമേഖലയിലെ കെട്ടിടത്തിലാണ് യദുകൃഷ്ണന് പെണ്‍കുട്ടിയെ എത്തിച്ച് പീഡനത്തിനു വിധേയമാക്കിയത്. പെണ്‍കുട്ടിയെ കെട്ടിടത്തില്‍ ഇരുത്തി തൊമ്മന്‍കുത്ത് ടൗണിലെത്തി ഭക്ഷണം വാങ്ങിയാണു നല്‍കിയിരുന്നത്.
ഇതിനിടെ പെണ്‍കുട്ടി യദുകൃഷ്ണനൊപ്പം പോയതായി പോലീസിനു വിവരം ലഭിച്ചു. ഇയാളെ വിളിച്ചു വരുത്തി ചോദ്യം ചെയ്തപ്പോഴാണ് പെണ്‍കുട്ടിയെ ഒളിവില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്ന് മൊഴി നല്‍കിയത്.
തുടര്‍ന്നാണ് പെണ്‍കുട്ടിയെ വനത്തിനുള്ളിലെ തകര്‍ന്ന കെട്ടിടത്തില്‍ നിന്നും കണ്ടെത്തിയത്.പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്കു വിധേയമാക്കി.
യദുകൃഷ്ണനെതിരേ പോക്സോ വകുപ്പു പ്രകാരം കേസെടുത്തു. കൂടാതെ എസ്സി-എസ്ടി ആക്ട് പ്രകാരമുള്ള വകുപ്പും ചുമത്തും. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.