നാടന്‍ കൂര്‍ക്ക പ്രത്യേകം പാക്ക് ചെയ്ത് വാങ്ങി ! നെടുമ്പാശ്ശേരിയില്‍ സ്‌കാന്‍ ചെയ്തപ്പോള്‍ പാക്കറ്റില്‍ നിന്നു ചാടിയിറങ്ങിയത് നല്ല ‘നാടന്‍’ വളപ്പന്‍; ഒരു പാവം പ്രവാസിയ്ക്കു കിട്ടിയ എട്ടിന്റെ പണി ഇങ്ങനെ…

നെടുമ്പാശ്ശേരി: ഗള്‍ഫിലെ സ്ഥിരം ഭക്ഷണം കഴിച്ചു മടുത്ത പ്രവാസികള്‍ നാട്ടിലെത്തുമ്പോള്‍ നാടന്‍ വിഭവങ്ങള്‍ അങ്ങോട്ടു കൊണ്ടു പോകുന്ന പതിവുണ്ട്. ഗള്‍ഫില്‍ കിട്ടാന്‍ പ്രയാസമുള്ള പച്ചക്കറികളും അച്ചാറുകളുമൊക്കെയാണ് ഇങ്ങനെ കൊണ്ടുപോകാറ്. അങ്ങനെ കൂര്‍ക്ക തിന്നാനുള്ള ആഗ്രഹത്താല്‍ കൃഷിയിടത്തില്‍ നിന്നും പറിച്ച കൂര്‍ക്കയും പാക്കറ്റിലാക്കി വിമാനത്താവളത്തില്‍ എത്തിയ പ്രവാസിക്ക് കിട്ടിയത് കിടിലന്‍ പണിയാണ്.

കൂര്‍ക്ക പായ്ക്കറ്റില്‍ വിഷപ്പാമ്പ് കടന്നു കൂടിയാതാണ് പ്രവാസിയുടെ യാത്ര മുടക്കിയത്. ഇന്നലെ രാത്രി എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ അബുദാബിയിലേക്കു പോകാനെത്തിയ പാലക്കാട് സ്വദേശി സുനില്‍ കാട്ടാക്കളത്തിന്റെ (40) യാത്രയാണു മുടങ്ങിയത്. അവധിക്കു നാട്ടിലെത്തി മടങ്ങുന്ന സുനില്‍ നാട്ടിന്‍പുറത്തെ കൃഷിയിടത്തില്‍ നിന്നു നേരിട്ടു വാങ്ങിയതാണ് കൂര്‍ക്ക. പായ്ക്കറ്റിലാക്കിയാണ് 2 കിലോഗ്രാം കൂര്‍ക്ക സുനിലിന് കൃഷിക്കാരന്‍ നല്‍കിയത്.

സുനില്‍ വീട്ടിലെത്തി ഇതു മറ്റൊരു പായ്ക്കറ്റില്‍ കൂടി പൊതിഞ്ഞ് ഹാന്‍ഡ് ബാഗില്‍ വച്ചാണ് യാത്രയ്ക്കായി വിമാനത്താവളത്തിലെത്തിയത്. കൂര്‍ക്കപാക്കറ്റില്‍ പാമ്പു കയറിക്കൂടിയത് യാത്രകരന്‍ അറിഞ്ഞിരുന്നില്ല. വിഷപാമ്പുമായി പാലക്കാട്ടു നിന്നു യാത്ര ചെയ്ത് വിമാനത്താവളത്തില്‍ എത്തുകയും ചെയത്ു. സിഐഎസ്എഫിന്റെ സുരക്ഷാ പരിശോധനകള്‍ക്കിടെ ഹാന്‍ഡ് ബാഗ് പരിശോധിച്ചപ്പോള്‍ ബാഗില്‍ നിന്നു പാമ്പ് പുറത്തേക്കു ചാടുകയായിരുന്നു. ഉഗ്രവിഷമുള്ള വളവളപ്പന്‍ പാമ്പായിരുന്നു വിമാനയാത്ര ആഗ്രഹിച്ച് കൂര്‍ക്ക പാക്കറ്റില്‍ കയറിക്കൂടിയത്. ഉടന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ പാമ്പിനെ തല്ലിക്കൊന്നു.ഇഴജന്തുക്കളെ വിദേശത്തേക്കു കൊണ്ടുപോകാന്‍ നിരോധനമുള്ളതിനാല്‍ സിഐഎസ്എഫ് അധികൃതര്‍ ഇയാളുടെ യാത്ര റദ്ദാക്കുകയും നെടുമ്പാശ്ശേരി പോലീസിന് കൈമാറുകയും ചെയ്തു.

Related posts