വൈരാഗ്യമുള്ളവരെ കള്ളക്കേസില്‍ കുടുക്കും! ആശുപത്രിയുടെ പ്രസവമുറിയില്‍ പര്‍ദ്ദ ധരിച്ച് പോലീസുകാരന്‍ കയറിയ സംഭവത്തില്‍ ദുരൂഹത

തൊടുപുഴ: നഗരത്തിനു സമീപത്തെ സ്വകാര്യ ആശുപത്രിയിലെ പ്രസവ മുറിയില്‍ പെണ്‍വേഷത്തില്‍ പോലീസുകാരന്‍ കയറിയ സംഭവത്തില്‍ ദുരൂഹത. സംഭവത്തില്‍ കേസെടുത്ത തൊടുപുഴ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. കുളമാവ് പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറായ നൂര്‍ സമീറിനെതിരെയാണ് തൊടുപുഴ പോലീസ് കേസ് എടുത്തത്. ഇന്നലെ രാത്രി എട്ടോടെയായിരുന്നു സംഭവം.

പോലീസുകാരന്‍ പര്‍ദ്ദ ധരിച്ച് ആശുപത്രിയില്‍ സ്ത്രീകള്‍ മാത്രം തങ്ങുന്ന മുറിയില്‍ കയറിയതിനെ സംബന്ധിച്ച് വ്യക്തമായ വിവരങ്ങള്‍ പോലീസിന് ലഭ്യമായിട്ടില്ല. തൊടുപുഴ പോലീസിന്റെ അന്വേഷണത്തില്‍ ഇന്നലെ ഇയാള്‍ കുളമാവ് പോലീസ് സ്‌റ്റേഷനില്‍ ഡ്യൂട്ടിക്കെത്തിയിട്ടില്ലെന്ന് വ്യക്തമായി.

നേരത്തെ മുഖ്യമന്ത്രിയുടെ ഗുണ്ടാവിരുദ്ധ സ്‌ക്വാഡിലെ അംഗമാണെന്ന നടിച്ച് കഞ്ചാവ് മാഫിയയുടെ പക്കല്‍ നിന്നും കൈകൂലി വാങ്ങിയ കേസില്‍ ഇയാള്‍ക്കെതിരെ വകുപ്പുതല അന്വേഷണവും തുടര്‍ന്ന് നടപടിയുമെടുത്തിരുന്നു. സര്‍വസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്ന ഇയാളെ അടുത്ത നാളിലാണ് സര്‍വീസില്‍ തിരിച്ചെടുത്തത്. ഇയാളാണ് പ്രസവമുറിയില്‍ അതിക്രമിച്ചു കയറിയതെന്ന് വ്യക്തമായ വിവരം ലഭിച്ചെന്ന് എസ് ഐ വി.സി. വിഷ്ണു കുമാര്‍ പറഞ്ഞു.

പ്രസവ മുറിയുടെ സമീപത്തായി ഇയാള്‍ ചുറ്റിക്കറങ്ങുന്നതു കണ്ട് പുരുഷനാണെന്ന് സംശയം തോന്നിയ സ്ത്രീകളാണ് സെക്യൂരിറ്റി ജീവനക്കാരോട് വിവരം പിറഞ്ഞത്. ഇവരെത്തി പര്‍ദ്ദയുടെ മുഖവാരണം നീക്കിയപ്പോള്‍ പുരുഷനാണെന്ന് വ്യക്തമായി.

സുരക്ഷാ ജീവനക്കാര്‍ ഇയാളെ തടഞ്ഞു നിര്‍ത്താന്‍ ശ്രമിച്ചെങ്കിലും പോലീസുകാരനാണെന്ന് പറഞ്ഞ് ഇവരെ തട്ടിമാറ്റി പുറത്തേക്കോടി രക്ഷപെടുകയായിരുന്നു. പെട്ടിഓട്ടോയിലാണ് പോലീസുകാരന്‍ എത്തിയത്.

വാഹനത്തില്‍ മറ്റൊരാളും ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു. സംഭവത്തില്‍ പോലീസുകാരനെതിരെ ക്രിമിനല്‍ കേസെടുത്തതായും എസ്പിക്കു റിപ്പോര്‍ട്ട് നല്‍കുമെന്നും തൊടുപുഴ ഡിവൈഎസ്പി ടി.കെ.ജോസ് പറഞ്ഞു.

കഞ്ചാവു മാഫിയയില്‍നിന്നു പണം കൈപ്പറ്റിയ കേസില്‍ പാലക്കാട് വച്ചാണ് നൂര്‍ സമീര്‍ ഉള്‍പ്പെടെ മൂന്നു പോലീസുകാര്‍ അറസ്റ്റിലായത്. ഈ മൂന്നു പോലീസുകാരുടെ സാമ്പത്തിക ഇടപാടുകള്‍ ഉള്‍പ്പടെ അന്ന് ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശ പ്രകാരം മൂന്നാര്‍ ഡിവൈഎസ്പി അന്വേഷിച്ചിരുന്നു. കഞ്ചാവ് വേട്ടക്കായി ജില്ലാ പോലീസ് മേധാവി രൂപീകരിച്ച ഹൈറേഞ്ച് സ്‌പൈഡേഴ്‌സ് എന്ന ടീമിലെ അംഗങ്ങളായിരുന്നു പോലീസുകാര്‍.

എന്നാല്‍ വൈരാഗ്യമുള്ളവരെ ഹൈറേഞ്ച് സ്‌പൈഡേഴ്‌സിലെ അംഗങ്ങള്‍ എന്ന നിലയില്‍ ഇവര്‍ കള്ളക്കേസില്‍ കുടുക്കിയതായും പരാതി ഉയര്‍ന്നിരുന്നു. പിടിച്ചെടുക്കുന്ന കഞ്ചാവിന്റെ തൂക്കം മുഴുവന്‍ കാണിക്കാതെ ബിനാമി ഇടപാടുകള്‍ക്ക് ഉപയോഗിച്ചിരുന്നതായും പരാതിയുയര്‍ന്നു.

മണല്‍കടത്ത്, ബ്ലേഡ് മാഫിയ, കഞ്ചാവ് ലോബി എന്നിങ്ങനെയുള്ള മാഫിയ സംഘങ്ങളെ ഒതുക്കാനാണു മുന്‍ ജില്ലാ പോലീസ് മേധാവി എ.വി ജോര്‍ജിന്റെ നേതൃത്വത്തില്‍ ഹൈറേഞ്ച് സ്‌പൈഡേഴ്‌സ് രൂപീകരിച്ചത്. എസ്.ഐയുടെ നേതൃത്വത്തില്‍ പത്തംഗ സംഘമാണ് സ്‌ക്വാഡിലുണ്ടായിരുന്നത്.

തൊടുപുഴ പെരുമ്പിള്ളിച്ചിറയിലെ ഇടനിലക്കാരന്‍ മുഖേനയാണ് നൂര്‍ സമീര്‍ ഉള്‍പ്പെടെയുള്ള സംഘം കഞ്ചാവ് മാഫിയായുമായി ബന്ധപ്പെട്ട് കേസൊതുക്കി തീര്‍ക്കാന്‍ വന്‍ തുക കൈക്കൂലി വാങ്ങിയത്. ഇടനിലക്കാരനെയും പോലീസ് അറസ്റ്റു ചെയ്തിരുന്നു. ഹൈറേഞ്ച് സ്‌പൈഡേഴ്‌സിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അന്വേഷണം നടത്തി പിന്നീട് സംഘത്തെ പിരിച്ചു വിടുകയും ചെയ്തു.

ഇതിനിടെ കഞ്ചാവ് പിടികൂടാനാണ് നൂര്‍സമീര്‍ ആശുപത്രിയില്‍ പോയതെന്ന് ഇയാളുമായി ബന്ധമുള്ള ചിലര്‍ പോലീസിനെ അറിയിച്ചു. എന്നാല്‍ മുകളില്‍ നിന്നും ഇത്തരമൊരു നിര്‍ദ്ദേശം പോലീസുകാരന് നല്‍കിയിട്ടില്ലെന്നും സ്ത്രി വേഷത്തില്‍ ഇയാള്‍ പോയതില്‍ മറ്റ് ഉദ്ദേശമാണുള്ളതെന്നുമാണ് പോലീസിന്റെ വിലയിരുത്തല്‍.

Related posts