ഡിജെ പാര്‍ട്ടികളില്‍ നിരീക്ഷണം ശക്തമാക്കി പോലീസ്, പുതുവത്സരത്തില്‍ മയക്കുമരുന്നിന്റെ വേരറുക്കും, നാടെങ്ങും ലഹരി ഒഴുകുന്നു, ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും ലോഡ്ജുകളിലും പോലീസ് നിരീക്ഷണം

സ്വന്തംലേഖകന്‍

പുതുവത്സരാഘോഷത്തിന്റെ ഭാഗമായി ഒരുക്കുന്ന ഡിജെ പാര്‍ട്ടികളില്‍ ഫ്രീക്കന്‍വേഷത്തില്‍ പോലീസെത്തും. പുതുവത്സരാഘോഷത്തിന് ഉപയോഗിക്കാനായി ഇതരസംസ്ഥാനങ്ങളില്‍ നിന്ന് വന്‍തോതില്‍ മയക്കുമരുന്നുകള്‍ എത്തിയിട്ടുണ്ടെന്നതിന്റെ അടിസ്ഥാനത്തിലാണ് നിരീക്ഷിക്കാനായി പോലീസ് സുസജ്ജമായത്.

മയക്കുമരുന്നുകള്‍ വ്യാപകമായി കേരളത്തില്‍ എത്തിയിട്ടുണ്ടെന്നാണ് സംസ്ഥാന രഹസ്യാന്വേഷണ വിഭാഗവും എക്സൈസ് ഇന്റലിജന്‍സും വിലയിരുത്തുന്നത്. യുവാക്കളെ ആകര്‍ഷിപ്പിക്കാന്‍ സംഘടിപ്പിക്കുന്ന ഡിജെ പാര്‍ട്ടികളില്‍ ഉള്‍പ്പെടെ മയക്കുമരുന്ന് ഉപയോഗം ഉണ്ടാവാനുള്ള സാധ്യതയും കൂടുതലാണ്. ഈ സാഹചര്യത്തിലാണ് പരിശോധനയ്ക്കും നിരീക്ഷണത്തിനുമായി പോലീസ് തയാറായുള്ളത്.

ഡിജെ പാര്‍ട്ടികള്‍ നടക്കുന്ന പ്രധാന സ്ഥലങ്ങള്‍ കൂടാതെ ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും ലോഡ്ജുകളിലും പോലീസ് പരിശോധന നടത്തും. ആഘോഷത്തിന്റെ ഭാഗമായി ലഹരി വസ്തുക്കളുടെ ഉപയോഗം തടയുകയെന്ന ലക്ഷ്യത്തോടെയാണ് പരിശോധനയും നിരീക്ഷണവും പോലീസ് ശക്തമാക്കിയത്. അനധികൃതമായി ലഹരി ഉപയോഗത്തിന് സൗകര്യമൊരുക്കുന്ന ഹോട്ടലുകള്‍ക്കും ലോഡ്ജുകള്‍ക്കുമെതിരേ കര്‍ശന നടപടി സ്വീകരിക്കാനും പോലീസ് തീരുമാനിച്ചിട്ടുണ്ട്.

ഏതു സമയവും പരിശോധന നടത്താന്‍ ഡിസ്ട്രിക്ട് ആന്റി നാര്‍കോട്ടിക് സ്പെഷ്യല്‍ ആക്ഷന്‍ ഫോഴ്സ് ഉള്‍പ്പെടെ പ്രത്യേക ടീമുകള്‍ ഒരുങ്ങിയിട്ടുണ്ട്. ഇതിനു പുറമേ നേരത്തെ ലഹരി ഉപയോഗവും വില്‍പനയുമായും ബന്ധപ്പെട്ട് പിടിയിലാവയരേയും നിരീക്ഷിച്ചുവരികയാണ്. നിരീക്ഷണം ശക്തമാക്കാനും പരിശോധനകള്‍ കാര്യക്ഷമമാക്കാനും സംസ്ഥാന പോലീസ് മേധാവി കഴിഞ്ഞ ദിവസം തന്നെ ജില്ലാപോലീസ് മേധാവിമാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

യുവാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും വില്പനയ്ക്കായി കൊണ്ടുവന്ന നിരോധിത ന്യൂജന്‍ ലഹരിമരുന്നുകളായ 24 ഗ്രാം എല്‍എസ്ഡി ഷുഗര്‍ ക്യൂബ്, 350 ഗ്രാം ഹാഷിഷ് എന്നിവയാണ് കഴിഞ്ഞ ദിവസം കോഴിക്കോട് മെഡിക്കല്‍ കോളേജ് പോലീസും ഡിസ്ട്രിക്ട് ആന്റി നാര്‍കോട്ടിക് സ്പെഷ്യല്‍ ആക്ഷന്‍ ഫോഴ്സും പിടികൂടിയത്. കോഴിക്കോട് മാറാട് അരക്കിണര്‍ സ്വദേശി തെക്കുംപുറത്ത് ഹംസ മന്‍സില്‍ റനീഷ് ( 22), കല്ലായി കണ്ണഞ്ചേരി സ്വദേശി തടനിലംപറമ്പ് റൗഫ് (19), പയ്യാനക്കല്‍ മാണിക്കത്താഴം പറമ്പ് സ്വദേശി അന്‍വര്‍ സാദത്ത് എന്ന റൂണി(25) എന്നിവരെയാണ് പിടികൂടിയത്.

ഇവരില്‍ നിന്നും മയക്കുമരുന്നുകള്‍ വാങ്ങുന്നവരെ കുറിച്ചും പോലീസ് അന്വേഷിച്ചുവരികയാണ്. സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ നിരവധി പേരാണ് ഇവരില്‍ നിന്ന് മയക്കുമരുന്നുകള്‍ വാങ്ങുന്നത്. മദ്യപിച്ച് വാഹനമോടിക്കുന്നത് തടയാനും പോലീസ് ഇതിനകം മുന്നറിയിപ്പുകള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. മദ്യപിച്ച് വാഹനമോടിക്കുന്നവര്‍ മനുഷ്യബോംബിന് സമാനമാണെന്നും അവര്‍ കാരണം മറ്റുള്ളവരും അപകടത്തില്‍പെടുകയാണെന്നും ലഹരി ഉപയോഗിച്ചുള്ള യാത്രകള്‍ പൂര്‍ണമായും ഒഴിവാക്കണമെന്നുമാണ് പോലീസ് മുന്നറിയിപ്പ് നല്‍കിയത്.

Related posts