ഹര്‍ത്താല്‍ ദിനത്തില്‍ കന്റോണ്‍മെന്റ് എസ്‌ഐയുടെ ഒഴിവു ദിവസത്തെ കളി; വഴിയരികില്‍ പാര്‍ക്ക് ചെയ്തിരുന്ന ബൈക്കിന്റെ താക്കോല്‍ ഊരി വിരലിലിട്ടു സിനിമ സ്‌റ്റൈലില്‍ എസ്‌ഐ സ്ഥലം വിട്ടു

POLICEതിരുവനന്തപുരം: വീട്ടു സാധനങ്ങള്‍ വാങ്ങാന്‍ പാളയം മാര്‍ക്കറ്റിലെത്തിയ തിരുമല സ്വദേശിയുടെ ബൈക്കിന്റെ താക്കോല്‍ ഊരിയെടുത്ത് കന്റോണ്‍മെന്റ് എസ്‌ഐ കടന്നു കളഞ്ഞു. താക്കോല്‍ തെരഞ്ഞു നടന്ന ഗണേശനോട് താക്കോല്‍ വേണമെങ്കില്‍ സ്‌റ്റേഷനില്‍ പോയി വാങ്ങണമെന്നു സ്ഥലത്തുണ്ടായിരുന്ന പോലീസുകാരന്‍ പറഞ്ഞു. ഹര്‍ത്താല്‍ ദിനത്തില്‍ എസ്‌ഐയുടെയും പോലീസുകാരുടെയും ‘കളി’ കണ്ട് ഗണേശനും നാട്ടുകാരും അന്തംവിട്ടു. ഇന്നലെ വൈകുന്നേരം അഞ്ചരയോടെയാണ് തിരുമല സ്വദേശിയായ ഗണേശന്‍ സാധനം വാങ്ങാന്‍ പാളയം മാര്‍ക്കറ്റിലെത്തയത്. മാര്‍ക്കറ്റിനു മുന്നില്‍ ബൈക്ക് പാര്‍ക്ക് ചെയ്ത ശേഷം ഇദ്ദേഹം സമീപത്തുള്ള കടയില്‍  സാധനം വാങ്ങാന്‍ കയറി. ഹര്‍ത്താല്‍ ദിനമായിരുന്നതു കൊണ്ട് പോലീസുകാരും അവിടെ  ഡ്യൂട്ടിയിലുണ്ടായിരുന്നു. ഇതിനിടയിലാണ് കന്റോണ്‍മെന്റ് എസ്‌ഐയും സംഘവും സ്ഥലത്തെത്തിയത്. ലാത്തിയുമായി മാര്‍ക്കറ്റില്‍ ചുറ്റിക്കറങ്ങിയ എസ്‌ഐ തിരിച്ചിറങ്ങുമ്പോള്‍, ഗണേശന്റെ ബൈക്ക് താക്കോല്‍ സഹിതം പാര്‍ക്കു ചെയ്തിരിക്കുന്നു.

എസ്‌ഐ താക്കോല്‍ ഊരിയെടുത്തു. വിരലിലിട്ടു സിനിമ സ്‌റ്റൈലില്‍ വട്ടം കറക്കി. ഇവിടെയുണ്ടായിരുന്ന തൊഴിലാളികള്‍ എന്തിനാണ് താക്കോല്‍ ഊരിയെടുത്തതെന്ന് ചോദിച്ചതിന് വൃക്തമായ ഉത്തരം എസ്‌ഐ നല്‍കിയില്ല. പിന്നെ താക്കോലും പോക്കറ്റിലിട്ട് ജീപ്പില്‍ കയറി എസ്‌ഐ ഒറ്റപ്പോക്ക്. കണ്ടു നിന്ന പോലീസുകാരൊക്കെ ഇതെന്താ കഥ എന്ന മട്ടില്‍ നില്‍ക്കുകയായിരുന്നു.

അപ്പോഴേക്കും സാധനം വാങ്ങി മടങ്ങിയെത്തിയ ഗണേശന്‍ താക്കോല്‍ കാണാതെ വിഷമിച്ചു പോയി. തക്കോല്‍ എവിടെയെങ്കിലും വീണു പോയിട്ടുണ്ടോ എന്നു പരതുന്നതിനിടയിലാണ് അവിടെയുണ്ടായിരുന്നവര്‍ ഇദ്ദേഹത്തെ വിവരം അറിയിച്ചത്. പരിഭ്രമിച്ചു പോയ ഗണേശനോട,് താക്കോല്‍ വേണമെങ്കില്‍ സ്‌റ്റേഷനില്‍ പോകാന്‍ അവിടെയുണ്ടായിരുന്ന ഒരു പോലീസുകാരന്‍ നിര്‍ദേശിച്ചു.

പോലീസല്ലേ..പോയതു പോയി, എന്നു ചിന്തിച്ചു ഗണേശന്‍ അടുത്തുണ്ടായിരുന്നവരുടെ ഒക്കെ താക്കോല്‍ വാങ്ങി ബൈക്ക് സ്റ്റാര്‍ട്ടാക്കാന്‍ ശ്രമം നടത്തി. ഇതിനിടയില്‍ ഇദ്ദേഹത്തിനു സഹായവുമായി ഇവിടെയുള്ള യൂണിയന്‍കാരെത്തി.

തുടര്‍ന്ന് ഇവരോടൊപ്പം സ്റ്റേഷനില്‍ പോയാണ് ഗണേശന്‍ താക്കോല്‍ വാങ്ങിയത് ഈ ഭാഗങ്ങളില്‍ താക്കോല്‍ വച്ചിട്ട് പോകുന്ന ബൈക്കുകള്‍  മോഷണം പോകുന്നതായി പരാതിയു ണ്ടെന്നും മോഷണം ഒഴിവാക്കുന്നതിനു യാത്രക്കാരെ ശ്രദ്ധാലുക്കളാക്കാനാണ്  താക്കോല്‍ ഊരിയെ ടുത്തതെന്നുമാണ് സ്‌റ്റേഷനില്‍ നിന്ന് ഗണേശനെ അറിയിച്ചത്. കേട്ടു നിന്ന ഗണേശനും യൂണിയന്‍കാരും ഇതെന്ത് കളിയെന്നോര്‍ത്ത് മൂക്കത്ത് വിരല്‍  വച്ചു.

Related posts