കലാഭവന്‍ സോബി പറഞ്ഞത് പച്ചക്കള്ളം ! ബാലഭാസ്‌കറുടെ മരണ സമയത്ത് സോബി കണ്ടെന്നു പറഞ്ഞയാള്‍ ആ സമയത്ത് ബംഗളുരുവില്‍; നുണപരിശോധനാ ഫലം പുറത്തു വരുമ്പോള്‍…

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് കലാഭവന്‍ സോബി നല്‍കിയ മൊഴി കള്ളമെന്ന് തെളിഞ്ഞു. അപകടസ്ഥലത്ത് സോബി കണ്ടെന്ന് പറഞ്ഞയാള്‍ ആ സമയത്ത് ബെംഗളൂരുവിലാണെന്നു കണ്ടെത്തി.

സ്വര്‍ണക്കടത്ത് സംഘാംഗം റൂബിന്‍ തോമസിനെ കണ്ടെന്നായിരുന്നു മൊഴി. അപകടത്തിനു മുമ്പ് ബാലഭാസ്‌കറിന്റെ കാര്‍ ആക്രമിക്കപ്പെട്ടെന്ന മൊഴിയും കളവെന്ന് കണ്ടെത്തി.

അപകടസമയത്ത് വാഹനമോടിച്ചത് ബാലഭാസ്‌കറാണെന്ന ഡ്രൈവര്‍ അര്‍ജുന്റെ മൊഴി കള്ളമാണെന്ന് പരിശോധനയില്‍ കണ്ടെത്തി.

ദേശീയപാതയില്‍ പള്ളിപ്പുറം സിആര്‍പിഎഫ് ക്യാമ്പ് ജംഗ്ഷനു സമീപം 2018 സെപ്റ്റംബര്‍ 25നു പുലര്‍ച്ചെയാണ് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ ബാലഭാസ്‌കറും മകളും മരിച്ചു.

ഭാര്യയ്ക്കു ഗുരുതരമായി പരുക്കേറ്റു. അപകടം നടന്ന സ്ഥലത്ത് എത്തുന്നതിനു മുന്‍പ് ബാലഭാസ്‌കറിന്റെ കാര്‍ ആക്രമിക്കപ്പെട്ടെന്നാണ് അതുവഴി അന്നേദിവസം കടന്നുപോയ കലാഭവന്‍ സോബിയുടെ മൊഴി.

നുണ പരിശോധന നടത്തുന്നതിലൂടെ ഇക്കാര്യത്തിലും വ്യക്തത വരുമെന്നായിരുന്നു സിബിഐ പറഞ്ഞത്.

ബാലഭാസ്‌കറിന്റെ സംഗീത പരിപാടികളുടെ സംഘാടകരായിരുന്നവര്‍ സ്വര്‍ണക്കടത്തു കേസില്‍ പ്രതികളായതോടെയാണ് അപകടത്തെക്കുറിച്ച് സംശയമുയര്‍ന്നത്.

അപകടസമയത്ത് ബാലഭാസ്‌കറിന്റെ കൂടെയുണ്ടായിരുന്ന അര്‍ജുന്‍ താന്‍ വാഹനമോടിച്ചില്ലെന്നു മൊഴിമാറ്റിയതിലും ബന്ധുക്കള്‍ ദുരൂഹത കണ്ടിരുന്നു. ബാലഭാസ്‌കറാണ് വാഹനമോടിച്ചതെന്നാണ് അര്‍ജുന്റെ വാദം.

ബാലഭാസ്‌കറിന്റെ കാര്‍ അപകടത്തില്‍പ്പെട്ട സ്ഥലത്തുകൂടി പോയപ്പോള്‍ ദുരൂഹ സാഹചര്യത്തില്‍ ചിലരെ കണ്ടതായി സോബി ക്രൈംബ്രാഞ്ചിനോടു പറഞ്ഞങ്കിലും അന്വേഷണം മുന്നോട്ടുപോയില്ല.

പിന്നീട് ഡിആര്‍ഐ ചില സ്വര്‍ണക്കടത്തുകാരുടെ ഫോട്ടോകള്‍ കാണിക്കുകയും സോബി അതിലൊരാളെ തിരിച്ചറിയുകയും ചെയ്തിരുന്നു.

ബാലഭാസ്‌കര്‍ സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെടുമ്പോള്‍ സംഭവ സ്ഥലത്തുണ്ടായിരുന്നവരില്‍ ചിലര്‍ സ്വര്‍ണക്കടത്തുമായി ബന്ധമുള്ളവരാണെന്നു സ്ഥിരീകരിച്ച് ഡിആര്‍ഐ അന്വേഷണം നടത്തിയിരുന്നു.

സോബിയുടെ മൊഴി ആസ്പദമാക്കി സിബിഐ അന്വേഷണം മുന്നോട്ടു കൊണ്ടുപോകുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ നുണ പരിശോധനാ ഫലം പുറത്തു വന്നതോടെ സോബിയും സംശയ നിഴലില്‍ ആയിരിക്കുകയാണ്.

Related posts

Leave a Comment