ഞങ്ങള്‍ ഹവാല പണം വാങ്ങാറുണ്ട്, ലക്ഷ്യം മതരാഷ്ട്രം തന്നെ, ഇന്ത്യ ടുഡേ ചാനലിന്റെ ഒളിക്യാമറയില്‍ കുടുങ്ങി പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍, സംഘടനയെ നിരോധിക്കണമെന്ന ആവശ്യം ശക്തമാകുന്നു

പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം നടത്തുന്നതിനിടെ സംഘടനയ്ക്ക് തിരിച്ചടിയായി ഇന്ത്യ ടുഡേ ചാനല്‍ നടത്തിയ ഒളിക്യാമറ ദൃശ്യങ്ങള്‍ പുറത്ത്. തങ്ങള്‍ സംഘടിതമായി മതപരിവര്‍ത്തനം നടത്താറുണ്ടെന്നും വിദേശത്തുനിന്നും ഹവാല പണം വാങ്ങാറുമുണ്ടെന്ന് പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ സമ്മതിക്കുന്ന ദൃശ്യങ്ങളാണ് പുറത്തായത്. പോപ്പുലര്‍ ഫ്രണ്ടിന്റെ വനിതാ വിഭാഗമായ വിമണ്‍സ് ഫ്രണ്ടിന്റെ അധ്യക്ഷ എ.എസ് സൈനബ, പോപ്പുലര്‍ ഫ്രണ്ട് സ്ഥാപക നേതാവ് പി. അഹമ്മദ് ഷരീഫ് എന്നിവരുടെ വാക്കുകളാണ് ചാനല്‍പുറത്തുവിട്ട ദൃശ്യങ്ങളിലുള്ളത്. ചൊവ്വാഴ്ച്ച രാത്രിയാണ് ചാനല്‍ ഈ വാര്‍ത്ത പുറത്തുവിട്ടത്. ഇതിനു പിന്നാലെ ദൃശ്യങ്ങള്‍ എന്‍ഐഎ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ചാനല്‍ വ്യക്തമാക്കി.

പോപ്പുലര്‍ ഫ്രണ്ടിന്റെ സാമ്പത്തിക കാര്യങ്ങളെക്കുറിച്ച് ദില്ലിയില്‍ വെച്ചാണ് സ്ഥാപക നേതാവായ അഹമ്മദ് ഷരീഫുമായി സംസാരിച്ചതെന്നാണ് ചാനല്‍ വ്യക്തമാക്കിയത്. സംഘടനയുടെയും സത്യസരണയിടെയും അന്തിമ ലക്ഷ്യം രാജ്യത്തും ലോകത്ത് എല്ലായിടത്തും ഇസ്ലാമിക രാജ്യം സ്ഥാപിക്കുകയാണെന്ന് അഹമ്മദ് ഷരീഫ് പറയുന്നു. ഇന്ത്യയില്‍ ഇസ്ലാമിക രാജ്യം സ്ഥാപിതമായാല്‍ അവര്‍ മറ്റൊരിടത്തേക്ക് പോകും. എല്ലാ മുംസ്ലിംങ്ങളുടെയും ലക്ഷ്യം അത് തന്നെയാണ്. ഏകദേശം അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഗള്‍ഫില്‍ നിന്ന് 10 ലക്ഷത്തോളം രൂപ ശേഖരിച്ചെന്നും അത് ഹവാല വഴിയാണ് ഇന്ത്യയില്‍ എത്തിച്ചതെന്നും ഷരീഫ് പറയുന്നുണ്ട്. നേരിട്ടും ഹവാല വഴിയുമൊക്കെ പണം ലഭിക്കാറുണ്ടെന്നും ഷരീഫ് സമ്മതിക്കുന്നുണ്ട്.

ഇന്ത്യാ ടുഡേയുടെ ഒളി ക്യാമറാ ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ പോപ്പുലര്‍ ഫ്രണ്ടിനെതിരെ ശക്തമായ ആരോപണങ്ങളുമായ ബിജെപി-ആര്‍എസ്എസ് നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. സംഘടനയെ നിരോധിക്കണമെന്ന് കേന്ദ്ര നിയമ മന്ത്രി രവി ശങ്കര്‍ പ്രസാദ് ആവശ്യപ്പെട്ടു. ഒളി ക്യാമറാ ഓപ്പറേഷന്റെ മുഴുവന്‍ വീഡിയോ എന്‍ഐഎ ആവശ്യപ്പെട്ടുവെന്നും ഇന്ത്യാ റ്റുഡേ അവകാശപ്പെട്ടു. പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കണമെന്ന ആവശ്യം ഉയരുന്നതിനിടെ പുതിയ വെളിപ്പെടുത്തല്‍ സംഘടനയ്ക്ക് തിരിച്ചടിയായിരിക്കുകയാണ്.

 

Related posts