വളഞ്ഞവഴിയിലൂടെ പോപ്പുലർ ആകണ്ട..! പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം തുടങ്ങി; എന്‍.ഐ.എ.യുടെ റിപ്പോര്‍ട്ടില്‍ പോപ്പുലര്‍ ഫ്രണ്ടിനെതിരേ ഉന്നയിക്കുന്ന ആരോപണങ്ങള്‍ ഇതെക്കെ

പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ (പി.എഫ്.ഐ.) എന്ന സംഘടനയ്‌ക്കെതിരേ നടപടിക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നീക്കം. ഭീകരപ്രവര്‍ത്തനങ്ങളുമായി പോപ്പുലര്‍ ഫ്രണ്ടിന് ബന്ധമുണ്ടെന്ന റിപ്പോര്‍ട്ടുകളെത്തുടര്‍ന്നാണ് നിരോധനമടക്കമുള്ള നടപടികള്‍ ആലോചിക്കുന്നതെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍, ആരോപണങ്ങള്‍ പോപ്പുലര്‍ ഫ്രണ്ട് തള്ളി.

പോപ്പുലര്‍ ഫ്രണ്ട് ഭീകരവാദക്യാമ്പുകള്‍ നടത്തുന്നുണ്ടെന്നും ബോംബുകള്‍ നിര്‍മിക്കുന്നുണ്ടെന്നും ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.) കേന്ദ്രത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇടുക്കി ജില്ലയില്‍ പ്രഫസറുടെ കൈപ്പത്തി വെട്ടിയ കേസ്, കണ്ണൂരിലെ ക്യാമ്പില്‍നിന്ന് എന്‍.ഐ.എ. വാളുകള്‍ കണ്ടെത്തിയ സംഭവം, ബോംബുനിര്‍മാണം, ബെംഗളൂരുവിലെ ആര്‍.എസ്.എസ്. നേതാവ് രുദ്രേഷിന്റെ കൊലപാതകം, ഇസ്!ലാമിക് സ്‌റ്റേറ്റ് അല്‍ഹിന്ദിയോടൊപ്പം ചേര്‍ന്ന് ദക്ഷിണേന്ത്യയില്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യല്‍ തുടങ്ങിയവയാണ് എന്‍.ഐ.എ.യുടെ റിപ്പോര്‍ട്ടില്‍ പോപ്പുലര്‍ ഫ്രണ്ടിനെതിരേ ഉന്നയിക്കുന്ന ആരോപണങ്ങള്‍.

ഇക്കാരണങ്ങളാല്‍ യു.എ.പി.എ. പ്രകാരം പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കാന്‍ സാധിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥന്‍ വാര്‍ത്താ ഏജന്‍സിയോട് വ്യക്തമാക്കി. പോപ്പുലര്‍ ഫ്രണ്ടിന്റെ പങ്ക് വ്യക്തമാക്കുന്ന രേഖകള്‍ റിപ്പോര്‍ട്ടിലുണ്ടെന്നും സര്‍ക്കാരിന് ഇക്കാര്യത്തില്‍ കാഴ്ചക്കാരായി നില്‍ക്കാനാവില്ലെന്നും നടപടിയെടുക്കാന്‍ വൈകിക്കൂടെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, നിരോധനമടക്കമുള്ള കാര്യങ്ങളാണോ സ്വീകരിക്കുകയെന്ന കാര്യം അദ്ദേഹം വ്യക്തമാക്കിയില്ല.

Related posts