പ്രാര്‍ഥിക്കാന്‍ എന്തൊക്കെ കാരണങ്ങള്‍ !ക്ഷേത്ര ഭണ്ഡാരത്തില്‍ പ്രണയ സാക്ഷാത്ക്കാരത്തിനായി ദൈവത്തിനൊരു കത്ത്

ആളുകള്‍ പല കാരണങ്ങളാല്‍ ദൈവത്തോട് പ്രാര്‍ഥിക്കുന്നു. അനുഗ്രഹത്തിനായും ആശ്വാസത്തിനായും ആരോഗ്യത്തിനായും വിജയത്തിനായും വേണ്ടിയൊക്കെ പ്രാര്‍ഥിക്കാറുണ്ട്.

ചിലര്‍ ശബ്ദത്തില്‍ അപേക്ഷിക്കുമ്പോള്‍ ചിലരുടേത് നിശബ്ദ പ്രാര്‍ഥനയാണ്. എന്നാല്‍ ദൈവത്തിന് കത്തയ്ക്കുന്ന ഭക്തര്‍ അസാധാരണമായിരിക്കും.

അത്തരത്തിലൊരു സംഭവമാണ് പശ്ചിമ ഒഡീഷയിലെ സംബല്‍പൂരിലെ മാ സാമലേശ്വരി ക്ഷേത്രത്തില്‍ നടന്നത്. എല്ലാ രണ്ടുമാസത്തിലും ക്ഷേത്രത്തിന്‍റെ ഭണ്ഡാരം തുറന്ന് കാണിക്ക എണ്ണിത്തിട്ടപ്പെടുത്താറുണ്ട്.

കഴിഞ്ഞ ഞായറാഴ്ച അത്തരത്തില്‍ വഴിപാട് പെട്ടി തുറന്നവര്‍ പെെസയ്ക്കൊപ്പം ചില കത്തുകളും കാണുകയുണ്ടായി. അവയിലൊരെണ്ണം ഒരു പ്രണയിനിയുടേതായിരുന്നു.

താന്‍ സ്നേഹിക്കുന്ന രബീന്ദ്രനെ മാതാപിതാക്കളുടെ സമ്മതത്തോടെ തനിക്ക് വിവാഹം ചെയ്യാന്‍ ദേവി അനുഗ്രഹിക്കണമെന്നാണ് കത്തിലെ ഉള്ളടക്കം. കത്തില്‍ യുവതിയുടെ പേരില്ല എങ്കിലും പ്രണയ സാഫല്യത്തിനായുള്ള അപേക്ഷ നാട്ടുകാരെല്ലാം ഇപ്പോള്‍ അറിഞ്ഞിരിക്കുകയാണ്.

തന്‍റെ മകളുടെ വിജയത്തിനായി ഒരമ്മയും ദേവിക്ക് കത്ത് ഇട്ടിരുന്നു. പോരാഞ്ഞിട്ട് ബംഗാളിയിലും ഹിന്ദിയിലുമായി മറ്റ് ചില കത്തുകളും ഭണ്ഡാരത്തില്‍ കാണപ്പെടുകയുണ്ടായി. സംഭവം സമൂഹ മാധ്യമങ്ങിലും വൈറലായിരിക്കുകയാണ്.

ഭക്തര്‍ക്ക് ദൈവത്തോട് എത്തരത്തില്‍ വേണമെങ്കിലും പ്രാര്‍ഥന കഴിക്കാമെന്നും ഈ കത്തിടലൊന്നും തെറ്റല്ലെന്നുമാണ് ഒരു ക്ഷേത്ര ജീവനക്കാന്‍ അഭിപ്രായപ്പെട്ടത്.

Related posts

Leave a Comment