ടി.ജെ. ജോസഫിന്‍റെ കൈപ്പത്തി​​​ വെ​​​ട്ടി​​​മാറ്റിയ കേസ്; മൂന്നുപ്രതികൾക്ക് ജീവപര്യന്തം; നാലുലക്ഷം രൂപപിഴയും

കൊ​​​ച്ചി:​ ചോദ്യപേപ്പറിലെ മതനിന്ദ ആരോപിച്ച് തൊടുപുഴ ന്യൂമാൻ കോളജ് അ​​​ധ്യാ​​​പ​​​ക​​​നായിരുന്ന ടി.ജെ. ജോസഫിന്‍റെ കൈപ്പത്തി​​​ വെ​​​ട്ടി​​​മാറ്റിയ കേസിലെ മൂന്നു പ്രതികൾക്ക് ജീവപര്യന്തം തടവ്. ര​ണ്ടാം​പ്ര​തി സ​ജ​ൽ, മൂ​ന്നാം​പ്ര​തി നാ​സ​ർ, അ​ഞ്ചാംപ്ര​തി ന​ജീ​ബ് എ​ന്നി​വ​രെ​യാ​ണ് കൊ​ച്ചി​യി​ലെ എ​ൻ​ഐ​എ കോ​ട​തി​ ജീവപര്യന്തം തടവിന് ശി​ക്ഷിച്ചത്.

കേസിലെ ഒമ്പതാംപ്രതി നൗഷാദ്, പതിനൊന്നാംപ്രതി മൊയ്തീൻ കുഞ്ഞ്, പന്ത്രണ്ടാംപ്രതി അയൂബ് എന്നിവർക്ക് മൂന്നുവ​ര്‍​ഷം ത​ട​വും കോ​ട​തി വി​ധി​ച്ചു. പ്രതികൾ നാലുലക്ഷം രൂപ പിഴ ശിക്ഷയായി ടി.ജെ. ജോസഫിന് നൽകണമെന്നും കോടതി വിധിച്ചു.

ര​ണ്ടാം​ഘ​ട്ട വി​ചാ​ര​ണ​യു​ടെ വി​ധി പ്ര​സ്താ​വ​മാ​ണ് കൊ​ച്ചി​യി​ലെ എ​ന്‍​ഐ​എ കോ​ട​തി​യി​ല്‍ ഇന്ന് ന​ട​ന്ന​ത്. പ്ര​തി​ക​ൾ കു​റ്റ​ക്കാ​രാ​ണെ​ന്ന് ബു​ധ​നാ​ഴ്ച കോ​ട​തി ക​ണ്ടെ​ത്തി​യി​രു​ന്നു. കേ​സി​ല്‍ ഭീ​ക​ര​പ്ര​വ​ര്‍​ത്ത​നം തെ​ളി​ഞ്ഞെ​ന്നു വ്യ​ക്ത​മാ​ക്കി​യ കോ​ട​തി, ഗൂ​ഢാ​ലോ​ച​ന, ആ​യു​ധം കൈ​വ​ശം വ​യ്ക്ക​ല്‍, ഒ​ളി​വി​ല്‍ പോ​കാ​ന്‍ സ​ഹാ​യി​ക്ക​ല്‍, ആ​യു​ധം​കൊ​ണ്ട് ആ​ക്ര​മി​ക്ക​ല്‍ തു​ട​ങ്ങി​യ വ​കു​പ്പു​ക​ളും ക​ണ്ടെ​ത്തിയിരുന്നു.

വി​ചാ​ര​ണ നേ​രി​ട്ട അ​ഞ്ചു പ്ര​തി​ക​ളെ കോടതി വെ​റു​തെ വി​ടുകയും ചെയ്തിരുന്നു. ഷ​ഫീ​ഖ്, അ​സീ​സ്, സു​ബൈ​ര്‍, മു​ഹ​മ്മ​ദ് റാ​ഫി, മ​ന്‍​സൂ​ര്‍ എ​ന്നി​വ​രെ​യാ​ണ് വെ​റു​തെ വി​ട്ട​ത്.

2010 ജൂ​ലൈ നാ​ലി​നാ​ണു തൊ​ടു​പു​ഴ ന്യൂ​മാ​ന്‍ കോ​ള​ജി​ലെ പ്ര​ഫ​സ​ര്‍ ടി.​ജെ. ജോ​സ​ഫി​ന്‍റെ കൈ ​വെ​ട്ടി​യ​ത്. നി​രോ​ധി​ത സം​ഘ​ട​ന​യാ​യ പോ​പ്പു​ല​ര്‍ ഫ്ര​ണ്ട് ആ​സൂ​ത്ര​ണം ചെ​യ്തു ന​ട​പ്പാ​ക്കി​യ കൃ​ത്യ​മാ​ണെ​ന്നാ​യി​രു​ന്നു എ​ന്‍​ഐ​എ ക​ണ്ടെ​ത്ത​ല്‍.

ആ​ദ്യ​ഘ​ട്ട വി​ചാ​ര​ണ​യി​ല്‍ 31 പേ​രി​ല്‍ 13 പേ​രെ കോ​ട​തി ശി​ക്ഷി​ക്കു​ക​യും 18 പേ​രെ വെ​റു​തെ വി​ടു​ക​യും ചെ​യ്തി​രു​ന്നു. പ്രാ​ഥ​മി​ക ഘ​ട്ട​ത്തി​ല്‍ കേ​ര​ള പോ​ലീ​സ് അ​ന്വേ​ഷി​ച്ച കേ​സ് 2011 മാ​ര്‍​ച്ച് ഒ​മ്പ​തി​നാ​ണ് എ​ന്‍​ഐ​എ ഏ​റ്റെ​ടു​ത്ത​ത്.

Related posts

Leave a Comment