പ്രധാനമന്ത്രിയുടെ ആരോഗ്യരഹസ്യം കിലോയ്ക്ക് 30,000 രൂപയുടെ കൂണ്‍ തന്നെയോ? ഹിമാചലും കൂണും സൂപ്പര്‍ഹിറ്റ്

modi 2മന്‍ കി ബാത്തിലൂടെ ജനങ്ങളെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി നരേന്ദ്രമോദി നോട്ട് പ്രതിസന്ധി മറികടക്കാന്‍ സൗജന്യമായി ലഭിക്കുന്ന സ്ഥലങ്ങളില്‍ നിന്ന് ഭക്ഷണം കഴിച്ചോളാന്‍ ജനങ്ങളോട് ആവശ്യപ്പെട്ടത് ഏറെ പ്രതിഷേധങ്ങള്‍ക്കിട നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് പ്രധാനമന്ത്രിയുടെ മെനു കണ്ടെത്തി ചില വിരുതന്മാര്‍ രംഗത്തെത്തിയത്. മോദിയുടെ ആരോഗ്യത്തിന്റെ രഹസ്യം പൊക്കിയെടുത്ത് അവര്‍ ചര്‍ച്ചയാക്കുകയും ചെയ്തു.

പതിനാറു മുതല്‍ 18 മണിക്കൂര്‍ വരെയാണ് മോദി ജോലി ചെയ്യുന്നതെന്ന് ഇതിന് മുമ്പ് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇത്തരത്തില്‍ വിശ്രമമില്ലാതെ ജോലി ചെയ്യുന്നതിന്റെ രഹസ്യം യോഗയും ഡയറ്റും മാത്രമല്ല, ഹിമാചല്‍ പ്രദേശില്‍ വളരുന്ന പ്രത്യേകതരം കൂണുകള്‍ കഴിക്കുന്നതുകൊണ്ടാണ് എന്നാണ് പുതിയ കണ്ടെത്തല്‍. ജനങ്ങളോട് സൗജന്യ ഭക്ഷണം കഴിക്കാന്‍ ആഹ്വാനം ചെയ്ത പ്രധാനമന്ത്രി കഴിക്കുന്ന ഈ കൂണിന് കിലോഗ്രാമിന് 30,000 രൂപയാണ് വില.

ഹിമാചല്‍ പ്രദേശില്‍ ബിജെപിയുടെ ദേശീയ സെക്രട്ടറിയായി പാര്‍ട്ടിപ്രവര്‍ത്തനം നടത്തുന്ന കാലംതൊട്ടേ മോദി ഈ കൂണ്‍ ശീലമാക്കിയിരുന്നു. ഉണക്കി വില്‍പ്പനയ്ക്ക് വയ്ക്കുന്ന ഈ കൂണുകള്‍ ഹിമാചല്‍ പ്രദേശിലെ ആളുകളുടെ പ്രധാന വരുമാന മാര്‍ഗമാണ്. സൗജന്യമായി കിട്ടുന്ന ഭക്ഷണം കഴിച്ച് മുന്നോട്ട്് പോകുക, ചില്ലറ പ്രതിസന്ധിയെ മറികടക്കാന്‍ സംഘമായി പോയി സാധനങ്ങള്‍ വാങ്ങുക എന്നിങ്ങനെയൊക്കെയാണ് മോദി മന്‍ കി ബാത്തിലൂടെ പറഞ്ഞിരുന്നത്. ഇപ്പോള്‍ ഭക്ഷണരീതിയും കൂടി പുറത്തായ സ്ഥിതിക്ക് അദ്ദേഹത്തിന് ഇനിയും ഏറെ ട്രോളുകള്‍ക്ക് വിധേയനാകേണ്ടി വരും എന്നതില്‍ സംശയമില്ല.

Related posts